കണ്ണൂർ: മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഉജ്വലവിജയം. ആകെയുള്ള 35 വാർഡുകളിൽ 28 സീറ്റുകൾ എൽഡിഎഫ് നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 14 സീറ്റുകൾ നേടിയ യുഡിഎഫ് ഇക്കുറി ഏഴ് സീറ്റിലൊതുങ്ങി. ബിജെപി അക്കൗണ്ട് തുറന്നില്ല. ഇതിന്റെ ആഹ്ലാദത്തിലാണ് കണ്ണൂരിലെ സി.പി.എം. പിണറായി സർക്കാരിന്റെ മികച്ച പ്രതിച്ഛായയുടെ തെളിവ്. പക്ഷേ ഈ ആഘോഷങ്ങൾക്ക് ഇടയിലും പാർട്ടിയെ പിടിച്ചു കുലുക്കാൻ ഒരു വിവാദം. അതിനിടെയാണ് മനോരമയും മംഗളവും ഈ വാർത്ത പുറത്തുവിട്ടത്.

പാർട്ടി പ്രവർത്തകയായ ദലിത് യുവതിയെ മർദിച്ചുവെന്ന പരാതിയിൽ മന്ത്രി കെ.കെ.ശൈലജയുടെ ഭർത്താവ് കെ.ഭാസ്‌കരനെതിരെ ഉടൻ നടപടിയെടുക്കാൻ സി.പി.എം കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിനു നിർദ്ദേശം നൽകിയെന്നായിരുന്നു മനോരമ വാർത്ത. ഇത് വെട്ടിലാക്കിയത് സിപിഎമ്മിലെ കണ്ണൂർ ലോബിയെയാണ്. ഈ വിഭാഗത്തിന് വളരെ വേണ്ടപ്പെട്ടയാളാണ് ഭാസ്‌കരൻ. സോഷ്യൽ മീഡിയയും ഈ വിഷയത്തിൽ ചർച്ച തുടങ്ങി.

മുൻ മട്ടന്നൂർ നഗരസഭാംഗവും പാർട്ടിയുടെ ബൂത്ത് ഏജന്റുമായ ഷീല രാജനാണു പരാതിക്കാരി. സംഭവത്തെക്കുറിച്ചു ബുധനാഴ്ച തന്നെ ഷീല, പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടർന്നാണു കേന്ദ്രനേതൃത്വത്തിലേക്കു പരാതി എത്തിയത്. ഇതാണ് സിപിഎമ്മിനെ വെട്ടിലാക്കക്കിയതെന്നായിരുന്നു റിപ്പോർട്ട്. മട്ടന്നൂരിലെ തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം. മട്ടന്നൂർ നഗരസഭാ ചെയർമാനും സി.പി.എം ഏരിയാ കമ്മിറ്റി അംഗവുമാണു ഷൈലജയുടെ ഭർത്താവ് ഭാസ്‌കരൻ.

മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിനിടെയാണ് സംഭവം. വോട്ടെടെപ്പ് ദിവസം വെകിട്ടു പെരിഞ്ചേരി ബൂത്തിലാണു സംഭവം. ഓപ്പൺ വോട്ടു സംബന്ധിച്ച തർക്കത്തിനിടെ ബൂത്തിലെത്തിയ കെ.ഭാസ്‌കരനോടു പോളിങ് ഉദ്യോഗസ്ഥരെപ്പറ്റി ഷീല പരാതി പറഞ്ഞപ്പോൾ, ഭാസ്‌കരൻ ഷീലയുടെ നേരെ തിരിയുകയും ചീത്ത വിളിക്കുകയും തല്ലുകയും ചെയ്തെന്നാണു പരാതിയെന്നായിരുന്നു വാർത്ത. തുടർന്നു ഷീലയുടെ ഭർത്താവും ഇടതുസംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ നേതാവുമായ കെ.പി.രാജൻ സ്ഥലത്തെത്തി. ഭാസ്‌കരനും രാജനും തമ്മിലും വാക്കേറ്റമുണ്ടായി. ദലിതരെ മർദിച്ച സംഭവമുണ്ടായാൽ ഇന്ത്യൻ പീനൽ കോഡിനു പുറമേ പട്ടികജാതി, പട്ടികവർഗ (ക്രൂരതകൾ തടയൽ) നിയമം 1989 പ്രകാരം കേസെടുക്കണം എന്നാണു ചട്ടം. ഇത്തരം കേസുകളിൽ പരാതി നൽകുന്നതു തടയുന്നതും കുറ്റകരമാണെന്ന് റിപ്പോർട്ട് എത്തി.

പൊലീസിൽ പരാതിപ്പെടാൻ ഷീല തീരുമാനിച്ചു. എന്നാൽ പാർട്ടി നേതാക്കൾ പിന്തിരിപ്പിച്ചു. എന്നാൽ പാർട്ടിക്കു പരാതി നൽകുമെന്ന നിലപാടിൽ ഷീല ഉറച്ചുനിന്നു. അങ്ങനെയാണ് കോടിയേരിക്ക് പരാതി നൽകിയത്. എന്നാൽ നടപടിയൊന്നും എടുത്തില്ല. ഇത് കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തി. നടപടിയെടുക്കാനും നിർദ്ദേശിച്ചു. ഇതോടെ സി.പി.എം സംസ്ഥാന നേതൃത്വം വെട്ടിലാവുകയും ചെയ്തു. പാർട്ടിയുടെ പ്രതിഛായയ്ക്കു മങ്ങലേൽപ്പിക്കുന്ന സംഭവം അതീവരഹസ്യമായി കൈകാര്യം ചെയ്യാനാണ് കണ്ണൂരിലെ ഉന്നതനേതൃത്വം ശ്രമിച്ചതെന്നും വാർത്തിയിൽ നിറയുന്നു.

മനോരമയ്‌ക്കൊപ്പം മംഗളത്തിലും വാർത്ത വന്നു. വനിതാ നേതാവിന്റെ കരണത്താണ് ഭാസ്‌കരൻ അടിച്ചതെന്നായിരുന്നും മംഗളത്തിന്റെ വാർത്ത. അടിയേറ്റ യുവതി കരഞ്ഞുകൊണ്ടാണു സ്ഥലം വിട്ടതെന്നു ദൃക്‌സാക്ഷികൾ പറയുന്നു. ഭർത്താവിന്റെ നിർദ്ദേശപ്രകാരമാണു യുവതി പാർട്ടി ജില്ലാ സെക്രട്ടറിക്കു പരാതി നൽകിയത്. മർദനമേറ്റ യുവതി ചികിത്സ തേടിയതായും സൂചനയുണ്ട്. എന്നാൽ പരാതി നൽകിയതിനു പിന്നാലെ സി.പി.എം. കണ്ണൂർ ജില്ലാ കമ്മറ്റിയംഗവും മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് വിജയിയുമായ നേതാവ് ഒത്തുതീർപ്പിനു രംഗത്തിറങ്ങി. പൊലീസിൽ പരാതിപ്പെടരുതെന്നു ദമ്പതികളോടു നിർദ്ദേശിച്ചവെന്നും വിശദീകരിച്ചു,.

സംഭവത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി കടുത്ത അതൃപ്തി അറിയിച്ചതായും ആരോപണവിധേയനെ ശാസിച്ചതായും സൂചനകളുണ്ട്. സ്ത്രീസുരക്ഷ ഉറപ്പാക്കാൻ ബാധ്യസ്ഥയായ മന്ത്രിയുടെ ഭർത്താവുതന്നെ ദളിത് യുവതിയെ പരസ്യമായി തല്ലിയതു സർക്കാരിനേയും കുടുക്കിയെന്നായിരുന്നു വാർത്ത. എന്നാൽ ഇത് അപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. പിന്നാലെ ഭാസ്‌കരൻ ദളിത് വിഭാഗത്തിൽപെട്ട ഡിവൈഎഫ്ഐ പ്രവർത്തകയുടെ കരണത്തടിച്ചു എന്ന വാർത്ത തെറ്റാണെന്ന് സി.പി.എം കണ്ണുർ ജില്ലാ സെക്രട്ടറി പി.ജയരാജൻ പ്രതികരിച്ചു. മട്ടന്നൂരിലെ രണ്ട് പ്രവർത്തകർ തമ്മിലുള്ള പ്രശ്നമാണിത്. വ്യാജപ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജൻ പറഞ്ഞു.

അതേസമയം, മന്ത്രി കെ.കെ ഷൈലജയുടെ ഭർത്താവ് മർദ്ദിച്ചുവെന്ന വാർത്ത തെറ്റാണെന്നും അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും ഡിവൈഎഫ്ഐ പ്രവർത്തക പറഞ്ഞു. വാക്കുതർക്കം മാത്രമാണ് ഉണ്ടായത്. പോളിങ് ബൂത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞപ്പോൾ മനോവിഷമം ഉണ്ടായെന്നും അവർ വ്യക്തമാക്കി.