കോഴിക്കോട്: സിപിഐ.എമ്മും സിപിഐയും തമ്മിലുള്ള തർക്കങ്ങൾക്ക് പുതുമയില്ലെങ്കിലും ഇപ്പോൾ വിചിത്രമായ ഒരു ആരോപണം സിപിഐ മന്ത്രിമാർക്കെതിരെ സ്വന്തം പാർട്ടിയിൽനിന്നുതന്നെ ഉയരുകയാണ്. പാർട്ടി സംസ്ഥാന നേതൃത്വത്തെപോലും അവഗണിച്ച്, മുഖ്യമന്ത്രി പിണറായി വിജയനോടാണ് സിപിഐ മന്ത്രിമാർക്ക് കൂറെന്നാണ് ആരോപണം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അടക്കമുള്ള മുതിർന്ന അംഗങ്ങൾ ഈ അഭിപ്രായം കഴിഞ്ഞ പാർട്ടി കൗൺസിലിൽ പറഞ്ഞിട്ടുണ്ട്.സിപിഐ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പലകാര്യങ്ങളും സിപിഐ.എമ്മിന്റെ സമ്മർദത്തെതുടർന്ന് നടപ്പാവുന്നില്ല. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലെലത്തെിയാൽ സിപിഐ മന്ത്രിമാർ പലപ്പോഴും കവാത്ത് മറക്കുയാണെന്നും ആരോപണമുണ്ട്. അതുകൊണ്ടുതന്നെ മന്ത്രിമാർ പാർട്ടിക്ക് വിധേയരാവണമെന്ന കൃത്യമായ സന്ദേശം കഴിഞ്ഞതവണ കാനം നൽകിക്കഴിഞ്ഞു.

സിപിഐ.എമ്മിലെ അസംതൃപ്തരെ റാഞ്ചിയെടുത്ത് പാർട്ടി വിപുലീകരിക്കുക എന്ന തന്ത്രമായിരുന്നു ഈ അടുത്തകാലത്തായി സിപിഐ നടപ്പാക്കിയത്. മാർക്വിസ്റ്റ് പാർട്ടിയുമായുള്ള പ്രാദേശിക ഭിന്നതകളെതുടർന്ന് പാർട്ടി വിട്ടുപോകുന്നവരെയെല്ലാം കണ്ണുംപൂട്ടി സ്വീകരിക്കുക എന്ന തന്ത്രമാണ് സിപിഐയും കാനവും സ്വീകരിച്ചത്. കാസർകോട്ടെ ബേഡകത്തും, എറണാകുളത്തെ ഉദയംപേരൂരിലുമെല്ലാം ഈ തന്ത്രം സിപിഐ വിജയകരമായി നടപ്പാക്കുകയും ചെയ്തു. ഇതേതുടർന്നാണ് എം.സ്വരാജ് അടക്കമുള്ള നേതാക്കൾ സിപിഐക്കെതിരെ രംഗത്തുവന്നതും,പാർട്ടിപത്രമായ ജനയുഗം അതിന് മോശമായ ഭാഷയിൽ മറുപടികൊടുത്തതും. പക്ഷേ താഴെതട്ടിൽ നടപ്പാക്കിയ ഈ അജണ്ട മേൽത്തട്ടിലേക്ക് എത്തുന്നില്ല. മാത്രമല്ല നാളിതുവരെ സിപിഐ സഹയാത്രികരായി അറിയപ്പെടുന്നവരെപ്പോലും സിപിഐ(എം) റാഞ്ചുകയാണെന്നാണ് പാർട്ടിയിൽ പരാതി ഉയരുന്നു. ചലച്ചിത്രലോകത്തുനിന്ന് വന്ന നടൻ മുകേഷ്, സംവിധായകൻ കമൽ, നടി കെ.പി.എ.സി ലളിത എന്നിവരെ സിപിഐ(എം) സഹയാത്രികരായത് പാർട്ടിയിൽ കടുത്ത വിമർശനമാണ് ഉണ്ടാക്കിയത്.

ഇതിനിടെയാണ് പാർട്ടി മന്ത്രിമാരും മുഖ്യമന്ത്രിയോട് കൂടുതൽ കൂറുകാട്ടുവെന്ന് ആക്ഷേപം ഉയർന്നിരിക്കുന്നു. അക്കാദമികളിലെയും ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിലുമെല്ലാം സിപിഐയുടെ അജണ്ട നടപ്പാവുന്നില്ല. നിയമനങ്ങൾ അടക്കമുള്ളകാര്യങ്ങളിലെല്ലാം ഇവിടെ സിപിഎമ്മിനാണ് മുൻതൂക്കം. ഇതിനെതിരെ സിപിഐ മന്ത്രിമാർ മൗനം പാലിക്കുയാണെന്നാണ് പാർട്ടിക്കകത്ത് ഉയരുന്ന പ്രധാന വിമർശനം. അതിനിടെ ഭരണം മാറി മാസങ്ങൾ പിന്നിട്ടിട്ടും സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ പുന$സംഘാടനം ചെയർമാൻ, സെക്രട്ടറി നിയമനങ്ങൾക്കപ്പുറത്തേക്ക് നീങ്ങിയില്ല. .ആഗസ്റ്റിലാണ് സാഹിത്യം, സംഗീത നാടകം, ലളിതകല, ഫോക്ലോർ അക്കാദമികളിലും ചലച്ചിത്ര വികസന കോർപറേഷനിലും ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി എന്നിവരെ നിയമിച്ചത്.

ഇതിൽ പലതിലും ഇപ്പോഴും പുന$സംഘടന പൂർണമായിട്ടില്ല. സാഹിത്യ അക്കാദമിയിൽ വൈസ് ചെയർമാൻ സ്ഥാനത്തിന് സിപിഐ അവകാശവാദം ഉന്നയിക്കുകയും പി.കെ. ഗോപിയുടെ പേര് നിർദ്ദേശിക്കുകയും ചെയ്‌തെങ്കിലും ഖദീജ മുംതാസിനെയാണ് നിയമിച്ചത്്. കെ.പി. രാമനുണ്ണി, വൽസലൻ വാതുശ്ശേരി എന്നിവരെയും സിപിഐ നിർദ്ദേശിച്ചിരുന്നു. സിപിഐ(എം) സ്ഥാനാർത്ഥിയായി നിയമസഭയിലത്തെിയ മുകേഷ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത എന്നിവർ സിപിഐക്കാരാണെന്നും അവരെ സിപിഐ(എം) ഹൈജാക്ക് ചെയ്തതാണെന്നും സിപിഐക്ക് ആക്ഷേപമുണ്ട്. അനുയോജ്യമായ സ്ഥാനങ്ങൾ പാർട്ടി നിർദ്ദേശിക്കുന്നവർക്ക് കിട്ടാതെ തർക്കം പരിഹരിക്കാനാകില്ലെന്ന് സിപിഐ നിലപാടെടുത്തതോടെ പുന$സംഘടന ധൃതി പിടിച്ച് വേണ്ടെന്ന നിലപാടിലാണ് സിപിഐ(എം).

കലാമണ്ഡലത്തിൽ വൈസ് ചാൻസലർ നിയമനം നടന്നിട്ടുമില്ല. എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റതിനുപിന്നാലെ വൈസ് ചാൻസലർ സ്ഥാനം രാജിവച്ചുപോയ പി.എൻ. സുരേഷിന് പകരം കാലടി സർവകലാശാലാ വൈസ് ചാൻസലർക്ക് ചുമതല നൽകിയിരിക്കുകയാണ്.