തിരുവനന്തപുരം: പ്രവർത്തിക്കാത്ത അംഗങ്ങൾക്ക് പാർട്ടി അംഗത്വം സിപിഐ(എം) ഇനി പുതുക്കിക്കൊടുക്കില്ല. 31നു അവസാനിക്കുന്ന അംഗത്വ പരിശോധനയിൽ ഈ നിർദ്ദേശം നടപ്പാക്കാൻ തുടങ്ങി.

ഇങ്ങനെ വിലയിരുത്തുന്ന അംഗത്തെ വിളിച്ചുവരുത്തി വിശദീകരണംകൂടി കേട്ടശേഷം അംഗത്വം ആവശ്യമെങ്കിൽ മാത്രം പുതുക്കുകയോ അല്ലെങ്കിൽ ഒഴിവാക്കുകയോ ചെയ്യാനാണു സംസ്ഥാന കമ്മിറ്റി നിർദ്ദേശം. മദ്യപാനം, റിയൽ എസ്റ്റേറ്റ് ബിസിനസ് എന്നിവയിലേർപ്പെട്ടിരിക്കുന്നവരെയും അംഗത്വം പുതുക്കലിനു പരിഗണിക്കില്ല. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതിൽ നിന്നു പിന്മാറാൻ തയാറല്ലെന്നു കണ്ടവരെ മാറ്റിനിർത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിഷ്‌ക്രിയ അംഗങ്ങൾ കൂടുന്നതു കണക്കിലെടുത്താണു നടപടി. ലെവി അടച്ചു പാർട്ടി അംഗത്വം പേരിനു മാത്രം നിലനിർത്തുന്നവരുണ്ട്. പുതുക്കൽ സമയത്തു കൃത്യമായി അംഗത്വം പുതുക്കും. എന്നാൽ പ്രവർത്തനത്തിൽ സജീവമാവുകയില്ല. ഇങ്ങനെയുള്ളവരെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. ഓരോ ബ്രാഞ്ചും മാസത്തിൽ മൂന്നുതവണയെങ്കിലും കൂടണം എന്നുണ്ട്. ഒരു യോഗത്തിൽപ്പോലും പങ്കെടുക്കാത്തവർക്ക് അംഗത്വം നൽകില്ല.

അതിനാൽ മേൽകമ്മിറ്റിയിലുള്ള ഒരാൾ പങ്കെടുക്കുന്ന യോഗത്തിലേക്ക് അയാളെ വിളിച്ചുവരുത്തി വിട്ടുനിൽക്കുന്നതിന്റെ കാരണം ആരായും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഒഴിവാക്കും. തീരുമാനം കർശനമായി നടപ്പാക്കിയാൽ എല്ലാ ജില്ലകളിലും ഏറെ പേർ അംഗത്വത്തിൽ നിന്നൊഴിവാകും. ഇത്തരക്കാർക്കു പകരം അനുഭാവി ഗ്രൂപ്പിൽ നിന്നും കാൻഡിഡേറ്റ് അംഗവിഭാഗത്തിൽ നിന്നും പ്രവർത്തനക്ഷമമായവരെ മാത്രം കൊണ്ടുവരും.

ഒരാൾ ഒരു പദവി നടപ്പാക്കുന്നതും ഇതിനൊപ്പമാണ്. സർക്കാരിന്റെ പദവികളിലേക്കു വന്നവർ നേരത്തെ പാർട്ടി തലത്തിൽ ലഭിച്ച ബാങ്ക് പ്രസിഡന്റ് പോലുള്ള പദവികൾ രാജിവയ്ക്കണം. ഏരിയാ സെക്രട്ടറിമാർ മറ്റൊരു ദൗത്യത്തിലും ഏർപ്പെടാൻ പാടില്ല. ലോക്കൽ സെക്രട്ടറിമാർ അതതു ലോക്കൽ പ്രദേശത്തു തന്നെ ജോലി ചെയ്യുന്നവരാകണമെന്നും നിഷ്‌കർഷിച്ചു.

എല്ലാ ജില്ലകളിലും നാലു സംസ്ഥാനസെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന സംഘടനാ ചർച്ചകളിൽ തീരെ പ്രവർത്തനക്ഷമമല്ലാത്ത ഏരിയാ, ലോക്കൽ കമ്മിറ്റികളിൽ അഴിച്ചുപണിക്കും നിർദേശിച്ചിട്ടുണ്ട്.