തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന യുവതിയുടെ പരാതിയിൽ കുറ്റാരോപിതനായ സിപിഐ(എം) വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പിഎൻ ജയന്തന്റെ മാസങ്ങൾക്ക് മുമ്പുള്ള ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. ജിഷ വധക്കേസിലെ പ്രതി അമിറുൾ ഇസ്ലാം പൊലീസ് പിടിയിയ സമയത്ത് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്‌ത്തിയുള്ള പോസ്റ്റ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

'ആണായി പിറന്നവരുടെ കയ്യിൽ ആഭ്യന്തരം കിട്ടിയാൽ പ്രതി ആസാമിയായാലും പിടിച്ചിരിക്കും' എന്ന അടിക്കുറിപ്പോടെ പിണറായിയെ കെട്ടിപിടിച്ച് കരയുന്ന ജിഷയുടെ അമ്മയുടെ ചിത്രസഹിതം മറ്റാരോ ഇട്ട പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് ആയിരുന്നു ജയന്തന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. കഴിഞ്ഞ ജൂൺ 21നാണ് ഈ പോസ്റ്റ് ഇട്ടിരുന്നത്.

ബലാത്സംഗ കേസിൽ ആരോപണം നേരിടുന്ന പശ്ചാത്തലത്തിൽ ജയന്തനെ വിമർശിക്കാൻ നവമാദ്ധ്യമ യൂസർമാർ ഇപ്പോൾ ഈ പോസ്റ്റിനെ ആയുധമാക്കിയിരിക്കുകയാണ്. 'കാലത്തിന് മുന്നേ സഞ്ചരിച്ച പോസ്റ്റ്' എന്നാണ് ചിലരുടെ വിമർശനം. 'അറസ്റ്റ് ചെയ്യാൻ പിണറായിയുടെ പൊലീസ് വരുന്നുണ്ട്' എന്ന് ഓർമ്മിപ്പിച്ചിരിക്കുന്നു മറ്റു ചിലർ.