- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഷാരടിയുടെ മക്കളെയെങ്കിലും വെറുതെവിടു; അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടുകളിൽ ഉറച്ചുനിൽക്കട്ടെ; രമേശ് പിഷാരടിക്ക് പിന്തുണയുമായി സിനിമാതാരം സുബീഷ് സുധി
കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുത്ത ശേഷം രമേശ് പിഷാരടിയുടെ ഫേസ്ബുക്ക് പേജിൽ സിപിഎം അനുഭാവികളുടെ പൊങ്കാല നടക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടും നിരവധി ട്രോളുകൾ അവർ ഉണ്ടാക്കുന്നുണ്ട്. അതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ സുബീഷ് സുധി
തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കോൺഗ്രസ് പാർട്ടിയിൽ ചേർന്ന പിഷാരടി യുഡിഎഫിന്റെ പല സ്ഥാനാർത്ഥികൾക്കു വേണ്ടിയും പ്രചരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. രമേശ് പിഷാരടി പോയിടത്തെല്ലാം സ്ഥാനാർത്ഥികൾ തോറ്റെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം മാൻഡ്രേക്കിന്റേതുപോലെയാണെന്നുമൊക്കെയാണ് പരിഹാസങ്ങൾ നീളുന്നത്. യുഡിഎഫ് വിജയിച്ച മണ്ഡലങ്ങളിലും പിഷാരടി എത്തിയിരുന്നെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. പിഷാരടിക്കെതിരെയുള്ള ട്രോളുകൾ ചിലപ്പോഴെങ്കിലും അതിരു കടക്കുന്നുവെന്നും അത് അദ്ദേഹത്തെ വിഷമിപ്പിച്ചുവെന്നും സുബീഷ് സുധി പറഞ്ഞു. പല ട്രോളുകളിലും തന്റെ മക്കളെയും ഉൾപ്പെടുത്തിയതാണ് അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചതെന്ന് പറയുന്നു സുബീഷ്.
സുബീഷ് സുധിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്
രാഷ്ട്രീയപരമായി പിഷാരടിയോട് ഞാൻ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിൽ ഉറച്ചു നിൽക്കുകയും ഞാനെന്റെ കൃത്യമായ രാഷ്ട്രീയം അദ്ദേഹത്തോട് പറയാറുമുണ്ട്. പക്ഷെ പിഷാരടി എന്ന വ്യക്തി ഒരു പക്ഷെ എനിക്ക് അടുത്ത് അറിയാവുന്ന ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പിഷാരടി സിപിഎമ്മിന്റെ വർഗ ബഹുജന സംഘടനകൾ അല്ലെങ്കിൽ കോളേജ് യൂണിയനുകൾ നടത്തുന്ന പല പരിപാടികൾക്കും പൈസ നോക്കാതെ വന്ന ഒരു സെലിബ്രിറ്റി ആണ്. അതുകൊണ്ട് തന്നെ ഇന്നലെ ഞാൻ രമേശേട്ടനോട് സംസാരിച്ചപ്പോൾ , ട്രോളുകളും മറ്റും ഒരു തമാശയായി കാണുന്ന അദ്ദേഹം. അദ്ദേഹത്തിന്റെ മക്കളെ, കൊച്ചുകുട്ടിയുടെ ഫോട്ടോ പോലും ട്രോളാൻ ഉപയോഗിക്കുന്നു എന്ന് പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ഏറെ വിഷമം തോന്നി. പിഷാരടിക്ക് അദ്ദേഹത്തിന്റെ മക്കൾ ജീവനു തുല്യം ആണ്. അതെല്ലാവർക്കും അങ്ങനെ ആണല്ലോ ഞാൻ അതിനെ ന്യായീകരിക്കുകയോ അല്ലെങ്കിൽ പിഷാരടിയെ ന്യായീകരിക്കാൻ രംഗത്ത് വന്നതോ ഒന്നുമല്ല. പിഷാരടിയുടെ രാഷ്ട്രീയത്തെ എതിർക്കുന്നവർക്ക് പിഷാരടിയുടെ മക്കളെ വെച്ചുള്ള ഈ ചിത്രങ്ങൾ ട്രോളിന് ഉപയോഗിക്കാതെ നോക്കണമെന്ന് ഞാൻ വിനയത്തിന്റെ ഭാഷയിൽ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ