ന്യൂഡൽഹി: തിരഞ്ഞെടുപ്പിനുള്ള നാളുകൾ എണ്ണി ഓരോ രാഷ്ട്രീയ പാർട്ടികളും കഴിയുന്ന അവസരത്തിൽ സിപിഎമ്മിൽ നിന്നും തർക്കത്തിന്റെ പുകച്ചുരുകളാണ് ഉയരുന്നത്. കോൺഗ്രസുമായി സഖ്യം വേണമോ എന്ന കാര്യത്തിൽ ബംഗാൾ ഘടകത്തിൽ നിന്നും ഭിന്നാഭിപ്രായം ഉയരുകയാണ്. ഓരോ സംസ്ഥാനങ്ങളിലേയും സാഹചര്യങ്ങൾക്കനുസരിച്ച് സഖ്യം രൂപീകരിക്കുമെന്നാണ് കേന്ദ്ര കമ്മറ്റി തീരുമാനം. എന്നാൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ചേരുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.

സിപിഎമ്മിനുള്ളിൽ അഭിപ്രായ ഭിന്നത കടുക്കുന്നു

തെരഞ്ഞെടുപ്പു ധാരണയുടെ പേരിൽ കോൺഗ്രസിന്റെ കൈ പിടിക്കണോ എന്നതിനെ ചൊല്ലി സിപിഎമ്മിനുള്ളിൽ അഭിപ്രായ ഭിന്നത കടുക്കുകയാണ്. ഡൽഹിയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ കോൺഗ്രസുമായി ഒരു തരത്തിലുള്ള ധാരണയോ സഖ്യമോ വേണ്ടെന്ന നിലപാടിൽ ഒരു വിഭാഗം ഉറച്ചു നിന്നത്. എന്നാൽ, ഇത് പാർട്ടി കോൺഗ്രസിൽ എടുത്ത തീരുമാനത്തിന്റെ ഭാഗമായുള്ള നിലപാടല്ലെന്നാണ് മറുപക്ഷം വാദിക്കുന്നത്.

തെരഞ്ഞെടുപ്പു ധാരണ സംബന്ധിച്ച പാർട്ടി കോൺഗ്രസ് തീരുമാനം തന്നെ രണ്ടു തരത്തിലാണ് ഇരു പക്ഷങ്ങളും വ്യാഖ്യാനിക്കുന്നത്.കോൺഗ്രസുമായി ഒരു തരത്തിലുള്ള സഖ്യമോ ധാരണയോ പാടില്ലെന്നാണ് 22-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച രാഷ്ട്രീയ അടവു നയരേഖയിൽ പരാമർശിച്ചത്. എന്നാൽ, രണ്ടാം തവണയും ജനറൽ സെക്രട്ടറി സ്ഥാനത്തേക്കെത്തിയ സീതാറാം യെച്ചൂരിയുടെ എതിർപ്പിനെ തുടർന്ന് ഈ ഭാഗത്തു തിരുത്തൽ വരുത്തിയിരുന്നു.

ഈ തിരുത്തൽ സഖ്യമല്ലെങ്കിലും തെരഞ്ഞെടുപ്പു ധാരണയ്ക്കുള്ള പച്ചക്കൊടിയാണെന്നാണ് ഇപ്പോൾ യെച്ചൂരിയും അദ്ദേഹത്തെ അനുകൂലിക്കുന്ന ബംഗാൾ ഘടകവും ബാധിക്കുന്നത്. എന്നാൽ, പ്രകാശ് കാരാട്ടും കേരള ഘടവും ഉൾപ്പടെയുള്ള നേതാക്കൾ ഇതിനെ എതിർക്കുന്നു.അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി യാതൊരു സഹകരണവും വേണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.

തെലുങ്കാനയിൽ സിപിഐ, കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയിലാണെങ്കിലും സിപിഎം ബഹുജന മുന്നണി രൂപീകരിച്ച് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങാനാണ് തീരുമാനിച്ചത്. ഇത് ഭരണകക്ഷിയായ ടിആർഎസിനെ സഹായിക്കാനിടയാക്കുമെന്നും കേരളാ ഘടകവും കാരാട്ട് പക്ഷവും ഇടപെട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ബംഗാൾ ഘടകം പരാതി ഉയർത്തുന്നുണ്ട്.