- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സിപിഎമ്മിനെ ഞെട്ടിച്ച് പാർട്ടിയിൽ നിന്നും രാജി പ്രഖ്യാപിച്ച് കൊച്ചി കോർപറേഷനിലെ കൗൺസിലർ എം.എച്ച്.എം. അഷറഫ്; ഇരട്ട പ്രഹരമായി സ്‌റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ബിജെപിയുടെ വിജയവും; ഭരണം കിട്ടിയിട്ടും കൊച്ചിയിലെ സിപിഎം പ്രതിസന്ധിയിൽ
കൊച്ചി: സിപിഎം നേതാവും കൊച്ചി കോർപറേഷനിലെ കൗൺസിലറുമായ എം.എച്ച്.എം. അഷറഫ് പാർട്ടിയിൽനിന്ന് രാജിവെച്ചു. മട്ടാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗമാണ് ആറാം ഡിവിഷൻ കൗൺസിലറായ എം.എച്ച്.എം. അഷറഫ്. സ്റ്റാൻഡിങ്ങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ അർഹമായ പ്രാധാന്യം ലഭിക്കാത്തതിനെ തുടർന്നാണ് രാജി. കൗൺസിലർ സ്ഥാനം രാജിവെക്കുന്നില്ലെന്നും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും അഷറഫ് വ്യക്തമാക്കി.
സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് പാർട്ടി വിട്ട കാര്യം അഷറഫ് പ്രഖ്യാപിച്ചത്. നിലവിൽ എൽഡിഎഫിനും യുഡിഎഫിനും 33 അംഗങ്ങളാണുള്ളത്. രണ്ട് യുഡിഎഫ് വിമതരുടെ പിന്തുണയിലാണ് ഇപ്പോഴും എൽഡിഎഫിന്റെ ഭരണം. ഇതിനിടെ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ചരിത്രത്തിലാദ്യമായി ബിജെപി ജയിച്ചു. നികുതി സ്‌റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷയായി പ്രിയ പ്രശാന്താണ് വിജയിച്ചത്. അമരാവതിയിൽ നിന്നുള്ള ബിജെപി കൗൺസിലറാണ് പ്രിയ പ്രശാന്ത്. ഒൻപതംഗ നികുതി അപ്പീൽ സ്ഥിരം സമിതിയിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചു. 4 വോട്ടു നേടിയ പ്രിയ പ്രശാന്ത് വിജയിച്ചു. കൗൺസിലിൽ 5 അംഗങ്ങൾ മാത്രമാണു ബിജെപിക്കുള്ളത്.
നഗരാസൂത്രണ സമിതി ചെയർമാൻ സ്ഥാനം ഇടതുപക്ഷത്തെ പിന്തുണച്ച സ്വതന്ത്ര അംഗം സനിൽ മോന് നൽകാനുള്ള സിപിഎം. തീരുമാനത്തിനെ അഷറഫ് എതിർത്തിരുന്നു. സീനിയറായ തന്നെ ഈ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് അഷറഫ് പാർട്ടിയോട് ആവശ്യപ്പെട്ടെങ്കിലും സിപിഎം. പരിഗണിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ അഷറഫ് വോട്ട് അസാധുവാക്കിയതിനെത്തുടർന്ന് പൊതുമരാമത്ത് കമ്മിറ്റി ഇടതുപക്ഷത്തിന് നഷ്ടമായിരുന്നു.
യു.ഡി.എഫിന് ഭൂരിപക്ഷമുള്ള പൊതുമരാമത്ത് കമ്മിറ്റിയിൽ ആദ്യരണ്ടുവർഷം ആർ.എസ്‌പി. അംഗമായ സുനിത ഡിക്‌സനായിരിക്കും ചെയർപേഴ്സൺ. പിന്നെ കോൺഗ്രസ് അംഗങ്ങൾക്കായി സ്ഥാനം ഒഴിഞ്ഞ് നൽകും. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം, ഇടതുമുന്നണിയെ പിന്തുണച്ച ലീഗ് വിമത അംഗം ടി.കെ. അഷറിനാണ്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ആദ്യമൂന്നു വർഷം സിപിഎം. അംഗം പി.ആർ. റെനീഷും പിന്നെ സിപിഐ.യിലെ സി.എ. ഷക്കീറും പങ്കുവയ്ക്കും. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സ്ഥാനം ആദ്യരണ്ടു വർഷം ജനതാദൾ-എസിലെ ഷീബാ ലാലും പിന്നീട് സിപിഎമ്മിലെ സി.ഡി. വത്സലകുമാരിയും പങ്കുവയ്ക്കും.
മറുനാടന് മലയാളി ബ്യൂറോ