കൊൽക്കത്ത: കേന്ദ്ര സർക്കാർ പുറത്തിറക്കിയ കന്നുകാലി കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനെതിരെ കേരളത്തിലെ സി.പി.എം. നടത്തുന്ന ബീഫ് ഫെസ്റ്റിവലുകൾക്കെതിരെ പാർട്ടി ബംഗാൾഘടകം രംഗത്ത്.

കേരളത്തിൽ സി.പി.എം നടത്തുന്ന ബീഫ് ഫെസ്റ്റിവലുകൾ ബംഗാളിലെ ഭൂരിപക്ഷസമുദായത്തിന്റെ വികാരത്തെ ബാധിക്കുമെന്നതാണ് ഇതിനുകാരണമായി അവർ ഉയർത്തിക്കാട്ടുന്നത്.

കേന്ദ്രസർക്കാരും ബിജെപി.യും ചെയ്യുന്നത് ശരിയല്ല. പക്ഷേ, ബീഫ് ഫെസ്റ്റിവലോ പോർക്ക് ഫെസ്റ്റിവലോ നടത്തുകവഴി, മതേതരത്വം തെളിയിക്കാൻ മറ്റൊരാളെ ഇതുകഴിക്കാൻ നിർബന്ധിക്കുകയാണ് ചെയ്യുന്നതെന്ന് ബംഗാളിലെ മുതിർന്ന സി.പി.എം. നേതാക്കൾ പറയുന്നു.

സംസ്ഥാനസർക്കാരിന്റെ പ്രീണന രാഷ്ട്രീയംകാരണം ബംഗാളിൽ ബിജെപി. വളരെപ്പെട്ടെന്നാണ് സ്വാധീനമുണ്ടാക്കുന്നത്. ഇപ്പോൾ തങ്ങൾ ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചാൽ വർഗീയാഗ്‌നിക്ക് അത് ഇന്ധനമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ബീഫ് ഫെസ്റ്റിവലുകൾ നടത്തുന്നതിന് തങ്ങളുടെ പാർട്ടി എതിരാണെന്ന് ബംഗാളിലെ ഇടതുമുന്നണിയിലെ കക്ഷിയായ ആർ.എസ്‌പി സംസ്ഥാന സെക്രട്ടറി ക്ഷിതി ഗോസ്വാമി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ കശാപ്പ് നിയന്ത്രണത്തിനെതിരെ കേരളത്തിൽ സിപിഎമ്മും ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകൾ വ്യാപകമായി ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിനിടെയാണ് പാർട്ടി ബംഗാൾഘടകം അതിനെതിരെ നിലപാടെടുത്ത് രംഗത്തെത്തിയിരിക്കുന്നത്.