കൊച്ചി: സിപിഐ(എം) നേതാവു വി എ സക്കീർ ഹുസൈനെ കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി. വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിൽ ആരോപണ വിധേയനായതിനെ തുടർന്നാണു നടപടി.

ആരോപണങ്ങൾ പാർട്ടി പരിശോധിക്കുമെന്നു സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു. കൂടുതൽ നടപി പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിക്കുമെന്നും രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സക്കീർ ഹുസൈനു പകരം ടി കെ മോഹനന് ഏരിയാ സെക്രട്ടറിയുടെ ചുമതല നൽകിയിട്ടുണ്ട്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണു സക്കീർ ഹുസൈനെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.

ഒളിവിൽ പോകാൻ പാർട്ടി ആർക്കും നിർദ്ദേശം നൽകിയിട്ടില്ലെന്നു രാജീവ് വ്യക്തമാക്കി. അന്വേഷണം നടക്കുന്നതിനാലാണു നടപടി എടുത്തത്. സക്കീർ കുറ്റക്കാരനെന്നു തെളിഞ്ഞാൽ കൂടുതൽ നടപടി സ്വീകരിക്കുമെന്നും പി രാജീവ് പറഞ്ഞു. ഗുണ്ടാസംഘവുമായി പാർട്ടിക്കു ബന്ധമില്ലെന്നും രാജീവ് വ്യക്തമാക്കി.

വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതിപ്പട്ടികയിലുള്ള സക്കീർ ഹുസൈന്റെ മുൻകൂർ ജാമ്യാപേക്ഷയെ നേരത്തെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. സക്കീർ ഹുസൈനു ജാമ്യം അനുവദിക്കരുതെന്നു സർക്കാർ കോടതിയിൽ നിലപാട് എടുത്തു. രാഷ്ട്രീയനേതാവിനു എന്തിനാണ് ഗുണ്ടകളുമായി ബന്ധം എന്നും സർക്കാരിനു വേണ്ടി പ്രോസിക്യൂട്ടർ വാദിച്ചു.

ജാമ്യം അനുവദിക്കരുത്. രാഷ്ട്രീയക്കാരുടെ ഇത്തരം സാമൂഹ്യവിരുദ്ധ നിലപാടുകളാണ് ജനങ്ങളിൽ നിന്ന് അകലാൻ കാരണമെന്നും പ്രോസിക്യൂട്ടർ വാദിച്ചു. സക്കീർ ഹുസൈൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. ഇതിനു പിന്നാലെയാണു പാർട്ടിയും സക്കീറിനെതിരെ നടപടി എടുത്തിരിക്കുന്നത്.