പത്തനംതിട്ട: ഇന്ന് പുറത്ത് വന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് ഇടതുപക്ഷം നേടിയത്. ആകെയുള്ള 39ൽ 22ലും അവർ ജയിച്ചു. ശബരിമലയിലെ യുവതി പ്രവേശന വിവാദത്തിന്റെ കാലത്തും കേരളം സിപിഎമ്മിനൊപ്പമാണെന്ന വിലയിരുത്തൽ സജീവമാകുന്ന തെരഞ്ഞെടുപ്പ് ഫലം. എന്നാൽ ശബരിമലയുൾപ്പെടുന്ന പത്തനംതിട്ടയിൽ കാര്യങ്ങൾ സിപിഎമ്മിന് അത്ര പന്തിയില്ല. എല്ലായിടത്തും തോൽവിയായിരുന്നു ഫലം. അതും സിറ്റിങ് സീറ്റുകളിൽ. ഹിന്ദു വോട്ടുകളുടെ ധ്രുവീകരണത്തിനിടയിൽ കൈ പൊള്ളുന്നത് സിപിഎമ്മിന് തന്നായണ്.

ശബരിമല വിഷയത്തിന്റെ നിഴലിൽ നിന്നു കൊണ്ട് ജില്ലയിലെ രണ്ട് തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ സിറ്റിങ് സീറ്റുകളിൽ സിപിഎം എട്ടു നിലയിൽ പൊട്ടി. ഒരിടത്ത് മൂന്നാം സ്ഥാനത്തേക്കും മറ്റൊരിടത്ത് ഏറ്റവും ഒടുവിലേക്കും പിന്തള്ളപ്പെട്ടു.

പത്തനംതിട്ട നഗരസഭ 13-ാം വാർഡിൽ കോൺഗ്രസ് വിമതനും കെഎസ്‌യു ജില്ലാ പ്രസിഡന്റുമായ അൻസർ മുഹമ്മദ് 251 വോട്ടിന് വിജയിച്ചു. ഇവിടെ സിപിഎമ്മിലെ അൻസാരി എസ്ഡിപിഐക്കും പിന്നിലായി നാലാമതാണ് ഫിനിഷ് ചെയ്തത്. പന്തളം നഗരസഭ 10-ാം വാർഡിൽ എസ്ഡിപിഐയിലെ എംആർ ഹസീന അട്ടിമറി വിജയം നേടി. ഇവിടെ സിപിഎമ്മിന്റെ സ്ഥാനാർത്ഥി റോസ്ന ബീഗം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പത്തനംതിട്ട നഗരസഭ 13-ാം വാർഡിൽ സിപിഎമ്മിലെ വിഎ ഷാജഹാൻ ആയിരുന്നു സിറ്റിങ് കൗൺസിലർ. അദ്ദേഹം അന്തരിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഷാജഹാന്റെ മകനാണ് ഇപ്പോൾ വിമതനായി വിജയിച്ച അൻസർ മുഹമ്മദ്. പിതാവ് വിജയിച്ച സീറ്റ് തനിക്ക് മൽസരിക്കാൻ നൽകണമെന്ന് കോൺഗ്രസ് നേതാവായ അൻസർ ഡിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത് മുസ്ലിം ലീഗിന്റെ സീറ്റ് ആണെന്നും അവർ വിട്ടു തന്നാൽ നൽകാമെന്നായിരുന്നു ഡിസിസി നിലപാട്. ഡിസിസി പ്രസിഡന്റ് ലീഗ് നേതൃത്വവുമായി ചർച്ച നടത്തിയെങ്കിലും അവർ വിട്ടു കൊടുത്തില്ല. ഇതോടെ അൻസർ സ്വതന്ത്രനായി പത്രിക നൽകി.

ലീഗിന്റെ സമ്മർദത്തെ തുടർന്ന് ഡിസിസി നേതൃത്വം അൻസറിനെ കോൺഗ്രസിൽ നിന്ന് ആറു മാസത്തേക്ക് പുറത്താക്കി. എന്നാൽ, കെഎസ്്യു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് അൻസർ തുടരുകയും ചെയ്തു. കോൺഗ്രസ് എ വിഭാഗമാണ് അൻസറിന് വേണ്ടി വോട്ടു തേടിയത്. ഡിസിസി പ്രസിഡന്റിന്റെ മൗനാനുവാദവും ഇതിന് പിന്നിലുണ്ടായിരുന്നു. 443 വോട്ട് അൻസറിന് ലഭിച്ചു. ലീഗിലെ കരിമാണ് രണ്ടാം സ്ഥാനത്ത് വന്നത്. 192 വോട്ടാണ് ലീഗിലെ അബ്ദുൾ കരിമിന് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 207 വോട്ട് ഇവിടെ ലീഗിന് കിട്ടിയിരുന്നു. എസ്ഡിപിഐയിലെ ബുഹാരി സലിം 163 വോട്ടോടെ മൂന്നാമതെത്തി. സിപിഎമ്മിലെ അൻസാരിക്ക് 142 വോട്ടാണ് കിട്ടിയത്.

പന്തളം നഗരസഭയിലെ പത്താം വാർഡിൽ കൗൺസിലറായിരുന്ന സിപിഎമ്മിലെ ആൻസി ബീഗം സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജി വച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 85 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആൻസി ബീഗം അന്ന് തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ എസ്ഡിപിഐയിലെ ഹസീന ഒമ്പത് വോട്ടിനാണ് ജയിച്ചത്. ശക്തമായ ത്രികോണ മൽസരം നടന്ന ഇവിടെ റസീന(യുഡിഎഫ്) രണ്ടാം സ്ഥാനത്തും രജനി(എൻഡിഎ) നാലാം സ്ഥാനത്തുമെത്തി.