തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചകൾ സിപിഎമ്മിൽ പുതിയ ചർച്ചകളാകുന്നു. ബന്ധുനിയമന വിവാദത്തിൽ അന്വേഷണം പൂർത്തിയാകാനിരിക്കെ, താൻ ഒഴിഞ്ഞ വകുപ്പുകളിൽ പകരം മന്ത്രിയെ നിശ്ചയിച്ചതിൽ ഇ.പി. ജയരാജന്റെ പ്രതിഷേധമാണ് ഇതിന് കാരണം. എംഎ‍ൽഎ. സ്ഥാനം വലിച്ചെറിയുമെന്നും പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ജയരാജൻ പൊട്ടിത്തെറിച്ചു. കോടിയേരി പിന്നിൽനിന്നു കുത്തി. പിണറായിയെ തെറ്റിദ്ധരിപ്പിച്ചു. കോടികൾ ജയരാജനെതിരേ മറിഞ്ഞു എന്നീ ആരോപണങ്ങളാണ് ഉയരുന്നത്. ജയരാജനെ പിന്തുണച്ച് സെക്രട്ടറിയേറ്റിൽ പികെ ശ്രീമതിയും സംസാരിച്ചു. സംസ്ഥാന സമിതിയിൽ ജയരാജൻ പങ്കെടുത്തില്ല. ഇവിടെ ജയരാജന് വേണ്ടി സംസാരിക്കാൻ ശ്രമിച്ച ശ്രീമതിയെ കോടിയേരി അനുവദിച്ചുമില്ല.

പുതിയ മന്ത്രിയെ പ്രഖ്യാപിച്ചപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയെ നേരിട്ട് ആക്രമിച്ച്് കൊണ്ടായിരുന്നു ഇ.പിയുടെ പ്രസ്താവന. കോടിയേരിയും ബന്ധുക്കളെ നിയമിച്ചിട്ടുണ്ടെന്നും ഇങ്ങനെയാണെങ്കിൽ എംഎ‍ൽഎ സ്ഥാനവും രാജിവയ്ക്കാമെന്ന് ഇ.പി ജയരാജൻ പറഞ്ഞു. മന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണനും എ.കെ ബാലനും ബന്ധുക്കളെ സർക്കാർ പദവികളിൽ നിയമിച്ചുവെന്നാണ് ജയരാജന്റെ ആരോപണം. ഇപ്പോൾ തന്നെ മാത്രം കുറ്റക്കാരനാക്കുകയാണെന്നും ജയരാജൻ പറഞ്ഞു. പുതിയ മന്ത്രിയെ തീരുമാനിക്കുന്നതിന് മുൻപ് തന്നോട് കൂടിയാലോചിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയ ജയരാജൻ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ഇ.പി ജയരാജന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരവ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സിപിഐ(എം) പുതിയ മന്ത്രിയെ തീരുമാനിച്ചത്.

സെക്രട്ടറിയേറ്റിൽ കോടിയേരിക്ക് എതിരെയായിരുന്നു ജയരാജന്റെ ആക്രമണം. എന്നാൽ തന്നെ കൈവിട്ട മുഖ്യമന്ത്രി പിണറായി വിജയനോടുള്ള അതൃപ്തിയായിരുന്നു ഇത്. ജയരാജനും ശ്രീമതിയും നേതൃത്വവുമായി അകലുന്നത് കണ്ണൂർ സിപിഎമ്മിലെ പുതിയ സമവാക്യങ്ങൾ ഉണ്ടാക്കും. എന്നും കണ്ണൂരിൽ പിണറായിക്കായി കാര്യങ്ങൾ നീക്കിയിരുന്നത് ജയരാജനായിരുന്നു. ഈ സാഹചര്യത്തിൽ കോടിയേരി തന്നെ ഇല്ലായ്മ ചെയ്ത് കണ്ണൂരിൽ കരുത്തനാകാൻ ആഗ്രഹിക്കുന്നുവെന്നാണ് ജയരാജൻ പരോക്ഷമോയി സൂചിപ്പിക്കുന്നത്. തന്നെ കുറ്റക്കാരനാക്കി തൂക്കിലേറ്റാനാണു ചിലർ ശ്രമിക്കുന്നതെന്ന് ഇ.പി. ജയരാജൻ സെക്രട്ടേറിയറ്റ് യോഗത്തിൽ തുറന്നടിച്ചു. താൻ കുറ്റക്കാരനാണെന്നു പാർട്ടി തന്നെ പ്രഖ്യാപിക്കുമ്പോൾ പൊതുപ്രവർത്തകനായി തുടരുന്നതിൽ അർഥമില്ല. പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണ്. എംഎ‍ൽഎ. സ്ഥാനം ഉടൻ രാജിവയ്ക്കുമെന്നും പറഞ്ഞു.

പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലായിരുന്നു ഈ അഭിപ്രായ പ്രകടനങ്ങൾ. വ്യവസായ മന്ത്രിയായിരിക്കെ നടത്തിയ അഴിമതിവിരുദ്ധ നടപടികളിൽ വിറളിപൂണ്ട ചില പാർട്ടി നേതാക്കളടക്കമുള്ളവർ തന്റെ രക്തത്തിനായി ദാഹിക്കുകയാണ്.
തന്നെ വളർത്തിയ പാർട്ടിക്കു തന്നെ വേണ്ടാതായെങ്കിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതാണു നല്ലത്. എന്തു തെറ്റ് ചെയ്തിട്ടാണ് കുറ്റക്കാരനാക്കി പുറത്താക്കാൻ ശ്രമിക്കുന്നത്? ബന്ധു നിയമനവിവാദത്തിൽ വിജിലൻസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് വരാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ തന്നെ കുറ്റക്കാരനെന്നു വിധിയെഴുതി ഇല്ലാതാക്കാനാണ് ചിലർ ശ്രമിക്കുന്നത്. പാർട്ടി സെക്രട്ടറി ഇവരുടെ കെണിയിൽപ്പെടുകയായിരുന്നുവെന്നും ജയരാജൻ സെക്രട്ടേറിയറ്റിൽ തുറന്നടിച്ചു.

ജയരാജന് അനുകൂലമായ നിലപാടാണ് സീതാറാം യെച്ചൂരി സ്വീകരിച്ചത്. എന്നാൽ സെക്രട്ടേറിയറ്റിൽ പി.കെ. ശ്രീമതി ഒഴികെ എല്ലാവരും ഈ നിലപാടിനെ എതിർത്തു. ജയരാജനെ കുറ്റക്കാരനാക്കി ചാപ്പ കുത്തരുതെന്നായിരുന്നു ശ്രീമതിയുടെ വാദം. തിടുക്കപ്പെട്ടുള്ള നടപടി അഴിമതിക്കാരായ കോടീശ്വരന്മാരെ സഹായിക്കാനാണെന്ന് ജയരാജനോട് അടുത്തുനിൽക്കുന്നവർ പറയുന്നു. അന്വേഷണത്തിൽ ജയരാജൻ കുറ്റവിമുക്തനായി വരുന്നതിനു മുമ്പുതന്നെ പുതിയ മന്ത്രിയെ തീരുമാനിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ജയരാജൻ മന്ത്രിപദത്തിൽ തിരിച്ചെത്താതിരിക്കാൻ ഒരു പ്രമുഖ നേതാവിനു രണ്ടു കോടി രൂപയാണ് ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മുൻ എം.ഡി. നൽകിയത്. മറ്റൊരു നേതാവിന്റെ ഭാര്യയ്ക്ക് ഇദ്ദേഹം ആഡംബര കാർ നൽകി.

സംസ്ഥാന സമിതി യോഗത്തിൽ സംസാരിക്കാനൊരുങ്ങിയ പി.കെ ശ്രീമതിയെ കോടിയേരി തടഞ്ഞു. സംസ്ഥാന സമിതിയിൽ ചില കാര്യങ്ങൾ വ്യക്തമാക്കാൻ ഇ.പി. ജയരാജൻ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന വിശദീകരണത്തോടെ സംസാരിക്കാനൊരുങ്ങവേയാണു ശ്രീമതിയെ കോടിയേരി വിലക്കിയത്. സഖാവിനു പറയേണ്ടതെല്ലാം സെക്രട്ടേറിയറ്റിൽ സംസാരിച്ചതാണല്ലോ എന്നും ഇവിടെ സംസാരിക്കാൻ ഇതു ചർച്ചയല്ലെന്നും കോടിയേരി വ്യക്തമാക്കി. രാവിലെ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ജയരാജനെ ന്യായീകരിച്ചു പി.കെ. ശ്രീമതി മാത്രമാണു സംസാരിച്ചത്.

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ചു സ്ഥാനമൊഴിഞ്ഞ ജയരാജനോടു സൂചിപ്പിക്കാത്തതു മോശമായിപ്പോയി. ഇതിനുമാത്രം എന്തു അപരാധമാണ് ജയരാജൻ ചെയ്തത്? കഴിഞ്ഞ ഇടതു സർക്കാരുകളുടെ കാലത്തും ബന്ധുക്കൾക്കു നിയമനം നൽകിയിട്ടുണ്ട്. ഇ.പി. അഴിമതിയൊന്നും ചെയ്തിട്ടില്ല. അന്വേഷണം പൂർത്തിയായ ശേഷം രാഷ്ട്രീയ മാന്യതയോടെ തന്റെ നിലപാട് വ്യക്തമാക്കാൻ ജയരാജന് അവസരമൊരുക്കണമായിരുന്നെന്നും ശ്രീമതി സെക്രട്ടേറിയേറ്റിൽ പറഞ്ഞു.