ന്യൂഡൽഹി: ബംഗാളിലെ കോൺഗ്രസ് ബന്ധത്തിന്റെ പേരിൽ സിപിഎമ്മിൽ പോട്ടിത്തെറി. ബംഗാൾ ഘടകത്തിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ജംഗ്മതി സ്വാംഗാൾ പരസ്യമായി രാജി പ്രഖ്യാപിച്ചു.

ഹരിയാനയിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമാണ് ജംഗ്മതി സ്വാംഗാൾ. കേന്ദ്രകമ്മിറ്റി യോഗത്തിനിടെ പുറത്തിറങ്ങി വന്ന് വന്ന് മാദ്ധ്യമങ്ങളുടെ മുന്നിലാണ് അവർ രാജി പ്രഖ്യാപിച്ചത്. ഏറെ വൈകാരികമായാണ് ജഗ്മതി സംസാരിച്ചത്. അവരെ അനുനയിക്കാനായി ചില പാർട്ടി നേതാക്കളുടെ ശ്രമവുമുണ്ടായി. എന്നാൽ അവർ അനുനയത്തിൽ വഴങ്ങിയില്ല. അതിനിടെ വലിയ അച്ചടക്ക ലംഘനാണ് ജംഗ്മതി സ്വാംഗാൾ നടത്തിയതെന്ന വിലയിരുത്തലിലാണ് സിപിഐ(എം) നേതൃത്വത്തിനുള്ളത്.

രാഷ്ട്രീയ അടവുനയത്തിന് വിധേയമായിരുന്നില്ലെന്ന് പി.ബി.തന്നെ വിമർശിച്ചതാണ് പശ്ചിമബംഗാളിലെ കോൺഗ്രസ് സഖ്യം. കോൺഗ്രസ്സുമായി ചേർന്നുള്ള തിരഞ്ഞെടുപ്പു പരീക്ഷണത്തിൽ ബംഗാൾ ഘടകത്തിനെതിരെ അതിരൂക്ഷവിമർശമാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലെ പി.ബി യോഗത്തിലുണ്ടായത്.

അടവുനയത്തിനു വിധേയമായിരുന്നില്ലെന്ന് പി.ബി. വിലയിരുത്തിയിട്ടുള്ളതിനാൽ ബംഗാൾ ഘടകത്തെ തിരുത്താനുള്ള നടപടികളാണ് ഇന്ന് കേന്ദ്രക്കമ്മിറ്റി പരിഗണിച്ചത്. എന്നാൽ നടപടിക്ക് പകരം പരസ്യ ശാസനയുടെ രൂപത്തിലുള്ള ഒറ്റവരി പ്രമേയമാണ് ഇന്ന് കേന്ദ്രകമ്മിറ്റി യോഗത്തിൽ വന്നത്. ഇതിനെതിരെ ജഗ്മതി പ്രതികരിച്ചെങ്കിലും ആരും പിന്തുണച്ചില്ല. ഇതേത്തുടർന്നാണ് പ്രതിഷേധിച്ച് ജംഗ്മതി രാജിവച്ചത്. സിപിഎമ്മിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഇത്തരമൊരു സംഭവം. കോൺഗ്രസ് സഖ്യത്തോടുള്ള എതിർപ്പ് വ്യക്തമാക്കിയാണ് രാജി. കോൺഗ്രസുമായുള്ള സഖ്യം പാർട്ടി നയരേഖയ്ക്ക് വിരുദ്ധമാണെന്നും ബംഗാൾ ഘടകത്തിനെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.

രാഷ്ട്രീയ അടവുനയവുമായി ഒത്തുപോകുന്ന സമീപനമല്ല ബംഗാളിലുണ്ടായതെന്നു തെരഞ്ഞെടുപ്പുഫലം വന്നതിനു പിന്നാലെ ചേർന്ന പിബി വിലയിരുത്തിയിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ അതിക്രമങ്ങൾക്കെതിരെയുള്ള ഐക്യത്തെ തിരഞ്ഞെടുപ്പു സഖ്യമാക്കി വളർത്തിയതാണ് ബംഗാളിനു പറ്റിയ തെറ്റെന്നാണ് വിലയിരുത്തൽ. കോൺഗ്രസുമായി സഖ്യം ചേർന്ന് മൽസരിച്ചെങ്കിലും ബംഗാളിൽ സിപിഎമ്മിന് വൻ തകർച്ചയാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരിടേണ്ടിവന്നത്.

293 അംഗ നിയമസഭയിൽ കോൺഗ്രസ്-സിപിഐ(എം) സഖ്യത്തിന് 71 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഇതിൽ സിപിഎമ്മിന് 26, സിപിഐക്ക് ഒന്ന് എന്നിങ്ങനെയായിരുന്നു സീറ്റു നില. എന്നാൽ നിലമെച്ചപ്പെടുത്തി കോൺഗ്രസ് 44 സീറ്റുകൾ നേടി. ഇതാണ് പുതിയ പ്രശ്‌നങ്ങൾക്ക് കാരണം.