തിരുവനന്തപുരം: കഴിഞ്ഞദിവസം കോർപ്പറേഷനിൽ സി.പി.എം-ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയെന്നോണം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറും ആക്രമണവും. തലസ്ഥാനത്ത് ഇരു പാർട്ടികളും തമ്മിൽ പലയിടത്തും അക്രമങ്ങൾ അരങ്ങേറുകയാണെന്നാണ് റിപ്പോർട്ടുകൾ. കരിക്കകത്ത് ബിജെപി പ്രവർത്തരും സി.പി.എം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റിട്ടുണ്ട്. കരിക്കകത്തുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രദീപ്, അരുൺദാസ് എന്നിവർക്കാണ് വെട്ടേറ്റത്. തിരുവനന്തപുരം മേയർ വി.കെ പ്രശാന്തിനെ കഴിഞ്ഞ ദിവസം ആക്രമിച്ചതിൽ പ്രതിഷേധിച്ച് കരിക്കകത്ത് സി.പി.എം പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. പ്രകടനം കഴിഞ്ഞ് മടങ്ങിയ സി.പി.എം പ്രവർത്തകർ ബിജെപിയുടെ കൊടിമരം തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ രംഗത്തെത്തി.

ആക്രമണങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്ന സി.പി.എം ആരോപിച്ചു. പൊലീസ് കാവൽ ഉണ്ടായിട്ടും ബിജെപി അഴിഞ്ഞാടുകയാണെന്ന് മന്ത്രി കടകപള്ളി സുരേന്ദ്രൻ ആരോപിച്ചു. പൊലീസിന് ഇക്കാര്യത്തിൽ വീഴ്ച പറ്റിയതായും അദ്ദേഹം ആരോപിച്ചു. മേയർക്കെതിരേ അതിക്രമം നടന്നിട്ട് ഒരു നടപടിയും ഉണ്ടായില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

തലസ്ഥാനത്ത് അക്രമം തുടരുകയാണ്. ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായതോടെ കൂടുതൽ അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് സുരക്ഷ ശക്തമാക്കി.സംഘർഷ സ്ഥലങ്ങളിൽ പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. നാളെ ജില്ലയിൽ വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അറിയിച്ചു. പൊലീസ് കാര്യക്ഷമമായി നിലപാടെടുക്കണമെന്നും ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു.

ഇന്നലെ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി സി.പി.എം കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ മേയർക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതോടെ തലസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇന്ന സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ അക്രമം ഉണ്ടായതും കരിക്കകത്ത് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതും. ബിജെപി മാർച്ച് കടന്നുപോയതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്.