കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തെരെഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നു സിപിഐ(എം). പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി കോഴിക്കോട് ജയ ഓഡിറ്റോറിയത്തിൽ ജനങ്ങളിൽ നിന്ന് അപേക്ഷ സ്വീകരിക്കുകയും വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തുവെന്നു സിപിഐ(എം) ആ്രോപിച്ചു.

ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ചട്ടങ്ങൾ ലംഘിച്ച് ആനുകൂല്യങ്ങളും തൊഴിൽ വാഗ്ദാനങ്ങളും പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് എതിരെ തെരെഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകുമെന്നും സിപിഐ(എം) ജില്ലാകമ്മിറ്റി അറിയിച്ചു.

യുഡിഎഫ് മുൻകൂട്ടി തീരുമാനിച്ച പ്രകാരം അപേക്ഷ തയ്യാറാക്കി ആളുകളെ എത്തിക്കുകയും അത് സ്വീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ചിലർക്ക് തൊഴിൽ കൊടുക്കാമെന്ന് ഉറപ്പുനൽകുയും നേരിട്ട് ധനസഹായം ആവശ്യപ്പെട്ട അപേക്ഷകരോട് തെരഞ്ഞെടുപ്പ് കഴിഞ്ഞ് സഹായം നൽകാമെന്ന് ഉറപ്പുനൽകുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. പരസ്യമായി എല്ലാ തെരഞ്ഞെടുപ്പ് നിയമങ്ങളെയും അട്ടിമറിച്ചുകൊണ്ട് വോട്ടർമാരെ സ്വാധീനിക്കാൻ മുഖ്യമന്ത്രി നടത്തിയ ഈ പരിപാടി കടുത്ത ചട്ട ലംഘനമാണെന്നും സിപിഐഎം ആരോപിച്ചു.