തിരുവനന്തപുരം: സിപിഎം സമ്മേളനങ്ങൾ ആഘോഷ പൂർവ്വം നടക്കും. ഓമിക്രോൺ വ്യാപന സാഹചര്യത്തിൽ കല്യാണ, മരണാനന്തര ചടങ്ങുകളിൽ 50 പേർ മാത്രമേ പങ്കെടുക്കാവൂ എന്നു നിയന്ത്രണം വന്നെങ്കിലും സിപിഎം സമ്മേളനം അടിപൊളിയായി തന്നെ തുടരും. രാഷ്ട്രീയ പരിപാടികൾക്കു നിയന്ത്രണമില്ലാത്ത സാഹചര്യത്തിലാണ് ഇത്. ശരാശരി 300 പേർ വീതം പങ്കെടുക്കുന്ന 6 ജില്ലാ സമ്മേളനങ്ങളാണ് ഈ മാസം പൂർത്തിയാകാനുള്ളത്. മാർച്ചിൽ സംസ്ഥാന സമ്മേളനവും ഏപ്രിലിൽ പാർട്ടി കോൺഗ്രസും നടക്കും.

ഇരുമ്പു മറയിലാണ് ഇത്തവണ സമ്മേളനങ്ങൾ വാർത്തകൾ ഒന്നും ചോരരുതെന്നും നിർദ്ദേശമുണ്ട്. ഇതിനൊപ്പം മാസ്‌ക് ധരിച്ച് ആളുകൾ ചേർന്നിരിക്കുന്ന പാർട്ടി സമ്മേളനം. കണ്ണൂരിലെ പാർട്ടി കോൺഗ്രസോടെ സിപിഎമ്മിന്റെ ദേശീയ മുഖമായി പിണറായി മാറും. ബംഗാളിലും ത്രിപുരയിലും സിപിഎം തകർന്നടിഞ്ഞതിനാൽ കേരളം മാത്രമാണ് പാർട്ടിയുടെ ആശ്വാസ തുരുത്ത്. ഇവിടുത്തെ കപ്പിത്താനാണ് പിണറായി. അതുകൊണ്ടു തന്നെ കണ്ണൂരിൽ എല്ലാത്തിലും അന്തിമ വാക്ക് പിണറായി ആയിരിക്കും. ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുള്ള പ്രധാന്യം പോലും ഇനി ഉണ്ടാകാനും ഇടയില്ല. അതുകൊണ്ട് കൂടിയാണ് കോവിഡിലും സമ്മേളനം തുടരുന്നത്.

കല്യാണ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം കുറച്ചതു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗമാണ്. രാഷ്ട്രീയ പരിപാടികൾ അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഓൺലൈനായി നടത്തണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ അത്യാവശ്യ സന്ദർഭങ്ങളിൽ നേരിട്ടു നടത്താം. അകലം ഉറപ്പാക്കണമെന്നും പൊതുയോഗം ഒഴിവാക്കണമെന്നുമാണു നിബന്ധന. എന്നാൽ ജില്ലാ സമ്മേളനങ്ങളൊന്നും ഓൺലൈനായി നടത്താൻ സിപിഎം തീരുമാനിച്ചിട്ടില്ല. പൊതുസമ്മേളനം ഒഴിവാക്കുന്നുമില്ല. പ്രതിനിധികളുടെ എണ്ണം കുറച്ചും അകലം പാലിച്ചും നടത്താനാണു പാർട്ടി തീരുമാനം.

ഉത്തരേന്ത്യയിൽ ആകെ സ്‌കൂളുകളും കോളേജും അടച്ചു. കേരളത്തിൽ ടിപിആർ ഉയർന്നു നിൽക്കുന്നു. അപ്പോഴും സ്‌കൂളും കോളേജും അടയ്ക്കുന്നുമില്ല. സാധാരണക്കാരുടെ ജീവിത മാർഗ്ഗങ്ങൾ വഴി മുട്ടിക്കാത്തെ നിരത്തിൽ ആളു കുറയ്ക്കുന്ന നടപടികൾ വേണം ഈ ഘട്ടത്തിൽ എടുക്കാൻ. സ്‌കൂളുകളും സർക്കാർ ഓഫീസുകളും നിയന്ത്രണത്തിന്റെ പരിധിയിൽ കൊണ്ടു വരിക അനിവാര്യതയാണ്. ഇത്തരം നിയന്ത്രണങ്ങൾ പോലും സർക്കാർ ഏർപ്പെടുത്താത്തത് പാർട്ടി സമ്മേളനകാലം കാരണമാണ്. അടച്ചിടൽ ശക്തമായാൽ സമ്മേളനങ്ങളിൽ അത് പ്രതിസന്ധിയായി മാറും. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങൾ പേരിലേക്ക് കേരളത്തിൽ തൽകാലം ഒതുങ്ങും.

തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് അടുത്ത ദിവസം ചികിൽസയ്ക്ക് പിണറായി അമേരിക്കയിലേക്ക് പോകും. ഈ രണ്ടാഴ്ച നിയന്ത്രണം കൂടുതലുണ്ടാകുമെന്ന സൂചനകളും പുറത്തു വരുന്നു. മാർച്ചിൽ എറണാകുളത്താണ് പാർട്ടി സമ്മേളനം. അതിന് മുമ്പ് ചെറിയ തോതിൽ രോഗ വ്യാപനത്തെ പിടിച്ചു നിർത്താനാണ് ഇതിലൂടെ ശ്രമിക്കുക. സിപിഎം പ്രതിനിധികളുടെ എണ്ണം കുറച്ചിട്ടുണ്ടെന്നതു വസ്തുതയാണ്. എന്നാൽ കല്യാണ, മരണാനന്തര ചടങ്ങുകളിൽ അനുവദിക്കുന്നതിന്റെ ആറിരട്ടിയെങ്കിലും ആളുകളെ പങ്കെടുപ്പിച്ചാണു ജില്ലാ സമ്മേളനങ്ങൾ നടത്തുന്നത്. പൂർണമായും അടച്ചിട്ട സ്ഥലത്താണിതെന്ന പ്രത്യേകതയുമുണ്ട്.

കാസർകോട്, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ സമ്മേളനങ്ങളാണു പൂർത്തിയാകാനുള്ളത്. കോഴിക്കോട്ട് ഇന്നലെ ആരംഭിച്ച സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളടക്കം 250 പ്രതിനിധികളുണ്ട്. പുറമേ, ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിന്റെ ചുമതലയുള്ള സെക്രട്ടേറിയറ്റ് അംഗങ്ങളുമുണ്ട്; വൊളന്റിയർമാർ വേറെയും. നാളെ കോഴിക്കോട് കടപ്പുറത്തു പൊതുസമ്മേളനവുമുണ്ട്.

തിരുവനന്തപുരത്ത് 14നു തുടങ്ങുന്ന സമ്മേളനത്തിൽ പ്രതിനിധികൾ മാത്രം 198 പേരുണ്ട്. മാർച്ച് ആദ്യവാരം എറണാകുളത്തു സംസ്ഥാന സമ്മേളനത്തിൽ ജില്ലാ സമ്മേളന പ്രതിനിധികളുടെ ഇരട്ടിപ്പേർ പങ്കെടുക്കും. കഴിഞ്ഞ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ 582 പ്രതിനിധികളുണ്ടായിരുന്നു. പാർട്ടി കോൺഗ്രസ് ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിലാണ്. ഓമിക്രോൺ വ്യാപനം എത്ര തീവ്രമായാലും ഏപ്രിൽ രണ്ടാം വാരത്തിനുശേഷമേ രാഷ്ട്രീയ പരിപാടികൾക്കു നിയന്ത്രണമുണ്ടാകൂ എന്ന വിമർശനമാണുയരുന്നത്.

അതിനിടെ സംസ്ഥാനത്തു സ്‌കൂളുകൾ അടച്ചിടേണ്ട സാഹചര്യമില്ലെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഓമിക്രോൺ സാഹചര്യത്തിൽ വിദഗ്ധസമിതി പുതിയ ശുപാർശ നൽകിയാൽ പരിഗണിക്കും. 1518 പ്രായത്തിലെ കുട്ടികളുടെ വാക്‌സിനേഷൻ ഈ ആഴ്ച പൂർത്തിയാക്കണമെന്നു കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തി വാക്‌സിനേഷൻ നൽകുന്ന കാര്യം പരിശോധിക്കും.