കൊച്ചി : വി എസ് അച്യുതാനന്ദൻ പക്ഷവും പിണറായി ഗ്രൂപ്പും തമ്മിലെ പോരുകൾ എറണാകുളത്തെ സിപിഎമ്മിന് എന്നും തലവേദനയായിരുന്നു. എന്നാൽ ഇത്തവണ വിഭാഗിതയയൊന്നുമില്ലാതെ ജില്ലാ സമ്മേളനം തീർന്നു. ഇരു കൂട്ടരും സംതൃപ്തർ. സ്വന്തം കാലിനടയിലെ മണ്ണൊലിച്ച് പോകുന്നുവെന്ന തിരിച്ചറിയാവാണ് ഇതിന് കാരണം. സിപിഎമ്മിൽ നിന്ന് സിപിഐയിലേക്ക് ആളൊഴുകുന്നത് ഇനിയെങ്കിലും തടയാമെന്ന പ്രതീക്ഷയിലാണ് സിപിഎം.

എറണാകുളം ജില്ലയിൽ മൂവായിരത്തോളം പുതിയ അംഗങ്ങൾ സിപിഐയിലേക്ക് വന്നതിൽ, 2,856 പേർ സിപിഎമ്മിൽ നിന്നാണെന്ന് പാർട്ടിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സിപിഐയിൽ നിന്ന് കുറച്ചുപേർ പോയിട്ടുണ്ടെങ്കിലും അത് വെറും നൂറിൽ താഴെയുമാണ്. ഈ കണക്കാണ് സിപിഎമ്മിനെ ഞെട്ടിച്ചത്. അതുകൊണ്ട് തന്നെ നേതാക്കൾ ഒരുമിച്ച് പോകാൻ തീരുമാനിക്കുകയായിരുന്നു. വിഭാഗീയതയ്ക്ക് ചുക്കാൻപിടിച്ച നേതാക്കൾ വിചാരിച്ചിട്ടുപോലും അംഗങ്ങളെ തിരിച്ചുകൊണ്ടുവരാൻ കഴിയാത്തവിധത്തിൽ ജില്ലയിലെ ചില മേഖലകളിൽ വിഭാഗീയത മാറിയെന്നാണ് സിപിഎം. വിലിയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം കരുതലുകൾ എടുക്കുന്നത്.

ഇനിയാരും പാർട്ടി വിട്ടുപോകാതിരിക്കാൻ ജാഗ്രത കാട്ടും. എളങ്കുന്നപ്പുഴ, ഉദയംപേരൂർ ഭാഗങ്ങളിൽ കുറെപ്പേരെയെങ്കിലും തിരികെ പാർട്ടിയിലേക്ക് എത്തിക്കാൻ കഴിഞ്ഞതും നേട്ടമായാണ് സിപിഎം. വിലയിരുത്തിയത്. ആകർഷകമായ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ടുതന്നെയാണ് പാർട്ടിയിലേക്ക് വരുന്ന സിപിഎം. അംഗങ്ങളെ സിപിഐ. സ്വീകരിക്കുന്നത്. ആദ്യം വരുന്നവർക്ക് ആദ്യം പരിഗണന എന്നതാണ് സിപിഐ. സ്വീകരിച്ചിട്ടുള്ള മാനദണ്ഡം.

സിപിഎമ്മിലെ ഏതു കമ്മിറ്റിയിൽ നിന്നാണോ ആൾ പുറത്തേക്ക് വരുന്നത്, അതേ കമ്മിറ്റിയിൽ തന്നെ സിപിഐയിൽ ഉൾപ്പെടുത്തുകയെന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത്. കൊച്ചിയിൽ സിപിഎം. ഏരിയ സെക്രട്ടറി ആയിരുന്ന ആളെ സിപിഐ. ഏരിയ സെക്രട്ടറിയായി തന്നെ സ്വീകരിച്ചുകൊണ്ടാണ് പാർട്ടി ഇക്കാര്യത്തിൽ വിശ്വാസ്യത ഉറപ്പിച്ചത്. ഇപ്പോൾ എറണാകുളം ജില്ലയിൽ 910 ബ്രാഞ്ചുകളിലായി 11,817 പാർട്ടി അംഗങ്ങളാണ് സിപിഐക്കുള്ളത്. ഇനിയും വലിയൊരുമാറ്റം ഉണ്ടാവാനിരിക്കുന്നതെയുള്ളുവെന്നാണ് നേതാക്കൾ പറയുന്നത്.

സിപിഎമ്മിൽ നിന്ന് സിപിഐയിലേക്ക് വരുന്നവർക്ക് തങ്ങൾ മാന്യമായ പരിഗണന നൽകുമെന്ന് സിപിഐ നേതാക്കളും പറയുന്നു.. ആദ്യം വരുന്നവർക്ക് ആദ്യം എന്നതാണ് ലൈൻ. 'കടന്നു വരൂ' എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. സിപിഎമ്മിൽ നിന്ന് ഇറങ്ങുന്നവർ വേറെങ്ങും പോകരുതെന്നാണ് അഭ്യർത്ഥന. അവർക്കിവിടെ ഉചിതമായ പരിഗണന നൽകുമെന്ന് സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറയുന്നു.