കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിന്റെ കരുത്ത് ഗാന്ധി കുടുംബമാണ്. നേതൃത്വത്തിൽ ഗാന്ധി കുടുംബം ഇല്ലാതിരുന്ന കാലയളവിൽ കോൺഗ്രസിന്റെ അവസ്ഥ എന്തായിരുന്നു എന്ന് പരിശോധിച്ചാൽ മാത്രം മതി ഗാന്ധി കുടുംബത്തിന്റെ പ്രസ്‌ക്തി തിരിച്ചറിയാൻ . കോൺഗ്രസിനെ നശിപ്പിക്കാൻ , രാജ്യത്തിന്റെ മതേതരത്വം നശിപ്പിക്കാൻ സംഘ പരിവാർ ശക്തികൾ രാജ്യം ഉണ്ടായ കാലം മുതലേ ശ്രമിച്ചു കൊണ്ടിരുന്നു. കോൺഗ്രസ് വിരുദ്ധ ശക്തികളെ കൂട്ടിയിണക്കി കോൺഗ്രസിനെതിരെ കൂട്ടുകെട്ടുണ്ടാക്കി കോൺഗ്രസിനെ തോൽപിക്കാൻ ഇവർ എല്ലാ കാലത്തും പരിശ്രമിച്ചു കൊണ്ടിരുന്നു. ഒരു കാലത്ത് എ.ബി വാജ്‌പേയ് എന്ന ബിജെപി നേതാവിന്റെ കരുത്ത് ഇ എം എസ് ശങ്കരൻ നമ്പൂതിരിപ്പാട് എന്ന കമ്യൂണിസ്റ്റ് നേതാവായിരുന്നു.

അവർ വേഷം മാറി പല കാലഘട്ടങ്ങളിൽ പല രീതിയിൽ യോജിക്കും. കാരണം അവരുടെ രാഷ്ട്രിയത്തിന്റെ മുഖ്യ ശത്രു കോൺഗ്രസാണ്. അതുകൊണ്ടാണ് അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ നരേന്ദ്ര മോദിയെ പോലെ പിണറായി വിജയനും സന്തോഷിച്ചത്. ഏതു നിമിഷവും അതി ശക്തമായി തിരിച്ചു വരാൻ കോൺഗ്രസിന് കഴിയുമെന്ന് സംഘ പരിവാർ ശക്തികൾക്ക് നല്ല ബോധ്യമുണ്ട്. കോൺഗ്രസിന്റെ ചരിത്രമാണ് നരേന്ദ്ര മോദിയെ പേടിപ്പെടുത്തുന്നതും. കോൺഗ്രസിന് എക്കാലത്തും കരുത്തായ ഗാന്ധി കുടുംബത്തിന് നേരെ അക്രമം അഴിച്ചു വിടുന്നത് ഇതിന്റെ ഭാഗമാണ്.

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസിനെ വിജയിപ്പിക്കാൻ അഹോരാത്രം ജോലി ചെയ്തവരാണ്. കെ.എസ് യു. പ്രസിഡണ്ട് , യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് , സംസ്ഥാന മന്ത്രി, കേന്ദ്ര മന്ത്രി തുടങ്ങിയ വിവിധ പദവികൾ വഹിച്ച സുദീർഘമായ രാഷ്ട്രിയ പാരമ്പര്യമുള്ള നേതാവാണ് എ ഐ സി സി യുടെ ഊർജസ്വലനായ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ .

ഒരു നിമിഷം പോലും വിശ്രമിക്കാതെയാണ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും തങ്ങളുടെ ജോലി ചെയ്തത്. ഓരോ സംസ്ഥാനത്തെയും തോൽവികൾക്ക് ഓരോ കാരണങ്ങൾ ഉണ്ടാകും. അത് പരിശോധിച്ച് കാര്യങ്ങൾ വിലയിരുത്തി പരിഹരിക്കാൻ കോൺഗ്രസിന് സംവിധാനമുണ്ട്. അത് പരിഹരിക്കുക തന്നെ ചെയ്യും. ഓരോ അഞ്ചു വർഷവും ഭരണം മാറുന്ന കേരളത്തിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റത് കോൺഗ്രസ് ഹൈക്കമാണ്ടിന്റെ കുഴപ്പം കൊണ്ടായിരുന്നില്ല. ജയിക്കാൻ വേണ്ടി എല്ലാ സഹായങ്ങളും കോൺഗ്രസ് ഹൈക്കമാണ്ട് ചെയ്തു എന്ന് അന്ന് തെരഞ്ഞെടുപ്പ് അടുത്ത് നിന്ന് നിരിക്ഷിച്ച ആൾ എന്ന നിലയിൽ എനിക്ക് നിസംശയം പറയാൻ സാധിക്കും.

സംസ്ഥാനത്തിന്റെ തോൽവിയുടെ കാരണം മനസിലാക്കി സംസ്ഥാനത്ത് പാർട്ടിയേയും യു.ഡി എഫിനേയും ചലനാത്മകമാക്കാൻ കോൺഗ്രസ് ഹൈക്കമാന്റിന് കഴിഞ്ഞു എന്ന് സംസ്ഥാനത്ത ഇന്നത്തെ കോൺഗ്രസിന്റേയും യു.ഡി എഫിന്റേയും അവസ്ഥ പരിശോധിച്ചാൽ മനസിലാകും. തോൽവിയുടെ കാരണം പരിശോധിച്ച് ഹൈക്കമാന്റ് പ്രവർത്തിക്കും, കോൺഗ്രസ് അതിശക്തമായി തിരിച്ചു വരുക തന്നെ ചെയ്യും. സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസിന്റെ നെടു തൂണുകളായ ഗാന്ധി കുടുംബത്തേയും സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരേയും അധിക്ഷേപങ്ങൾ നടത്തുന്നത് സംഘ പരിവാർ ശക്തികളും കോൺഗ്രസ് വിരുദ്ധരും ആണ്.

കോൺഗ്രസ് അണികളിൽ വളരെ ചെറിയൊരു വിഭാഗവും കോൺഗ്രസ് നേതൃത്വത്തെ അപമാനിക്കുന്ന വിധത്തിൽ കുറിപ്പുകളും പോസ്റ്ററുകളുമായി രംഗത്ത് വരുന്നുണ്ട് എന്ന് മാധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ടു. കോൺഗ്രസിനെ തകർക്കാനുള്ള സംഘ പരിവാർ ശക്തികളുടെ കെണിയിൽ പെട്ടു പോകരുത് എന്നാണ് എനിക്ക് അവരോട് പറയാനുള്ളത്.

സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കരുത്ത് പകരേണ്ടത് ഓരോ കോൺഗ്രസ് പ്രവർത്തന്റേയും കടമയാണ്. ബ്രിട്ടിഷുകാരിൽ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം നേടി കൊടുത്ത മഹാപ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഈ പ്രതിസന്ധി കാലഘട്ടവും നിഷ്പ്രയാസം കടക്കാൻ കഴിയും. സംഘ പരിവാർ ശക്തികളിൽ നിന്ന് രാജ്യത്തെ രക്ഷിച്ച് തങ്ങളുടെ കടമ നിർവഹിക്കാൻ കോൺഗ്രസ് തിരിച്ചു വരിക തന്നെ ചെയ്യും. സംഘ പരിവാർ അജണ്ട പ്രചരിപ്പിക്കുന്ന ചാനൽ തങ്ങളുടെ തെറ്റ് തിരുത്തി കോൺഗ്രസിനോടു ചേർന്ന് നിൽക്കുന്ന രാഷ്ട്രിയം പറയുന്ന കാലമാണ് ഇനി വരാൻ പോകുന്നത്.

സ്വാതന്ത്ര്യ സമര പോരാട്ട വീര്യമുള്ള കോൺഗ്രസ് പാർട്ടി ഗാന്ധി തലമുറയുടെ പിന്മുറക്കാരായ രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും കീഴിൽ രാജ്യം ഭരിക്കുന്ന കാലം അതിവിദൂരമല്ല.

(കോൺഗ്രസ് നേതാവായ ഡോ ശൂരനാട് രാജശേഖരൻ ഫെയ്‌സ് ബുക്കിൽ എഴുതിയതാണ് ഈ കുറിപ്പ്)