തിരുവനന്തപുരം: കായൽ കയ്യേറ്റ വിഷയത്തിൽ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ടും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും എതിരായിരുന്നിട്ടും മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകാതിരുന്നതിന് പിന്നിൽ സിപിഎമ്മിന്റെ കരുതലോടെയുള്ള രാഷ്ട്രീയ നീക്കം. മന്ത്രിയുടെ രാജിക്കാര്യത്തിൽ ഇടതുപക്ഷത്തെ മുഖ്യ ഘടകകക്ഷികളായ സിപിഐയും ജനതാദളും ഉറച്ചുനിന്നെങ്കിലും അത് വിജയിക്കാതെ പോയതിന് പിന്നിൽ നാളെ പ്രഖ്യാപിച്ചിട്ടുള്ള ബിജെപിയുടെ സെക്രട്ടേറിയറ്റ് ഉപരോധമാണെന്ന സൂചനകളാണ് ലഭിക്കുന്നത്.

ഇന്ന് മന്ത്രിയെക്കൊണ്ട് രാജിവയ്‌പ്പിക്കേണ്ട നിലയിലേക്ക് കാര്യങ്ങളെത്തിയാൽ അത് ബിജെപിക്ക് മൈലേജാകുമെന്നത് മുൻകൂട്ടിക്കണ്ട് സി.പി.എം തന്ത്രപരമായി നീങ്ങിയതാണ് എൽഡിഎഫ് യോഗം തൽക്കാലം രാജിക്കാര്യം മാറ്റിവച്ചതിന് പിന്നിലെ പ്രധാന തന്ത്രമെന്ന വിവരമാണ് പുറത്തുവരുന്നത്. സർക്കാരിനെതിരെ ശക്തമായ സമരം എന്ന നിലയ്ക്കാണ് നാളെ പ്രഖ്യാപിച്ചിട്ടുള്ള സെക്രട്ടേറിയറ്റ് വളയലിനെ ബിജെപി കാണുന്നത്. സമരം ശക്തമാകുമെന്ന് വ്യക്തമായതോടെ നാളെ തലസ്ഥാനത്ത് വലിയ ഗതാഗത നിയന്ത്രണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഗവർണറെ കണ്ട് ബിജെപി തോമസ് ചാണ്ടിയുടെ വിഷയത്തിൽ പരാതി നൽകുകയും ചെയ്തിരുന്നു.

ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കെ ഇന്ന് മന്ത്രിയുടെ രാജിക്കാര്യം തീരുമാനിച്ചാൽ അത് ബിജെപിയെ ഭയന്നെന്ന നിലയിൽ പ്രചരണമാകാൻ സാധ്യതയുണ്ട്. ഇതുകൂടി മുന്നിൽ കണ്ടാണ് മന്ത്രിയുടെ രാജി ചൊവ്വാഴ്ച നടക്കുന്ന എൻസിപിയുടെ സംസ്ഥാന സമിതിയുടെ യോഗത്തിന് ശേഷമോ അല്ലെങ്കിൽ കോടതിയിൽ നിന്ന് എതിരെ എന്തെങ്കിലും പരാമർശം ഉണ്ടായാൽ അതു പരിഗണിച്ചോ മതിയെന്ന നിലയിലേക്ക് കാര്യങ്ങളെത്തിയത്.

ഞായറാഴ്ച രാവിലെ മുതൽ തന്നെ തോമസ് ചാണ്ടിയുടെ രാജിയാവശ്യത്തിൽ ഘടകകക്ഷികളുമായി സി.പി.എം ആശയവിനിമയം തുടങ്ങിയിരുന്നു. മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തിൽ തന്നെ കോടിയേരിയുമായും കാനവുമായും ചർച്ച നടത്തി. സിപിഐ രാജിയാവശ്യത്തിൽ ഉറച്ചുനിന്നു. ജനതാദളും സമാനമായ ആശയമാണ് പങ്കുവച്ചത്. മാത്രമല്ല, ഒരു പടികൂടി കടന്ന് കളക്ടർക്കെതിരെ പരാതി നൽകിയ തോമസ് ചാണ്ടി ശരിക്കും സർക്കാരിന് എതിരെ തന്നെയാണ് പരാതി നൽകിയതെന്ന് വിമർശിക്കുകയും ചെയ്തു. ഇതോടെ രാജി കൂടിയേതീരൂ എന്ന നിലയിലേക്ക് ചർച്ചകൾ ചൂടുപിടിക്കുകയും ചെയ്തു. കഴിഞ്ഞദിവസം സി.പി.എം നേതൃയോഗത്തിലും സമാനമായ നിർദേശങ്ങളാണ് ഉണ്ടായത്. അതിനാൽ മറിച്ചൊരു തീരുമാനത്തിന് സാധ്യതയില്ലെന്ന നിലയിൽ എൻസിപി ഒറ്റപ്പെടുകയും ചെയ്തു.

എന്നാൽ ഇന്ന് രാജിപ്രഖ്യാപനം ഉണ്ടായാൽ അത് ബിജെപി തങ്ങൾക്ക് അനുകൂലമായി പ്രചരണത്തിന് ഉപയോഗിക്കുമെന്ന വാദം ഉയർന്നു. ഇതോടെയാണ് രണ്ടുനാൾകൂടി കഴിഞ്ഞ് രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയത്. നാളെ രാവിലെ മുതൽ ഉച്ചവരെ നീളുന്ന പ്രക്ഷോഭമാണ് ബിജെപി തോമസ്ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. സമരം ശക്തമായിരിക്കുമെന്ന റിപ്പോർട്ടും ഇന്റലിജൻസ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തലസ്ഥാനത്ത് നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല സുരക്ഷ കർശനമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

മുന്നണിയിലെ പ്രമുഖ കക്ഷികളും റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐയും എതിർത്തിട്ടും തോമസ് ചാണ്ടി മന്ത്രിയായി തുടരുന്നത് മുഖ്യമന്ത്രി സംരക്ഷിക്കുന്നതു കൊണ്ടാണെന്ന വാദം ഉയർത്തിയാണ് ബിജെപി സമരം പ്രഖ്യാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്ക് തോമസ് ചാണ്ടിയോടുള്ള വിട്ടുവീഴ്ചാ മനോഭാവം എന്താണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഇതിന് വഴങ്ങിക്കൊടുക്കേണ്ടതില്ലെന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. ഇക്കാര്യം ഘടകകക്ഷികളോട് വ്യക്തമാക്കുകയും ചെയ്തു. മാത്രമല്ല, എൻസിപിയുടെ മന്ത്രി ആയതിനാൽ അവർ തീരുമാനമെടുത്ത് അക്കാര്യം അറിയിക്കുന്നു എന്ന മട്ടിൽ രാജി പ്രഖ്യാപിക്കാമെന്ന നിലപാടിനോട് മറ്റുള്ളവർ യോജിക്കുകയും ചെയ്തു.

അങ്ങനെയാണ് ഇന്നത്തെ രാജിപ്രഖ്യാപനം മാറ്റിവയ്ക്കുന്ന നിലയിലേക്ക് എൽഡിഎഫ് യോഗം എത്തിയത്. തോമസ് ചാണ്ടിയെ അയോഗ്യനാക്കണമെന്ന് ആവശ്യമുയർത്തി ഇന്ന് ബിജെപി ഗവർണറെ സമീപിച്ചിട്ടുമുണ്ട്. സംസ്ഥാന അധ്യക്ഷൻ കുമ്മനം, ബിജെപി എംഎൽഎ ഒ.രാജഗോപാൽ എന്നിവർ സന്ദർശിച്ചാണ് ഗവർണർക്ക് പരാതി നൽകിയിട്ടുള്ളത്. അതേസമയം, ഇത് രാജിക്ക് ഇടയാക്കിയ ആരോപണം ഉന്നയിച്ചുമല്ല. തോമസ്ചാണ്ടിയുടെ സ്വത്തുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയത് കുറ്റകരമാണെന്നും ഇതിനാൽ അയോഗ്യനാക്കണമെന്നുമാണ് ബിജെപി പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.