തിരുവനന്തപുരം: പുതിയ ഏരിയ കമ്മിറ്റികളെ തിരഞ്ഞെടുക്കുമ്പോൾ 40 വയസ്സിൽ താഴെയുള്ള രണ്ടുപേരെയും പട്ടികവിഭാഗ, ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ളവരെയും ഉറപ്പാക്കണമെന്നു സി.പി.എം സംസ്ഥാന കമ്മിറ്റി നിർദ്ദേശം. പാർട്ടിയുടെ ബ്രാഞ്ച് സമ്മേളനങ്ങളുടെ ഉദ്ഘാടനം കുടുംബ സംഗമങ്ങളായി സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അടുത്ത മാസമാണ് പാർട്ടി സമ്മേളനം തുടങ്ങുന്നത്.

പതിനഞ്ചിലേറെ അംഗങ്ങളുള്ള ബ്രാഞ്ചുകൾ സമ്മേളനത്തോടനുബന്ധിച്ചു വിഭജിച്ചു രണ്ടാക്കണം. ക്ഷണക്കത്ത് അച്ചടിച്ച് എല്ലാ പാർട്ടി കുടുംബാംഗങ്ങളെയും ഉദ്ഘാടന സമ്മേളനത്തിനു വിളിക്കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്ത്രീകളെ പാർട്ടിയുമായി അടുപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ബൂത്തുകൾ കേന്ദ്രീകരിച്ചു കോൺഗ്രസ് ഇന്ദിരാ കുടുംബസംഗമങ്ങൾ നടത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ നീക്കം.

ഏരിയ കമ്മിറ്റികളിൽ 11-17 അംഗങ്ങളെ ഉൾപ്പെടുത്താമെന്നാണു നിർദ്ദേശം. ജില്ലാ കമ്മിറ്റിയുടെ പ്രത്യേകാനുമതിയുണ്ടെങ്കിൽ 19 വരെയാകാം. ലോക്കൽ കമ്മിറ്റികളിൽ ഇത് 9-13. സ്ത്രീകൾ, പട്ടികജാതിവർഗം, ന്യൂനപക്ഷ വിഭാഗങ്ങൾക്കു പ്രാതിനിധ്യമുണ്ടാകണം. പാർട്ടി അംഗസംഖ്യ വർധിക്കുന്നതനുസരിച്ചു ന്യൂനപക്ഷ പ്രാതിനിധ്യം ഉണ്ടാകുന്നുവെന്ന് ഉറപ്പാക്കാാണ് നീക്കം. സംസ്ഥാന കമ്മിറ്റി വരെ ഇതു ബാധകമായിരിക്കും.

ലോക്കൽ സമ്മേളനങ്ങളിൽ 50-75 പ്രതിനിധികളാകാം. ഏരിയ സമ്മേളനങ്ങളിൽ 100-150. ജില്ലാ സമ്മേളന പ്രതിനിധികളുടെ എണ്ണവും നിശ്ചയിച്ചു. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂരിലെ ജില്ലാ സമ്മേളനത്തിലായിരിക്കും പ്രതിനിധികളും കൂടുതൽ 447. കുറവ് വയനാട്ടിൽ179. കാസർകോട്257, കോഴിക്കോട്351, മലപ്പുറം 294, പാലക്കാട്331, തൃശൂർ357, എറണാകുളം354, ഇടുക്കി275, കോട്ടയം257, ആലപ്പുഴ340, പത്തനംതിട്ട235, കൊല്ലം365, തിരുവനന്തപുരം358 എന്നിങ്ങനെയും നിശ്ചയിച്ചു.