- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
{{സിപിഎം}} ചതിച്ചു; ഇനി മാണിയിൽ ലയിക്കില്ല; കേരള കോൺഗ്രസ് കൂട്ടായ്മയാകാം; മാണി അന്വേഷണം നേരിടുകതന്നെ വേണം: പി സി തോമസ് മറുനാടനോട്
ആലപ്പുഴ: സിപിഐ(എം) എന്നെ ചതിച്ചു, ഇനി ഇരുമുന്നണികളിലും ജീവിതം ഹോമിക്കാൻ ഞാനാഗ്രഹിക്കുന്നില്ല. പിണറായി വ്യക്ത്യധിഷ്ഠിത രാഷ്ട്രീയം കളിക്കുന്ന ആളല്ലെന്ന ചിന്തയായിരുന്നു എനിക്ക്, എന്നാൽ തെറ്റി. തന്റെ ഗ്രൂപ്പിലെ ഒരു വിഭാഗത്തെ അടർത്തിമാറ്റി എൽ ഡി എഫിന്റെ ഭാഗമാക്കിയതിനെത്തുടർന്ന് ഇടതുമുന്നണിയിൽ പ്രവേശനം ലഭിക്കാതെ വന്ന് ഇപ്പോൾ മാണിഗ
ആലപ്പുഴ: സിപിഐ(എം) എന്നെ ചതിച്ചു, ഇനി ഇരുമുന്നണികളിലും ജീവിതം ഹോമിക്കാൻ ഞാനാഗ്രഹിക്കുന്നില്ല. പിണറായി വ്യക്ത്യധിഷ്ഠിത രാഷ്ട്രീയം കളിക്കുന്ന ആളല്ലെന്ന ചിന്തയായിരുന്നു എനിക്ക്, എന്നാൽ തെറ്റി. തന്റെ ഗ്രൂപ്പിലെ ഒരു വിഭാഗത്തെ അടർത്തിമാറ്റി എൽ ഡി എഫിന്റെ ഭാഗമാക്കിയതിനെത്തുടർന്ന് ഇടതുമുന്നണിയിൽ പ്രവേശനം ലഭിക്കാതെ വന്ന് ഇപ്പോൾ മാണിഗ്രൂപ്പുമായി സഖ്യത്തിലേർപ്പെടാൻ ശ്രമിക്കുന്ന പി സി തോമസിന്റെതാണ് ഈ പരിദേവനം.
താൻ പരിചയപ്പെടുത്തിയ ആളെ ഇടതുമുന്നണി യോഗത്തിൽ പ്രവേശിക്കാൻ അനുവദിച്ചതോടെയാണ് ഇടതുമുന്നണിയുടെ നിലപാടുകളിലെ ചതി മനസിലായതെന്നു കേരള കോൺഗ്രസ് നേതാവ് പി സി തോമസ് മറുനാടനോട് പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കെതിരെ പ്രവർത്തിച്ച വ്യക്തിയെ ഇടതുമുന്നണി മീറ്റിംഗുകളിൽ പങ്കെടുപ്പിച്ചത് തികച്ചും തെറ്റും വിരോധാഭാസവുമാണ്. തെരഞ്ഞെടുപ്പിൽ താൻ കോട്ടയത്ത് സ്ഥാനാർത്ഥിയാകുമെന്നു കണ്ട് കരുക്കൾ നീക്കിയ സ്‌കറിയാ തോമസിനോട് സിപിഐ(എം) അടക്കമുള്ള കക്ഷികൾ അനുഭാവം പുലർത്തി. എന്നാൽ തന്റെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലായതോടെ ജോസ് കെ മാണിക്ക് അനുകൂലമായി സ്‌കറിയാ തോമസ് പ്രവർത്തിച്ചതിന്റെ തെളിവുകൾ താൻ ഇടതുമുന്നണിക്ക് കൈമാറിയിരുന്നു. ഇതു കാര്യമായി എടുത്തില്ല. ആസന്നമാകുന്ന തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്കു വേണ്ടി സ്‌കറിയാ തോമസിന് ഒന്നും ചെയ്യാൻ കഴിയില്ല. തെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യം സി പി എം മനസിലാക്കും. പി സി തോമസ് പറഞ്ഞു.
മലയോരമേഖലയ്ക്ക് താൻ ചെയ്ത ഗുണങ്ങളൊന്നും സ്‌കറിയയ്ക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല.ആറുതവണയാണ് താൻ ജനപ്രതിനിധിയാകുകയും അതുവഴി മന്ത്രിയാകുകയും ചെയ്തത്. അപ്പോഴൊക്കെ തനിക്ക് ഈ മേഖലയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതാണ് തെഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചത്. മാത്രമല്ല ഇരുമുന്നണകൾക്കുമെതിരെ മൽസരിച്ച് ലോക്‌സഭാ സീറ്റ് പിടിച്ചെടുത്ത ആളാണ് താൻ. മലയോര മേഖല തന്നെ കൈവിടില്ല. ഇത് ഇനിയും തെളിയിക്കാൻ കഴിയും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൽ ഡി എഫ് നിലപാടിൽ മാറ്റം വരുത്താതെ തുടരുന്ന സാഹചര്യത്തിലാണ് ഇനിയും കടിച്ചു തൂങ്ങുന്നതിൽ അർത്ഥമില്ലെന്നു മനസിലായത്. എൽ ഡി എഫ് തന്നോട് കാട്ടിയ നിലപാടിൽ കടുത്ത അമർഷവും വേദനയും ഉണ്ട്.
ഇനി കേരള കോൺഗ്രസുകളുടെ ഐക്യമാണ് ലക്ഷ്യം. ലയനം ഉദ്ദേശിക്കുന്നില്ല. ആശയപരമായ കൂട്ടായ്മ ഉണ്ടാകണം. മലയോരമേഖലയ്ക്കും റബർ മേഖലയ്ക്കും ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. കേരള കോൺഗ്രസുകളുടെ ലയനം അസാദ്ധ്യമാണ്. പി ജെ ജോസഫ് അടക്കമുള്ള നേതാക്കൾ പല കാര്യങ്ങളിലും അസംതൃപ്തരാണ്. അതുകൊണ്ടുതന്നെ അത്തരത്തിൽ ചിന്തിക്കുന്നില്ല. ബാർ വിഷയത്തിൽ ആരോപണ വിധേയനായ മാണി അന്വേഷണം നേരിടണമെന്നു തന്നെയാണ് തന്റെ വാദം. പാലാഴി റബർ കമ്പനി നടത്തിപ്പിൽ താൻ മാണിക്കെതിരെ രംഗത്തെത്തിയിരുന്നു. അതൊരു പൊളിറ്റിക്കൽ അറ്റാക്കാണ്. വ്യക്തിഹത്യക്ക് താൻ ഇല്ല. പി സി തോമസ് മറുനാടനോട് പറഞ്ഞു.
സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങൾ മുഖ്യധാരയിലെത്തിക്കുന്നതിൽ താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഒരു സർക്കാരിനു പോലും കഴിയാത്ത കാര്യങ്ങൾ തനിക്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അണക്കെട്ടുകളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കത്തിൽ താൻ കോടതിയിലെത്തിയാണ് പറമ്പിക്കുളം അടക്കമുള്ള പദ്ധതികളുടെ രജിസ്‌ട്രേഷൻ കേരളത്തിന്റേതാക്കിയത്. നേരത്തെ 'റ്റി എൻ' എന്നത് ഇപ്പോൾ 'കെ എൽ' എന്നാക്കിയത് താൻ കോടതിയെ സമീപിച്ചതുകൊണ്ടാണ്. ഇതിനെ ജനങ്ങൾ തിരിച്ചറിയും. തന്റെ നിലപാടുകൾക്ക് ജനസമ്മതി ഉണ്ടാകുമെന്നു തന്നെയാണ് വിശ്വാസം. കേരള കോൺഗ്രസുകാരനായിത്തന്നെ തുടരും, അതുതന്നെയാണ് തന്റെ തീരുമാനമെന്നു പി സി തോമസ് വ്യക്തമാക്കി.