കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മാവൻ ശ്രീജിത്തിനെ പുറത്താക്കാൻ കീഴ് ഘടകത്തിന് നിർദ്ദേശം പോയത് എകെജി സെന്ററിൽ നിന്ന്. അച്ചടക്ക ലംഘനം അതിരുവിട്ടെന്നും അതുകൊണ്ട് തന്നെ ശ്രീജിത്തിനെ ഇനി പാർട്ടിയിൽ വച്ചുപൊറുപ്പിക്കരുതെന്നുമായിരുന്നു നിർദ്ദേശം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിർദ്ദേശത്തിൽ അതിവേഗം തീരുമാനവും എടുത്തു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് മതി ഈ തീരുമാനമെന്ന അഭിപ്രായം ഉയർന്നെങ്കിൽ ഉടൻ വേണമെന്ന് കോടിയേരി നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ ജിഷ്ണു പ്രണോയിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ അമ്മ മഹിജയും അമ്മാവൻ ശ്രീജിത്തും നടത്തിയ സമരത്തിന് പുതുമാനം വരികെയാണ്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും മഹിജയോട് ഫോൺ സംസാരിച്ചിരുന്നു. അത്തരമൊരു വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കാട്ടിയ തിടുക്കം പുതു ചർച്ചകൾക്കും വഴിവയ്ക്കുകയാണ്.

പാർട്ടി സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സി.പി.എം വളയം വണ്ണാർക്കണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ശ്രീജിത്തിനെ ലോക്കൽ കമ്മിറ്റി യോഗം ചേർന്നാണ് പുറത്താക്കൽ നടപടിയെടുത്തത്. ശ്രീജിത്ത് സർക്കാർ നടപടികളെ വിലകുറച്ച് കണ്ടതായെന്ന ഗുരുതര ആരോപണമാണ് വണ്ണാർക്കണ്ടി ബ്രാഞ്ച് കമ്മിറ്റിയോഗത്തിൽ ഉയർന്നത്. ലോക്കൽ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച പുറത്താക്കൽ നടപടിക്ക് നാദാപുരം ഏരിയ കമ്മിറ്റിയുടെ അനുമതിയും ആവശ്യമാണ്. കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ബ്രാഞ്ച് കമ്മറ്റിയുടെ അടിയന്തര ഇടപെടൽ. അതുകൊണ്ട് തന്നെ പുറത്താക്കലിന് ഏരിയാ കമ്മറ്റിയും അനുകൂലമായിരിക്കും. എന്നാൽ അതിവേഗതിയിലുള്ള ഈ നടപടി പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് കരുതുന്നവരും ഉണ്ട്. പിണറായി പക്ഷത്തെ നേതാക്കൾ പോലും ഈ അഭിപ്രായക്കാരാണ്. ടിപി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം ഒഞ്ചിയത്തുണ്ടാക്കിയ പ്രതിസന്ധിയെ പാർട്ടി മറികടക്കുന്നതേയുള്ളൂ. അതിനിടെ തൊട്ടടുത്ത വളയത്തും പ്രശ്‌നങ്ങൾ ഉണ്ടാകുന്നു. വളയത്തെ രക്തസാക്ഷി കുടുംബമാണ് ജിഷ്ണു പ്രണോയിയുടേയത്. ഈ കുടുംബത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഇടത് സർക്കാരിന് വീഴ്ച ഏറെയുണ്ടായി. അതിന് പിന്നാലെ പുറത്താകലും. ഇതിൽ അരിശം കൊള്ളുകയാണ് വളയത്തെ സാധാരണക്കാരായ അണികൾ.

അതിനിടെ സർക്കാരിന്റെ ഭാഗത്തു നിന്ന് നീതി നിഷേധമുണ്ടായെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മാവൻ കെ കെ ശ്രീജിത്ത് പ്രതികരിച്ചു കഴിഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ തനിക്ക് കടുത്ത വിഷമം ഉണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. അച്ചടക്കലംഘനം നടത്തിയെന്ന ആരോപണത്തിൽ തന്നോട് ഇതുവരെ പാർട്ടി വിശദീകരണം നേരിട്ട് ചോദിച്ചിട്ടില്ലെന്നും താൻ അച്ചടക്കലംഘനം നടത്തുന്നതിനു തക്ക വലിയ തെറ്റ് ചെയയ്തിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു. നിരാഹാര സമരം പാർട്ടിക്കോ സർക്കാരിനെയോ എതിർത്തായിരുന്നില്ലെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തൂ. പാർട്ടി നീതി കാണിച്ചെന്ന് ശ്രീജിത്തിന്റെ അച്ഛൻ കുമാരനും പ്രതികരിച്ചു കഴിഞ്ഞു. പാർട്ടിക്ക് വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തിയ ആളാണ് താനെന്നും ചില നേതാക്കളുടെ തന്നിഷ്ട നടപടിയാണ് നടക്കുന്നതെന്നും കുമാരൻ പറയുന്നു. ഇതോടെ ഒഞ്ചിയത്തിന് സമാനമായ സ്ഥിതി വളയത്തും ഉണ്ടാവുകയാണ്. കരുതലോടെ കൈകാര്യം ചെയ്യേണ്ട വിഷയത്തെ കൂടുതൽ വഷളാക്കിതയ് പുറത്താക്കൽ നടപടിയാണെന്ന സൂചനകൾ പിണറായി പക്ഷവും നൽകുന്നു.

മഹിജയുടെ നേതൃത്വത്തിൽ ഡിജിപി ഓഫീസിന് മുമ്പിലുണ്ടായ സംഭവവികാസങ്ങൾ സർക്കാരിന് തീരാ കളങ്കമായി. ഇതിനെ ആർക്കും ന്യായീകരിക്കാനാവില്ല. കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ വികാരപരമായ പ്രതികരണം അതിരുവിട്ടതായി. എന്നാൽ ജിഷ്ണുവിന്റെ വിയോഗ വേദന സർക്കാർ ഉൾക്കൊണ്ടു. സീതാറാം യെച്ചൂരി പോലും ഇടപെട്ടും. പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി തയ്യാറാവുകയും ചെയ്തു. മഹിജയുടെ പരാതിയിൽ അന്വേഷണത്തിന് പുതിയ സംഘത്തേയും നിയോഗിച്ചു. ഇതോടെ എല്ലാം ഒതുങ്ങിയതായിരുന്നു. ഇത് ആളിക്കത്തിക്കുന്നതാണ് ശ്രീജിത്തിനെ പുറത്താക്കിയ നടപടി. ഈ പാപഭാരത്തിൽ മുഖ്യമന്ത്രിക്ക് പങ്കില്ല. മുഖ്യമന്ത്രിയോട് ആരും ഇക്കാര്യം ചർച്ച ചെയ്തിരുന്നില്ലെന്നും പിണറായി പക്ഷത്തെ പ്രമുഖ നേതാവ് മറുനാടനോട് പ്രതികരിച്ചു. പാർട്ടിയുടെ നടപടി തിടുക്കത്തിലായെന്നും ഈ നേതാവ് അഭിപ്രായപ്പെട്ടു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മതിയായിരുന്നു നടപടിയെന്ന് പോലും വിലയിരുത്തലുണ്ട്. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ഗൂഢാലോചന ഇതിലുണ്ടെന്നും ഇവർ കരുതുന്നു.

1996 മുതൽ ബ്രാഞ്ച് അംഗമാണ് കെ.കെ. ശ്രീജിത്. ജിഷ്ണു കേസിൽ ഡിജിപി ഓഫിസിനു മുന്നിൽ നടത്തിയ സമരം സർക്കാരിനു തിരിച്ചടിയായ ഘട്ടത്തിലാണു പാർട്ടി നടപടി. ദേശാഭിമാനി നാദാപുരം ലേഖകനായിരുന്ന ശ്രീജിത്ത് കുറെക്കാലമായി വടകര ബ്യൂറോയിലായിരുന്നു. ജിഷ്ണുവിന്റെ മരണത്തിന് ഏതാനും നാളുകൾ മുൻപ് ശ്രീജിത്തിനെ വാർത്ത ചുമതലയിൽനിന്ന് ഒഴിവാക്കി പരസ്യ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ടു അമ്മ മഹിജയെയും അച്ഛൻ അശോകനെയും അടക്കം തലസ്ഥാനത്തേക്കു സമരത്തിനു കൊണ്ടു പോയതു ശ്രീജിത്തായിരുന്നു. പാർട്ടി അംഗമായ ശ്രീജിത്ത് പാർട്ടിയോട് ആലോചിക്കുക പോലും ചെയ്യാതെയാണ് സർക്കാരിനെ പ്രതിരോധത്തിലാക്കും വിധം സമരം സംഘടിപ്പിച്ചതെന്നു ബ്രാഞ്ച് കമ്മിറ്റി വിലയിരുത്തി. എന്നാൽ ബ്രാഞ്ചിലെ പ്രധാനനേതാക്കളുമായി താൻ സംസാരിച്ചിരുന്നില്ലെന്ന് ശ്രീജിത്തും പറയുന്നു.

ഏതായാലും ഈ പുറത്താക്കൽ ബാധിക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായയെയാണ്. അതിന് പുതിയ തലം നൽകുന്നതാണ് ശ്രീജിത്തിന്റെ പുറത്താക്കാൽ. ഇത് പിണറായിക്ക് പുതിയ തലവേദനയാകും. ഒഞ്ചിയത്ത് ടിപി ചന്ദ്രശേഖരന്റെ പാർട്ടിയിൽ നിന്നുള്ള പുറത്താകലിന് കാരണം പിണറായി വിജയനാണെന്നായിരുന്നു പ്രതികരണം. ചന്ദ്രശേഖരനെ മരണ ശേഷവും കുലംകുത്തിയെന്ന് വിളിച്ചതും പിണറായിയെ വിമർശന മുനയിൽ നിർത്തി. ഇതിന് സമാനമായ സാഹചര്യം വളയത്തും ഉണ്ടാകുന്നുവെന്നാണ് വിലയിരുത്തൽ. പിണറായിയുടെ പേരിലേക്ക് എല്ലാം ചുമത്താനുള്ള ഗൂഡനീക്കം ഏതോ കോണിൽ നിന്ന് നടക്കുന്നതായി പിണറായി പക്ഷം വിലയിരുത്തുന്നു. പിണറായി വിജയനെതിരെയായിരുന്നു മഹിജയുടെ സമരമെന്ന് ധാരണ പാർട്ടിക്കുള്ളിൽ പോലും ചിലർ ശ്രമിച്ചു. മഹിജയുടെ കാര്യത്തിൽ സർക്കാർ എല്ലാം ചെയ്തു. എന്നിട്ടും പഴി കേൾപ്പിച്ചു. ഇത് പുതിയ തലത്തിലെത്തിക്കാനാണ് ശ്രീജിത്തിന്റെ പാർട്ടിയിൽ നിന്നുള്ള പുറത്താക്കലെന്ന് പിണറായി പക്ഷം വിലയിരുത്തുന്നു.

ഈ സാഹചര്യത്തിലാണ് പതിവില്ലാതെ ഇന്ന് പിണറായി വിജയൻ മാധ്യമങ്ങളെ കണ്ടത്. വാർത്താ സമ്മേളനത്തിലുടനീളം മഹിജയുടെ വികാരം ഉൾക്കൊണ്ടാണ് പിണറായി സംസാരിച്ചത്. മകൻ നഷ്ടപ്പെട്ട അമ്മയുടെ വികാരം ഉൾക്കൊണ്ടുള്ള തീരുമാനം ഉണ്ടാകുമെന്നും പിണറായി കൂട്ടിച്ചേർത്തു. സമരത്തെ തള്ളിപ്പറയുമ്പോഴും മഹിജയെ അംഗീകരിച്ച നയം മാറ്റം ഏറെ ശ്രദ്ധേയമായി. ശ്രീജിത്തിനെ പുറത്താക്കിയതിന്റെ പഴി തന്റെ പേരിൽ വരാതിരിക്കാനുള്ള നീക്കമാണ് പിണറായി ഇതിലൂടെ ശ്രമിച്ചത്. മകൻ നഷ്ടപ്പെട്ട അമ്മയുടെ വികാരം സർക്കാരിന് എതിരാക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാകുന്നുവെന്ന വിമർശനവും പിണറായി ഉയർത്തി. അങ്ങനെ സർക്കാരിനെ എല്ലാ അർത്ഥത്തിലും വളരെ കരുതലോടെയാണ് പിണറായി പ്രതികരിച്ചത്. ശ്രീജിത്തുമായി ബന്ധപ്പെട്ട മറ്റ് വിവാദങ്ങളോട് പിണറായി പ്രതികരിച്ചതുമില്ല. ഏതായാലും ജിഷ്ണു പ്രണോയിയുമായി ബന്ധപ്പെട്ട സമരത്തിന്റെ ഉത്തരവാദിത്തം തനിക്കില്ലെന്ന സൂചനയാണ് വാർത്താ സമ്മേളനത്തിലും പിണറായി നൽകുന്നത്.

ഷാജഹാനെതിരായ നടപടിയിലും തന്നെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് പിണറായി പറഞ്ഞു. സംഭവം നടക്കുമ്പോൾ ഷാജഹാൻ അവിടെയുണ്ടായിരുന്നു. അതുകൊണ്ടാണ് പൊലീസ് പിടിയിലായത്. ഷാജഹാനോട് തനിക്ക് വ്യക്തിവിരോധമുണ്ടെന്നും അതുകൊണ്ടാണ് അറസ്‌റ്റെന്നും പറയുന്നത് ശരിയല്ലെന്നും പിണറായി പറഞ്ഞു. മഹിജയുടെ കുടുംബവുമായി ഉണ്ടാക്കിയ ധാരണയെല്ലാം പിണറായി വിശദീകരിച്ചു.