- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
1983ൽ ബോംബ് എറിഞ്ഞപ്പോൾ അധികാരത്തിലുണ്ടായിരുന്നത് ലീഡർ; പ്രതിസ്ഥാനത്ത് ഇന്ദിരാ കോൺഗ്രസും; 1991ലെ പൊലീസ് നടപടിക്കിടെ വെടിയുണ്ട കെട്ടിടത്തിൽ തളച്ചപ്പോഴും മുഖ്യമന്ത്രി കരുണാകരൻ; എകെജി സെന്ററിന് നേരെ മൂന്നാം ആക്രമണമുണ്ടാകുമ്പോൾ അധികാര കസേരയിൽ പിണറായിയും; സിപിഎം ഭരിക്കുമ്പോൾ എകെജി സെന്ററിൽ ആക്രമണം ഉണ്ടാകുന്നത് ഇതാദ്യം

തിരുവനന്തപുരം: സിപി എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേരെ അതിക്രമം ഉണ്ടാകുന്നത് ഇത് മൂന്നാം തവണ. ഒരിക്കൽ കോൺഗ്രസ് നേരിട്ടായിരുന്നു അക്രമം നടത്തിയതെങ്കിൽ പിന്നീട് കോൺഗ്രസ് ആശീർവാദത്തോടെ പൊലീസിനെ ഉപയോഗിച്ചും അതിക്രമമുണ്ടായെന്ന് സിപിഎം ആരോപിക്കുന്നു. ഇത്തവണത്തെ ആക്രമവും കോൺഗ്രസാണ് നടത്തിയതെന്ന് സിപിഎം ആരോപിക്കുന്നു. ആദ്യ രണ്ട് അക്രമങ്ങൾ നടക്കുമ്പോഴും കെ കരുണാകരനായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും. മതിയായ സുരക്ഷ എകെജി സെന്ററിനുണ്ടായിരുന്നു. എന്നിട്ടും അക്രമി ഒറ്റയ്‌ക്കെത്തി ബോംബെറിഞ്ഞു.
1983 ഒക്ടോബറിൽ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം നടക്കുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ എ കെ ജി സെന്റർ ആക്രമിച്ചത്. പാളയത്തെ എംഎൽഎ ക്വാർട്ടേഴ്സിൽനിന്ന് പ്രകടനമായെത്തിയ കോൺഗ്രസ് പ്രവർത്തകരായിരുന്നു അന്ന് ബോംബെറിഞ്ഞത് എന്നായിരുന്നു ആരോപണം. അന്ന് കോൺഗ്രസായിരുന്നു കേരളം ഭരിച്ചിരുന്നത്. കെ കരുണാകരനായിരുന്നു മുഖ്യമന്ത്രി. അന്ന് കോൺഗ്രസ് രണ്ടു വിഭാഗമായിരുന്നു. ഇന്ദിരാ കോൺഗ്രസിൽ കരുണാകരനും മറ്റേ ഗ്രൂപ്പിനെ നയിച്ചത് ആന്റണിയും.
1983 ഒക്ടോബർ 31 നായിരുന്നു സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് കോൺഗ്രസ് (ഇന്ദിര)-കെഎസ്‌യു പ്രവർത്തകർ ബോംബെറിഞ്ഞത്. സംസ്ഥാന സെക്രട്ടറിയറ്റ് യോഗം നടക്കവെ പകൽ 12നാണ് കോൺഗ്രസ് അക്രമികൾ ബോംബെറിഞ്ഞത്. ഒന്നല്ല, നിരവധി തവണ. എട്ടെണ്ണം എ കെ ജി സെന്ററിന്റെ മതിലിൽ തട്ടി പൊട്ടിത്തെറിച്ചു. നാലെണ്ണം പൊട്ടാതെ പൊലീസ് കണ്ടെടുത്തു. ബോംബ് കൊണ്ടുവന്ന ഭരണി റോഡരികിലെ പോസ്റ്റിന് സമീപത്തുനിന്ന് കണ്ടെടുത്തു.
മുതിർന്ന നേതാക്കളെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്തായിരുന്നു ആക്രമണം എന്ന് സിപിഎം അന്ന് ആരോപിച്ചു. എംഎൽഎ ഹോസ്റ്റലിൽനിന്ന് മുദ്രാവാക്യം വിളിക്കാതെ പ്രകടനമായി എത്തിയ അക്രമികൾ സ്പെൻസർ ജങ്ഷനിലേക്ക് കടന്നയുടൻ തിരിഞ്ഞുവന്നാണ് തുരുതുരാ ബോംബെറിഞ്ഞതെന്നായിരുന്നു ആക്ഷേപം. ബോംബെറിഞ്ഞശേഷം ഓടി രക്ഷപ്പെട്ട അക്രമികൾ അഭയംതേടിയതും കോൺഗ്രസ് എംഎൽഎമാരായ രമേശ്ചെന്നിത്തലയുടെയും ബെന്നിബഹനാന്റെയും മുറിയിലായിരുന്നു. അക്രമികൾക്ക് പിന്നാലെ ഓടിയ എകെജി സെന്റർ ഓഫീസ് ജീവനക്കാർക്ക് എംഎൽഎ ഹോസ്റ്റലിലെ റിസപ്ഷനിൽവച്ച് രണ്ടുപേരെ പിടികൂടാനായി. ഇവർ നൽകിയ വിവരമനുസരിച്ച് മുറിയിൽ കയറി വാതിലടച്ച പ്രതികൾ പിടിയിലായി.
അന്നത്തെ കെഎസ്‌യു(ഇ) ജില്ലാ സെക്രട്ടറി രവികുമാർ, വൈസ്പ്രസിഡന്റ് വേലപ്പൻ നായർ, തിരുവനന്തപുരം സിറ്റി ജനറൽ സെക്രട്ടറി ഉദയകുമാർ, എംജി കോളേജിലെ ബഷീർ, പ്രിയൻ, ഉണ്ണിക്കൃഷ്ണൻ, മണികണ്ഠൻ എന്നിവരെ ബെന്നിബഹനാന്റെ മുറിയിൽനിന്നും മോഹനൻ, ഷാജി, സേതുബാലൻ എന്നിവരെ രമേശ് ചെന്നിത്തലയുടെ മുറിയിൽനിന്നുമാണ് അറസ്റ്റ് ചെയ്തതെന്നാണ് ദേശാഭിമാനി രണ്ടു ദിവസം മുമ്പ് വാർത്ത നൽകിയത്.
1991ൽ എ കെ ജി സെന്ററിന് മുന്നിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചത് പൊലീസായിരുന്നു എന്നാണ് സിപിഎം പറയുന്നത്. പാർട്ടി നേതാക്കളെല്ലാം സെന്ററിനുള്ളിലുള്ളപ്പോൾ പൊലീസ് എ കെ ജി സെന്ററിന് നേരെ വെടിയുതിർത്തു. അക്രമത്തെ തള്ളിപ്പറയാൻ പോലും അന്ന് കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. 1983ലെ ആക്രമണത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ആക്രമണം നടന്നിരിക്കുന്നതെന്ന് സിപിഎം പറയുന്നു.
പ്രകടനമായെത്തിവർക്ക് പകരം ചാവേറുകളെ ഉപയോഗിച്ച് നടത്തിയ മിന്നലാക്രമണം എന്നും ആരോപിക്കുന്നു. പക്ഷേ ഇപ്പോൾ ഭരണത്തിലുള്ളത് സിപിഎമ്മും പിണറായി വിജയനുമാണെന്നതാണ് മറ്റൊരു യാദൃശ്ചികത.


