തിരുവനന്തപുരം: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംപിമാരായ പികെ ശ്രീമതിയേയും പി കരുണാകരനേയും സിപിഎം മത്സരിപ്പിച്ചേക്കില്ല. ശ്രീമതിയെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കാനാണ് നീക്കം. മൂന്ന് ടേം പൂർത്തിയാക്കിയ കരുണാകരനേയും മാറ്റും. സിപിഎം സംസ്ഥാന നേതൃത്വത്തിൽ 2019ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി. ആലപ്പുഴയിൽ ധനമന്ത്രി തോമസ് ഐസക്കിനെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം. പരമാവധി സീറ്റുകളിൽ ജയിക്കുകയെന്നതാണ് തന്ത്രം. ആലപ്പുഴ ചുവന്ന കോട്ടയാണ്. പക്ഷേ കെ സി വേണുഗോപാലിന്റെ ജനസമ്മതിയിൽ വിജയം സിപിഎമ്മിന് അന്യമാകുന്നു. ഈ സാഹചര്യത്തിലാണ് ആലപ്പുഴയിലെ വികസന നായകനെന്ന പരിവേഷമുള്ള തോമസ് ഐസക്കിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനുള്ള നീക്കം.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് സിപിഎമ്മിന് അതീവ നിർണ്ണായകമാണ്. കേന്ദ്രത്തിൽ മോദി വിരുദ്ധ തരംഗം അലയടിക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. അതുകൊണ്ട് തന്നെ പരമാവധി ലോക്‌സഭാ അംഗങ്ങളെ ജയിപ്പിക്കണം. ബംഗാളിൽ സിപിഎമ്മിന് പഴയ കരുത്തില്ല. അതുകൊണ്ട് തന്നെ ത്രിപുരയിലും കേരളത്തിലും മാത്രമാണ് പ്രതീക്ഷ. കേരളത്തിലെ 20 സീറ്റിൽ പത്തിടത്തെങ്കിലും കുറഞ്ഞത് ജയിക്കണമെന്നതാണ് സിപിഎമ്മിന്റെ താൽപ്പര്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഞ്ച് മാത്രമാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ കേരളത്തിൽ നിന്ന് ജയിച്ചത്. ഇതിൽ ആറ്റിങ്ങലിൽ നിന്നുള്ള എ സമ്പത്തിനും പാലക്കാടിന്റെ പ്രതിനിധിയായ എംബി രാജേഷിനും ആലത്തൂരിലെ പികെ ബിജുവിനും സീറ്റ് വീണ്ടും നൽകാനാണ് സാധ്യത. മൂവരും രണ്ട് ടേം പൂർത്തിയാക്കിയവരാണ്. പ്രത്യേക സാഹചര്യത്തിൽ അനുവദിക്കുന്ന ഇളവ് ഇവർക്ക് ലഭിക്കും. ആറ്റിങ്ങലിൽ എന്തുവന്നാലും സമ്പത്ത് തന്നെയാകും സ്ഥാനാർത്ഥിയെന്നാണ് സിപിഎം നൽകുന്ന സൂചന.

ആലപ്പുഴയിൽ ജീവന്മരണ പോരാട്ടത്തിനാണ് സിപിഎം ഒരുങ്ങുന്നത്. എങ്ങനേയും ജയിച്ചേ പറ്റൂ. അതിന് തോമസ് ഐസകാണ് നല്ലതെന്നാണ് വിലയിരുത്തൽ. കേരള നിയമസഭയിൽ സിപിഎമ്മിന് ഭൂരിപക്ഷത്തിന് അവശ്യത്തിന് അംഗങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഐസക് എംപിയായി ജയിച്ചാലും മന്ത്രിസഭയ്ക്ക് കുഴപ്പമൊന്നും വരില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രത്യേക സാഹചര്യത്തിൽ ഐസക് മത്സരിക്കണമെന്നാണ് പിണറായി-കോടിയേരി പക്ഷങ്ങളുടെ പൊതു നിലപാട്. എന്നാൽ ധനമന്ത്രിയും മുഖ്യമന്ത്രിയും അത്ര സുഖത്തിലല്ല. ഈ സാഹചര്യത്തിൽ ഐസക്കിനെ തിരുവനന്തപുരത്തു നിന്ന് ഒഴിവാക്കാനുള്ള കള്ളകളിയായും ഇതിനെ ചിത്രീകരിക്കുന്നുണ്ട് ആലപ്പുഴയിൽ തോറ്റാൽ ഐസകിന്റെ പ്രതിച്ഛായ ഇടിയും. ജയിച്ചാൽ ശല്യവും ഒഴിയും-ഇതാണ് പലരുടേയും മനസ്സിലെന്ന ചർച്ചയും സജീവമാണ്. പക്ഷേ പാർട്ടി പറയുന്നത് അനുസരിക്കുമെന്നതാണ് ഐസക്കിന്റെ നിലപാട്.

കേന്ദ്രത്തിൽ ബിജെപി ബദൽ അധികാരത്തിലെത്തിയാൽ തോമസ് ഐസക്കിന്റെ ഡൽഹിയിലെ സാന്നിധ്യം സിപിഎമ്മിന് ഗുണകരമാകുമെന്ന് വാദിക്കുന്നവരും ഉണ്ട്. എന്നാൽ കൊല്ലത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എംഎ ബേബിക്കുണ്ടായ അനുഭവം പാർട്ടിയുടെ മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഐസകിനെ ഒതുക്കാനുള്ള നീക്കമായി ഇതിനെ പലരും വ്യഖ്യാനിക്കുന്നത്. കോഴിക്കോടും സിറ്റിങ് എംഎൽഎ സ്ഥാനാർത്ഥിയാകാൻ സാധ്യത ഏറെയാണ്. കഴിഞ്ഞ തവണ കേന്ദ്ര കമ്മറ്റി അംഗം വിജയരാഘവനെ മത്സരിപ്പിച്ചത് യുഡിഎഫിൽ നിന്ന് സീറ്റ് പിടിച്ചെടുക്കാനാണ്. എന്നാൽ പദ്ധതി വിജയിച്ചില്ല. ഈ സാഹചര്യത്തിൽ ജനകീയനായ പ്രദീപ് കുമാറിനെ സ്ഥാനാർത്ഥിയാക്കും. പ്രദീപ് കുമാറിന്റെ ജയം ഉറപ്പാണെന്നും സിപിഎം വിലയിരുത്തുന്നു.

എറണാകുളത്ത് പി രാജീവും കൊല്ലത്ത് ബാലഗോപാലും സ്ഥാനാർത്ഥികളാകും. ചാലക്കുടിയിൽ ഇന്നസെന്റാണ് സിറ്റിങ് എംപി. ഇവിടുത്തെ സ്ഥാനാർത്ഥിയിൽ സിപിഎമ്മിന് തീരുമാനമെടുക്കാനായിട്ടില്ല. ഇന്നസെന്റ് മത്സരിക്കാൻ തയ്യാറായാൽ സീറ്റു നൽകും. ആരോഗ്യ കാരണങ്ങളാൽ ഇന്നസെന്റ് പിന്മാറുമെന്നും പാർട്ടി വിലയിരുത്തുന്നു. ഇടുക്കിയിൽ ജോയിസ് ജോർജിന് തന്നെയാകും സാധ്യത. പത്തനംതിട്ടയിലും കോട്ടയത്തും തീരുമാനം ഉടനുണ്ടാകില്ല. കെ എം മാണിയുടെ കേരളാ കോൺഗ്രസ് ഇടതുമുന്നണിയിലെത്തുമോ എന്ന ചർച്ചകൾ സജീവമാണ്. അതിന് ശേഷം മാത്രമേ ഈ സീറ്റുകളിൽ തീരുമാനം ഉണ്ടാകൂ.

കണ്ണൂരിൽ പികെ ശ്രീമതിയാണ് എംപി. കോൺഗ്രസിന്റെ കെ സുധാകരനെ വാശിയേറിയ പോരാട്ടത്തിലാണ് ശ്രീമതി തോൽപ്പിച്ചത്. ഇതിന് ശേഷം ചില ഗ്രൂപ്പ് പ്രശ്‌നങ്ങളും കണ്ണൂരിലുണ്ടായി. ഈ സാഹചര്യത്തിൽ ശ്രീമതിയെ മാറ്റി കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായ പി ജയരാജനെ മത്സരിപ്പിക്കാനാണ് നീക്കം. ബിജെപി ആക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് പി ജയരാജൻ. ഈ പ്രതിച്ഛായയിൽ ജയരാജനെ ജയിപ്പിച്ചെടുക്കും. ദേശീയ തലത്തിൽ ബിജെപി ഉയർത്തുന്ന വെല്ലുവിളികളെ സമർത്ഥമായി പ്രതിരോധിക്കാൻ ജയരാജനിലൂടെ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ. വയനാട്ടിലും വടകരയിലും തീരുമാനം വൈകും.

വീരേന്ദ്രകുമാറിന്റെ ജനതാദള്ളിന്റെ ഇടതു മുന്നണി പ്രവേശനം ഉണ്ടായാൽ അതും വടകരയിലേയും വയനാട്ടിലേയും സ്ഥാനാർത്ഥി നിർണ്ണയത്തെ സ്വാധീനിക്കും. തൃശൂരിലും തിരുവനന്തപുരത്തും സിപിഐയാണ് നിലവിൽ മത്സരിക്കുന്നത്. ഇതിൽ തൃശൂരിൽ സിപിഐയുടെ സിഎൻ ജയദേവനാണ് എംപി. തിരുവനന്തപുരത്ത് സിപിഐയ്ക്ക് മികച്ച സ്ഥാനാർത്ഥിയില്ല. എങ്കിലും ഈ സീറ്റ് സിപിഎം ഏറ്റെടുക്കാനിടയില്ല. സിപിഐയോട് മികച്ച സ്ഥാനാർത്ഥിയെ നിർത്തണമെന്നും ആവശ്യപ്പെടും. കാസർഗോഡ് നികേഷ് കുമാറിനെ സിപിഎം സ്ഥാനാർത്ഥിയാക്കാനും സാധ്യതയുണ്ട്. ആറ്റിങ്ങൽ, കൊല്ലം, ആലപ്പുഴ, എറണാകുളം, ചാലക്കുടി, പാലക്കാട്, ആലത്തുർ, കണ്ണൂർ, കാസർഗോഡ്, വടകര സീറ്റുകളിൽ ജയം ഉറപ്പിക്കാനാവും സിപിഎം ശ്രമിക്കുക. ലീഗ് കോട്ടകളായ മലപ്പുറവും പൊന്നാനിയും ജയിക്കാനാകുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നുമില്ല.

സിപിഎം ജില്ലാ സമ്മേളനങ്ങൾ ഉടൻ തുടങ്ങും. പരിഗണിക്കപ്പെടുന്നവരിൽ ബാലഗോപാൽ കൊല്ലത്തും രാജീവ് എറണാകുളത്തും ജയരാജൻ കണ്ണൂരും ജില്ലാ സെക്രട്ടറിമാരാണ്. തോമസ് ഐസക്കിന്റേതുൾപ്പെടെയുള്ള സ്ഥാനാർത്ഥ്വത്വങ്ങൾ ജില്ലാ സമ്മേളനങ്ങളിൽ സിപിഎം ചർച്ചയാകും. പ്രവർത്തകരുടെ വികാരവും മനസ്സിലാക്കും. അതിന് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ.