-കോഴിക്കോട്: കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിന്റെ മിശ്ര വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ്ജ് എം തോമസിനെ തള്ളി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്. ഈ വിവാഹവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടയിൽ ജോർജ്ജ് എം തോമസ് നടത്തിയ പരാമർശങ്ങളിൽ ചില പിശകുകൾ പറ്റിയതായി പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. ഈ പിശകുകൾ ജോർജ്ജ് എം തോമസ് തന്നെ അംഗീകരിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.

ലൗ ജിഹാദ് എന്നത് ആർഎസ്എസ് സൃഷ്ടിയാണെന്ന നിലപാട് സിപിഐ എം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ആർഎസ് എസ് മത ന്യൂനപക്ഷങ്ങളെ ആക്രമിക്കാനും വേട്ടയാടാനും നടത്തുന്ന പ്രചരണം പ്രയോഗവുമാണിത്. ഇതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കാൻ ചില ശക്തികൾ ശ്രമിക്കുകയാണെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

ഡിവൈഎഫ്‌ഐ കണ്ണോത്ത് മേഖലാ സെക്രട്ടറിയും സിപിഐഎം ലോക്കൽ കമ്മിറ്റിയംഗവുമായ എം എസ് ഷെജിനും തെയ്യപ്പാറ സ്വദേശിനി ജോയ്‌സ്‌ന മേരി ജോസഫും തമ്മിലുള്ള വിവാഹമാണ് പ്രദേശത്തും പാർട്ടിക്കുള്ളിലും പ്രശ്‌നങ്ങളുണ്ടാക്കിയത്. വിവാഹത്തെ ലൗ ജിഹാദെന്ന് പറഞ്ഞ് പെൺകുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ എം എൽ എയുമായ ജോർജ്ജ് എം തോമസ് അഭിപ്രായപ്രകടനം നടത്തിയത്.

വിഷയത്തെ ലൗ ജിഹാദായി കാണുന്നില്ലെങ്കിലും പ്രദേശത്ത് മതമൈത്രിക്ക് ഇത് അപകടമുണ്ടാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതോടെ വിഷയം വലിയ വിവാദമായി. സമൂഹത്തിൽ ലൗ ജിഹാദ് എന്ന പ്രക്രിയ നടക്കുന്നുണ്ടെന്ന് സി പിഐ എമ്മിന്റെ പാർട്ടി രേഖകളിൽ വ്യക്തമായി പറയുന്നുണ്ടെന്നും പ്രൊഫഷണൽ കോളെജുകളിൽ പഠിക്കുന്ന വിദ്യാസമ്പന്നരായ പെൺകുട്ടികളെ മിശ്ര വിവാഹത്തിന് പ്രേരിപ്പിക്കുന്നത് അപൂർവ്വമായി നടക്കുന്നുണ്ടെന്നും അദ്ദേഹം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെടുകയായിരുന്നു.

ഇതോടെയാണ് സി പിഐഎം വെട്ടിലായത്. ജോർജ്ജ് എം തോമസിനെ കഴിഞ്ഞ ദിവസം തന്നെ ജില്ലാ സെക്രട്ടറി പി മോഹനൻ തള്ളിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ന് സെക്രട്ടറിയേറ്റ് ചേർന്ന് ജോർജ്ജ് എം തോമസിനെ പാർട്ടി തള്ളിപ്പറയുകയായിരുന്നു. കോടഞ്ചേരിയിൽ രണ്ട് വ്യത്യസ്തച മതത്തിൽ പെട്ടവർ തമ്മിൽ വിവാഹം ചെയ്തതിൽ അസ്വാഭാവികത കാണേണ്ടതില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. പ്രണയ വിവാഹത്തിന്റെ പേരിൽ സാമുദായിക ധ്രൂവീകരണം ഉണ്ടാക്കാനുള്ള ചില ശക്തികളുടെ കുത്സിത ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

പ്രായപൂർത്തിയായവർക്ക് ഏത് മത വിഭാഗത്തിൽ പെട്ടവരിൽ നിന്നും വിവാഹം ചെയ്യാൻ രാജ്യത്തെ നിയമ വ്യവസ്ഥ അനുവാദം നൽകുന്നുണ്ട്. മാത്രവുമല്ല വിവാഹം ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യവുമാണ്. കോടഞ്ചേരി വിഷയത്തിൽ സ്വന്തം ഇഷ്ടപ്രകാരമാണ് വീട് വിട്ട് ഇറങ്ങിപ്പോയി വിവാഹം ചെയ്തത് എന്ന് പെൺകുട്ടി കോടതിയിൽ വ്യക്തമാക്കിയതോടുകൂടി വിവാദങ്ങൾ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി ചിലർ ഇപ്പോഴും പ്രചരണങ്ങൾ തുടരുകയാണ്.

സിപിഐ എമ്മിനെ ഈ വിഷയത്തിൽ ബന്ധപ്പെടുത്തി പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമമാണ് ചില മാധ്യമങ്ങളും തത്പര കക്ഷികളും നടത്തിക്കൊണ്ടിരിക്കുന്നത്. അതോടൊപ്പം വ്യത്യസ്ത മതസ്ഥർക്കിടിയിൽ സ്പർദ്ധ ഉണ്ടാക്കുന്നതിനും ശ്രമിക്കുന്നു. ഇത്തരം നീക്കങ്ങളെ ചെറുത്തു പരാജയപ്പെടുത്തേണ്ടതാണ്. കോടഞ്ചേരി വിവാഹ വിഷയത്തെ മുൻനിർത്തി സാമൂദായിക സൗഹാർദം തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും ജനങ്ങൾ ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തണം. പുരോഗമന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മതമൈത്രിയും സമാധാനവും കാത്തു സൂക്ഷിക്കാൻ എല്ലാവരും രംഗത്ത് വരണമെന്നും കുപ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.