മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ കമ്യൂണിസ്റ്റ് പ്രാതിനിധ്യം ഇത്തവണയും ഉണ്ടാകും. സിറ്റിങ് സിറ്റീൽ പരാജയപ്പെട്ടെങ്കിൽ കമ്മ്യൂണിസ്റ്റ് കോട്ടയായ കൽവാൻ മണ്ഡലത്തിൽ സിപിഐ(എം) ജയിച്ചുകയറി.

കൽവാൻ നിയമസഭാ മണ്ഡലത്തിൽ ജിവാ പണ്ഡു ഗാവിറ്റാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിയമസഭയിലെത്തിയത്. സുർഗണ മണ്ഡലത്തിൽ നിന്ന് ആറുതവണ വിജയിച്ചിട്ടുള്ള ജിവാ പണ്ഡു ഗാവിറ്റാണ് ഈ ആദിവാസി മണ്ഡലത്തിൽ നിന്ന് ഇക്കുറി വിജയിച്ചത്. പഴയ സുർഗണ മണ്ഡലത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുന്നതാണ് കൽവാൻ. എൻസിപിയിലെ എ ടി പവാറിനെയാണ് ഗാവിറ്റ് 4786 വോട്ടിന് പരാജയപ്പെടുത്തിയത്. ഗാവിറ്റിന് 67795 വോട്ടും പവാറിന് 63009 വോട്ടും കിട്ടി. മൂന്നാം സ്ഥാനത്തെത്തിയ ബിജെപിക്ക് 25457 വോട്ടും കോൺഗ്രസിന് 5699 വോട്ടും ലഭിച്ചു.

ആദിവാസികൾ അവരുടെ നേതാവും അദ്ധ്യാപകനും സംഘാടകനുമായി അംഗീകരിക്കുന്ന നേതാവാണ് ഗാവിറ്റ്. 1978 ലാണ് ആദ്യം മത്സരിക്കുന്നത്. പിന്നീട് ഒരിക്കലൊഴികെ തുടർച്ചയായി ഗാവിറ്റ് വിജയിച്ചു. 2009ൽ പരാജയപ്പെട്ടു. ആദിവാസി പ്രക്ഷോഭത്തിന്റെ മുൻനിരയിലെ നേതാവണ് ഇദ്ദേഹം, 1972 ലെ കൊടുംവരൾച്ചക്കാലത്ത് സിപിഐ എം നേതാക്കളായ ഗോദാവരി പരുലേക്കറും നാനാ മലുസാരെയും നാസിക്കിലെത്തി പ്രക്ഷോഭം നയിച്ചു. അന്ന് മുതൽ കമ്യൂണിസ്റ്റ് പക്ഷത്താണ് ഗാവിറ്റ്

ആദിവാസികൾക്ക് ഭൂമി നേടികൊടുക്കാനുള്ള സമരത്തിലും ഗാവിറ്റ് മുന്നിൽ നിന്നു. വനാവകാശ നിയമപ്രകാരം ഫയൽ ചെയ്യപ്പെട്ട 12000 അപേക്ഷകളിൽ 7300 ലും ആദിവാസികൾക്ക് അനുകൂലമായ തീരുമാനമുണ്ടാക്കാൻ ഗാവിറ്റിനും കിസാൻ സഭയ്ക്കും കഴിഞ്ഞു. ഒരു വലിയ വിദ്യാഭ്യാസ സമുച്ചയം സ്വന്തം ഗ്രാമത്തിൽ ഗാവിറ്റ് പണിതിട്ടുണ്ട്. ഇവിടെ താമസിച്ച് ആദിവാസി കുട്ടികൾ വിദ്യാഭ്യാസം ചെയ്യുന്നു. വീട്ടിൽ റേഷനെത്തിക്കുന്ന പദ്ധതിയും ഗാവിറ്റും പാർട്ടിയും ചേർന്ന് ഇവിടെ നടപ്പാക്കിയിട്ടുണ്ട്.

ആദിവാസി ഗ്രാമങ്ങളിൽ സമുഹവിവാഹം നടത്തുന്നതിലും ഗാവിറ്റ് മുൻനിന്നു പ്രവർത്തിക്കുന്നു. 2013ൽ 825 ആദിവാസി പെൺകുട്ടികൾ ഇതുപോലൊരു ചടങ്ങിൽ വിവാഹിതരായി. 2002 ഇതുപോലൊരു സമൂഹ വിവാഹത്തിലാണ് ഗാവിറ്റിന്റെ മകനും മകളും വിവാഹിതരായത്. ഇതെല്ലാമാണ് ആദിവാസി മണ്ഡലത്തിൽ സിപിഐ(എം) വിജയത്തിന് ആധാരം. എന്നാൽ കഴിഞ്ഞതവണ സിപിഐ എം വിജയിച്ച ദഹാനു സീറ്റ് ഇക്കുറി പാർട്ടിക്ക് നഷ്ടമായി.

ഇരുപത് സീറ്റുകളിലാണ് സിപിഐ(എം) മഹാരാഷ്ട്രയിൽ മത്സരിച്ചത്. അതിൽ ദഹാനിലും കൽവാനിലും ജയിക്കാമെന്നായിരുന്നു പ്രതീക്ഷ. ശക്തമായ ചതുഷ്‌കോണ മത്സരത്തിനിടയിലും ഒരു മണ്ഡലത്തിൽ ജയിക്കാനായത് നേട്ടമായാണ് സിപിഐ(എം) കരുതുന്നത്. ഈ മേഖലകളിൽ വലിയ പ്രചരണവും സിപിഐ(എം) നടത്തിയിരുന്നു. റാലികളിലും മറ്റും വലിയ ജനപങ്കാളിത്തവും ഉണ്ടായി.