തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഒൻപത് ജില്ലകളിലും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന വിശദീകരണം യോഗം നടത്തണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നേരത്തെ തീരുമാനിച്ച കാൽനട ജാഥകളിൽ മന്ത്രിമാരും സെക്രട്ടേറിയറ്റ് അഗംങ്ങളും പങ്കെടുക്കും. ഇപ്പോഴത്തെ പ്രതിഷേധങ്ങൾ തിരിച്ചടിയാകില്ലെന്ന് യോഗം വിലയിരുത്തി.

ശബരിമല വിഷയത്തിൽ ബിജെപിക്കും സംഘപരിവാറിനും വഴങ്ങേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. സംസ്ഥാന വ്യാപകമായി പ്രചാരണവും, വിശദീകരണയോഗങ്ങളും നടത്തി നിലപാട് വ്യക്തമാക്കാനും ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിയുമെന്ന് പാർട്ടി വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാട് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണകരമാകുമെന്നാണ് കണക്കുകൂട്ടൽ. ബിജെപിയും സംഘപരിവാറും നടത്തുന്ന വർഗീയ ധ്രുവീകരണം തടയാൻ കർക്കശ നിലപാട് സ്വീകരിക്കണമെന്നും യോഗത്തിൽ അഭിപ്രായമുണ്ടായി. ഇപ്പോഴത്തെ പ്രതിഷേധങ്ങൾ സർക്കാരിന് തിരിച്ചടിയാകുമെന്ന പ്രചാരണങ്ങൾ ശരിയെല്ലെന്നും വിശദീകരണയോഗങ്ങൾ വഴി കാര്യങ്ങൾ ബോധ്യപ്പെടുത്താനാകുമെന്നും പാർട്ടി കരുതുന്നു.

പി.കെ ശശിക്കെതിരായ അന്വേഷണകമ്മീഷൻ റിപ്പോർട്ട് ഇന്നും യോഗത്തിന്റെ പരിഗണനയ്ക്ക് വന്നില്ല. ശബരിമലയുമായി ബന്ധപ്പെട്ട അറസ്റ്റുകളിൽ കർശന മുന്നറിയിപ്പുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലും പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയാണ് സിപിഎമ്മും സർക്കാരും നൽകുന്നത്. പൊലീസ് ഗ്യാലറിക്ക് വേണ്ടി കളിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. പൊലീസ് പീഡനം ആരോപിച്ചുള്ള ഹർജികൾ പരിഗണിച്ചായിരുന്നു ഇടപെടൽ. കൂട്ട അറസ്റ്റുകൾ അടിയന്തരാവസ്ഥയുടെ പ്രതീതിയുണ്ടാക്കുന്നുവെന്ന് ആരോപിച്ച് എൻഎസ്എസും സർക്കാരിനെതിരെ രംഗത്തെത്തി.

ശബരിമല അയ്യപ്പദർശനത്തിനുള്ള ഭക്തജനത്തിരക്ക് ഓൺലൈൻ വഴി നിയന്ത്രിക്കുന്നതോടെ ആരെയും ക്യാംപ് ചെയ്യാൻ അനുവദിക്കില്ല എന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം. പ്രത്യേക അവകാശമുള്ള ക്രിമനലുകളാണെന്ന ധാരണയോടെ അവിടെ തന്നെ ക്യാംപ് ചെയ്യാമെന്നു വന്നാൽ സമ്മതിക്കാനാകില്ല. 24 മണിക്കൂറിൽ കൂടുതൽ സന്നിധാനത്തെ തങ്ങാൻ അനുവദിക്കില്ല. ചില കോൺഗ്രസ്, ബിജെപി നേതാക്കളുടെ പ്രതികരണം കണ്ടതു കൊണ്ടാണ് ഇക്കാര്യം ആവർത്തിച്ചു വ്യക്തമാക്കുന്നത്. ഭക്തർക്കു ശബരിമലയിൽ വരാനും ദർശനം നടത്താനും അവകാശമുണ്ടാകും.

രാജ്യത്തെ പ്രശസ്തമായ ആരാധാനലയങ്ങളിലുള്ളതു പോലെ ഓൺലൈനിൽ നേരത്തെ അറിയിക്കുന്നവരെ പ്രവേശിപ്പിക്കും. ദർശനം നടത്തിയവർ പോയാൽ മാത്രമേ മറ്റുള്ളവർക്കു പ്രവേശിക്കാനാകൂ. ഇതു സംബന്ധിച്ച ക്രമീകരണങ്ങൾ ചെയ്യാമെന്നു ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. ഭക്തരെത്തുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു കത്തയച്ചു. ആസൂത്രണങ്ങൾക്കായി അവിടത്തെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. മറ്റു സംസ്ഥാനങ്ങളിൽ വിപുലമായ അറിയിപ്പു നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അതിനിടെ, ശബരിമലയിൽ സിപിഎം സ്‌ക്വാഡിനെ നിയോഗിക്കുമെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്നാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. സംശയമുള്ളവർക്ക് പട്ടിക പരിശോധിക്കാം. മുൻ വർഷങ്ങളിൽ ജോലിക്കെത്തിയവർ തന്നെയാണ് ഇത്തവണയും വന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ദിവസ വേതനക്കാരെ നിയമിച്ച് സന്നിധാനത്തു സിപിഎം നിയന്ത്രണം ഉറപ്പാക്കാൻ സർക്കാർ നീക്കം തുടങ്ങിയതായി വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

മണ്ഡല മകരവിളക്കു കാലത്തേക്ക് 1680 പേരെയാണ് ഇത്തവണ ദേവസ്വം ബോർഡ് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതെന്നും 1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കുമെന്നും വാർത്തകൾ വന്നിരുന്നു. അരവണ തയാറാക്കൽ, അന്നദാനം, ചുക്കുവെള്ള വിതരണം എന്നിവയ്ക്കും ഓഫിസ്, ഗസ്റ്റ്ഹൗസ്, തീർത്ഥാടകരുടെ താമസസ്ഥലം എന്നിവിടങ്ങളിലെ ജോലികൾക്കുമാണ് ഇവരെ നിയോഗിക്കുക. ഇങ്ങനെ നിയമിക്കപ്പെടുന്നവർ സിപിഎം അല്ലെങ്കിൽ ഇടതുപക്ഷ പ്രവർത്തകർ ആകണമെന്നു ദേവസ്വം ബോർഡിനു സർക്കാർ കർശന നിർദ്ദേശം നൽകിയിരുന്നാതായും വാർത്തകൾ ഉണ്ടായിരുന്നു. ദിവസവേതനത്തിന് എടുക്കുന്നവർക്കു തീർത്ഥാടന കാലം കഴിയും വരെ സന്നിധാനത്തു തങ്ങാൻ പറ്റും. അവർക്കും ഭക്ഷണവും താമസ സൗകര്യവും ദേവസ്വം ബോർഡാണ് ഒരുക്കുന്നത്.

ശബരിമലയിൽ സിപിഎം സ്‌ക്വാഡിനെ നിയമിക്കാനുള്ള അപകടകരമായ നീക്കത്തിൽനിന്നു മുഖ്യമന്ത്രി പിന്മാറണമെന്നു യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ ആവശ്യപ്പെട്ടിരുന്നു. പരിപാവനമായ ശബരിമലയിൽ സിപിഎം കണ്ണൂർ മോഡൽ ഒാപ്പറേഷനിലൂടെ കലാപമുണ്ടാക്കാൻ നീക്കം നടത്തുകയാണ്. മേഖലയിലെ മതസൗഹാർദ്ദത്തിനു കത്തി വയ്ക്കുന്നതാണ് ഈ ശ്രമം. സ്‌ക്വാഡിനെ അതീവഗൗരവത്തോടെയാണു കാണുന്നത്. അതിനെതിരെ വിശ്വാസികൾക്കൊപ്പം നിന്നു വ്യാപക പ്രചാരണം നടത്തുമെന്നും ബെന്നി ബഹനാൻ പറഞ്ഞു.