കണ്ണൂർ: ഒറ്റ രാത്രികൊണ്ട് തൃണമൂൽ കോൺഗ്രസ്സിലും ബിജെപി.യിലും ചേർന്ന ബംഗാൾ മോഡൽ പ്രവർത്തകർ സിപിഐ.(എം.) ൽ കണ്ണൂരിലും പ്രവർത്തിക്കുന്നതായി സിപിഐ. ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. കരിങ്കൽ കുഴിയിൽ സിപിഐ.യുടെ കോളച്ചേരി ലോക്കൽ കമ്മിറ്റി ഓഫീസായ പി. കുഞ്ഞിരാമൻ നായർ സ്മാരക മന്ദിരം തകർത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മുൻ എ.ഐ. വൈ.എഫ് ദേശീയ സെക്രട്ടറി കൂടിയായ സന്തോഷ് കുമാർ.

ബംഗാളിൽ സിപിഐ.(എം) വിട്ട് പോയവരുടെ രീതി അനുകൂലിക്കുന്ന ഒരു സംഘം കണ്ണൂരിലും പ്രവർത്തിക്കുന്നതായും സന്തോഷ് കുമാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് നാട്ടുകാരും പൊലീസും നോക്കി നിൽക്കേയാണ് ഒരു സംഘം സിപിഐ. (എം.) പ്രവർത്തകർ പരസ്യമായി സിപിഐ. ഓഫീസിൽ അതിക്രമിച്ചു കടന്നതും വാതിലുകൾ തകർത്ത് അകത്ത് കടന്നതും. കസേരകൾ അടിച്ചു തകർത്ത ശേഷം മേശക്കകത്തെ ഫയലുകൾ വാരിയെറിഞ്ഞു സ്റ്റീൽ അലമാരയും മര അലമാരയും എടുത്തു കൊണ്ടു പോയി മന്ദിരത്തിനു പിറകിലെ കുഴിയിൽ ഉപേക്ഷിച്ചു.

സീലിങ് ഫാനുകൾ ഇരുമ്പു വടി കൊണ്ട് അടിച്ചു തകർക്കുകയും ചെയ്തിരുന്നു. സിപിഐ. ഓഫീസ് തകർക്കപ്പെടുന്ന ദിവസത്തിന്റെ തലേന്ന് കരിങ്കൽ കുഴിയിലെ തന്നെ സിപിഐ.(എം.)ന്റെ പാടിക്കുന്ന് രക്തസാക്ഷി സ്മാരകത്തിനു നേരെ അക്രമം നടന്നിരുന്നു. ഇരു നില കെട്ടിടത്തിന്റെ പന്ത്രണ്ട് ജനാലലകൾ അ്ക്രമത്തിൽ തകർക്കപ്പെട്ടു. ഇത് സാമൂഹ്യ വിരുദ്ധരുടെ നടപടിയാണെന്നായിരുന്നു സിപിഐ.(എം )ന്റെ പരാതി. ഈ ഓഫീസിന്റെ എതിർ വശത്തായിരുന്നു സിപിഐ.യുടെ തകർക്കപ്പെട്ട മന്ദിരം സ്ഥിതി ചെയ്യുന്നത്.

സിപിഐ. (എം )ന്റെ പാടിക്കുന്ന് രക്തസാക്ഷി മന്ദിരം അക്രമിച്ചതിൽ പ്രതിഷേധിച്ച് വൈകീട്ട് കരിങ്കൽ കുഴി ടൗണിൽ അവർ പ്രതിഷേധ പൊതുയോഗം നടത്തിയിരുന്നു. പൊതു യോഗം കഴിഞ്ഞ് രാത്രിയിൽ മടങ്ങുകയായിരുന്ന സിപിഐ.(എം.) പ്രവർത്തകരിൽ ചിലർ സിപിഐ. ഓഫീസിന് നേരെ അക്രമം നടത്തുകയായിരുന്നു വെന്നാണ് സിപിഐ. ലോക്കൽ സെക്രട്ടറി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. മൂന്ന് മാസം മുമ്പ് ഇതേ ഓഫീസിനു നേരെ അക്രമം നടന്നിരുന്നു. സംഭവത്തോടനുബന്ധിച്ച് സിപിഐ.(എം.) പ്രവർത്തകരായ സി. ഉമേഷ്, പാടിയിൽ സുമേഷ്, സി. ഷാജി, കെ. മനോജ്, സി.പ്രിയേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തിൽ സിപിഐ.(എം). ന്റെ സംസ്ഥാന ജില്ലാ നേതൃത്വങ്ങളും അപലപിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ സിപിഐ.യുടെ പ്രമുഖ നേതാവായിരുന്ന കെ.വി. മൂസാൻകുട്ടി മാസ്റ്റർ സ്മാരക മന്ദിരം പറശ്ശിനിക്കടവിൽ തകർക്കപ്പെട്ടിരുന്നു. സിപിഐ.(എം )കാരാണ് ഇത് ചെയ്തതെന്നും സിപിഐ. നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സിപിഐ. യുടെ കൈയിലുള്ള ഏറ്റവും വലിയ മന്ദിരവും ഇതായിരുന്നു. അണികൾക്ക് ബോംബും ബന്ധുക്കൾക്ക് ജോലിയും നൽകുന്ന പാർട്ടിയല്ല സിപിഐ. എന്ന് ജില്ലാ നേതൃത്വം അന്നത്തെ വിവാദത്തിൽ സിപിഐ.(എം ) നെ പരാമർശിച്ചിരുന്നു.

ഈ അക്രമത്തിന്റെ മുറിവ് ഉണങ്ങും മുമ്പ് തന്നെയാണ് ജില്ലയിലെ സിപിഐ.യുടെ മറ്റൊരു ഓഫീസ് കൂടി തകർക്കപ്പെട്ടത്. രണ്ടിടത്തും അക്രമികൾ സിപിഐ.(എം.) കാരായതിനാൽ കടുത്ത അമർഷത്തിലാണ് സിപിഐ. നേതൃത്വവും അണികളും.