മലപ്പുറം: പോക്സോ കേസിൽ കുടങ്ങിയ മലപ്പുറം നഗരസഭസഭയിലെ സിപിഎം കൗൺസിലറായ മുൻ അദ്ധ്യാപകൻ കൗൺസിലർ സ്ഥാനം രാജിവെച്ചു. 30 വർഷത്തോളം സ്‌കൂളിലെ ഏതാനും വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് വനിതാ പൂർവ്വ വിദ്യർത്ഥി കൂട്ടായ്മയുടെ പരാതി വന്നു. സ്‌കൂൾ അധികൃതർ പീഡകനെ സംരക്ഷിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.

മലപ്പുറം സെന്റ്ജമ്മാസ് സ്‌കൂൾ അദ്ധ്യാപകനായിരുന്ന കെവി ശശികുമാറാണ് വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. അദ്ധ്യാപകനെതിരെ നേരത്തെ ചില വിദ്യാർത്ഥികൾ പരാതി ഉന്നയിച്ചപ്പോൾ സ്‌കൂൾ മാനേജ്മെന്റ് പരാതി അവഗണിച്ചെന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ആരോപിച്ചു. പരാതിയെത്തുടർന്ന് കെവി ശശികുമാർ നഗരസഭാ അംഗത്വം രാജിവെച്ചു. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ മാർച്ചിൽ വിരമിച്ചതിന് ശേഷം കെവി ശശികുമാർ ഫേസ്‌ബുക്കിൽ പങ്ക് വെച്ച കുറിപ്പിന് താഴെയാണ് ആദ്യ ആരോപണം ഉയർന്നത്, തുടർന്ന് സമാന രീതിയിൽ അതിക്രമം നേരിട്ട വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ലൈംഗികാതിക്രമം നേരിട്ട വിദ്യാർത്ഥിനികൾ ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.

നേരത്തെ സ്‌കൂൾ അധികൃതരോട് ചില വിദ്യാർത്ഥികൾ കെവി ശശികുമാറിനെതിരെ പരാതി ഉന്നയിച്ചപ്പോൾ അധികൃതർ പരാതി അവഗണിച്ചെന്ന് സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധികൾ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോപണം ഉയർന്നപ്പോൾ ശശികുമാർ ആത്മഹത്യ ശ്രമം നടത്തിയിരുന്നു

ഇദ്ദേഹം കഴിഞ്ഞ 30 വർഷത്തോളമായി സ്‌കൂളിലെ 9 മുതൽ 16 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികളോട് ലൈംഗിക ചുവയോട് കൂടി സംസാരിക്കുകയും വിദ്യാർത്ഥിനികളുടെ ലൈംഗിക അവയവങ്ങളിൽ സ്പർശിക്കുകയും കടന്നുപിടിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളിൽ പലരും ഇതിൽ ഇരകളായി തീരുകയും ചെയ്തിട്ടുണ്ട്. എന്നാൽ പലതവണ സ്‌കൂളിലെ ബന്ധപ്പെട്ടവരോട് മാതാപിതാക്കൾ പലരും പരാതി പറഞ്ഞെങ്കിലും കെ വി ശശികുമാറിനു എതിരെ ഒരു നടപടിയും സ്‌കൂൾ അധികൃതർ എടുത്തിട്ടില്ല.

അതിൽ 2019 ൽ പോലും കൊടുത്ത പരാതിയും എത്തിക്സ് കമ്മിറ്റി വരെയെത്തിയ പരാതികളും ഉണ്ടെന്നുള്ളത് യാഥാർഥ്യമാണ്. വിദ്യാർത്ഥിനികളിൽ പലർക്കും ആ പ്രായത്തിൽ പ്രതികരിക്കാൻ ആവാതെ പലപ്പോഴും അതിക്രമങ്ങൾ നിശബ്ദമായി സഹിക്കേണ്ടിവന്നിട്ടുണ്ട്. അതിക്രമത്തിൽ മനംനൊന്തു കാലങ്ങളോളം കടുത്തമാനസിക പ്രയാസത്തിൽ കുട്ടികൾ അകപ്പെട്ടിരുന്നു.

പുറത്തു പറഞ്ഞാൽ സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുമെന്ന കാരണത്താൽ മാത്രം സഹിച്ചവരുമുണ്ട്. സമൂഹത്തിൽ സ്‌കൂളിനുള്ള പേരും വിലയും ഇടിയുമെന്നും സ്‌കൂളിന് അപമാനം ഉണ്ടാകും എന്നും ഭയന്നാണ് സ്‌കൂൾ അധികാരികൾ പെൺകുട്ടികൾക്കൊപ്പം നിൽക്കാതെ ശശി കുമാറിനെതിരെ നടപടികൾ സ്വീകരിക്കാതിരുന്നത്. '- മീ ടൂ ആരോപണത്തിൽ പറയുന്നു.