ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന സമരത്തിന് പിന്നാലെ ഫെബ്രുവരിയിൽ നടന്ന ആക്രമണത്തിൽ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് സിപിഎമ്മിന്റെ വസ്തുതാന്വേഷണ റിപ്പോർട്ട്. അക്രമത്തിന്റെ തീവ്രതയ്ക്ക് അമിത് ഷായുടെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പങ്ക് കാരണമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ആണ് 'വടക്കുകിഴക്കൻ ഡൽഹിയിലെ വർഗീയ കലാപം- വസ്തുതാന്വേഷണ റിപ്പോർട്ട്' പുറത്തിറക്കിയത്.

ഡൽഹിയിൽ ഉണ്ടായ സംഭവത്തെ കലാപം എന്ന് വിളിക്കുന്നത് തെറ്റാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരുപക്ഷത്തിനും തുല്യപങ്കാളിത്തമുണ്ടാകുമ്പോഴാണ് കലാപം എന്ന് വിളിക്കുകയെന്നും എന്നാൽ ഡൽഹിയിലെ ആക്രമണം ഹിന്ദുത്വവാദികളിൽ നിന്നായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണങ്ങളിൽ നിന്ന് സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള ശ്രമമാണ് മറുവശത്തുനിന്ന് നടന്നതെന്നും റിപ്പോർട്ട് പറയുന്നു. മിക്കവാറും എല്ലാ പ്രദേശങ്ങളിലും പൊലീസ് ഹിന്ദുത്വ സംഘങ്ങൾക്കൊപ്പമായിരുന്നു എന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും വസ്തുതാന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

''2020 മാർച്ച് 11 ന് ഡൽഹിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഷാ പാർലമെന്റിനെ അറിയിച്ചിരുന്നു. ഫെബ്രുവരി 24 മുതൽ അക്രമം വർദ്ധിച്ചപ്പോൾ എന്തുകൊണ്ടാണ് കർഫ്യൂ ഏർപ്പെടുത്താതിരുന്നത് എന്നതാണ് ചോദ്യം. എന്തുകൊണ്ടാണ് സൈന്യത്തെ വിന്യസിക്കാതിരുന്നത്? ഡൽഹി പൊലീസിന്റെയും റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരുടെയും അധിക വിന്യാസം പോലും അപര്യാപ്തമാണെന്ന് മാത്രമല്ല, വളരെ വൈകുകയും ചെയ്തു. 'റിപ്പോർട്ടിൽ പറഞ്ഞു.

പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ കലാപത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് നിരവധി വിദ്യാർത്ഥികൾക്കെതിരെ തീവ്രവാദ കുറ്റം ചുമത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.ആക്രമണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അന്വേഷണം നടത്തുന്നതിന് മുമ്പ് ആഭ്യന്തരമന്ത്രി കണ്ടെത്തലുകൾ മാർച്ച് 11 ന് ലോക്‌സഭയിൽ അവതരിപ്പിച്ചെന്നും തുടർന്നുള്ള അന്വേഷണം ഈ വിവരണം ശരിവയ്ക്കുന്നതും സാധൂകരിക്കുന്നതും മാത്രമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യദ്രോഹികളെ വെടിവയ്ക്കണമെന്നും അല്ലെങ്കിൽ ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങൾ ഹിന്ദുക്കളുടെ വീടുകളിൽ അതിക്രമിച്ച് കടന്ന് ബലാത്സംഗവും കൊലപാതകവും നടത്തുമെന്നുമുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ അമിത് ഷാ തള്ളിക്കളഞ്ഞതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.