തിരുവനന്തപുരം: സിപിഐ എം പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ ഡിസിസി പ്രസിഡന്റ് ഗൂഢാലോചന നടത്തിയെന്ന് പ്രതികളിലൊരാൾ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിട്ടും മാദ്ധ്യമങ്ങളിൽ വാർത്തയാകാത്തതിനെതിരെ സോഷ്യൽ മീഡിയയിൽ സിപിഐ(എം) അനുഭാവികളുടെ പ്രതിഷേധം.

രണ്ടു വർഷംമുമ്പ് തിരുവോണനാളിൽ കാസർകോട് ജില്ലയിലെ ഉദുമയിൽ സിപിഐ എം പ്രവർത്തകൻ ബാലകൃഷ്ണനെ കൊന്നകേസിലെ ഏഴാം പ്രതി ഷിബു കടവങ്ങാനമാണ് കാസർകോട് ഡിസിസി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പരസ്യമായി പറഞ്ഞത്. സംഭവം നടന്ന് രണ്ടു വർഷമായിട്ടും ഷിബുവിനെ പൊലീസ് അറസ്റ്റുചെയ്തില്ല. കേരളത്തിലെ മാദ്ധ്യമങ്ങൾ ഇത് വാർത്തയാക്കിയുമില്ലെന്നാണ് സിപിഎമ്മുകാർ പറയുന്നത്.

നാട്ടിൽ വിലസിയിട്ടും പ്രതി ഒളിവിലാണെന്നാണ് പൊലീസ് ഇതുവരെ പറഞ്ഞത്. പ്രതി വാർത്താസമ്മേളനം നടത്തുന്ന വിവരമറിയിച്ചിട്ടും പിടികൂടാൻ തയ്യാറായില്ല. ഒടുവിൽ ഏതാനും ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിയെ തടഞ്ഞപ്പോൾ മാത്രമാണ് അറസ്റ്റുരേഖപ്പെടുത്തിയത്.സി കെ ശ്രീധരൻ ഉപദേശിച്ച പ്രകാരമാണ് താൻ ഒളിവിൽ പോയതെന്നും കൊലപാതകത്തെക്കുറിച്ച് ശ്രീധരന് വ്യക്തമായ അറിവുണ്ടായിരുന്നെന്നുമാണ് ഷിബു വെളിപ്പെടുത്തിയത്. എന്നിട്ടും ഡിസിസി പ്രസിഡന്റിനും ഗൂഢാലോചനയിൽ പങ്കെടുത്ത മറ്റ് നേതാക്കൾക്കെതിരെയും കേസില്ല. ദൃശ്യമാദ്ധ്യമങ്ങൾ ചർച്ചയാക്കിയതുമില്ല. കേസിലെ പ്രതി സിപിഐ(എം) നേതാവായിരുന്നുവെങ്കിൽ എന്താണ് അവസ്ഥയെന്നാണ് സിപിഎമ്മുകാർ സോഷ്യൽ മീഡിയിൽ ഉയർത്തുന്ന ചോദ്യം.

രണ്ടുവർഷം മുമ്പ് തിരുവോണദിവസം ഉദുമയിൽ സിപിഐ എം പ്രവർത്തകൻ എം ബി ബാലകൃഷ്ണനെ കോൺഗ്രസുകാർ വെട്ടിക്കൊന്നതിൽ ജില്ലാകോൺഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്നാണ് ഏഴാംപ്രതി ഷിബുകടവങ്ങാനം വെളിപ്പെടുത്തിയത്. ഗൂഢാലോചനയെപ്പറ്റി ഡിസിസി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരനെ മൂൻകൂട്ടി അറിയിച്ചിരുന്നെന്നും ഒളിവിൽ കഴിഞ്ഞിരുന്ന ഷിബു പറഞ്ഞു. ബാലകൃഷ്ണന്റെ രണ്ടാം രക്തസാക്ഷിത്വവാർഷികത്തിലാണ് നാടിനെ ഞെട്ടിച്ച്, യൂത്ത്‌കോൺഗ്രസ് നേതാവുകൂടിയായ ഷിബു വാർത്താസമ്മേളനത്തിൽ ഇക്കാര്യമറിയിച്ചത്. പ്രസ്‌ക്ലബ്ബിൽനിന്ന് പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഷിബുവിനെ ഡിവൈഎഫ്‌ഐ പ്രവർത്തകരെത്തി തടഞ്ഞ് പൊലീസിലേൽപിച്ചു. ഈ വിഷയമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്.

2013 സെപ്റ്റംബർ 16നാണ് ബാലകൃഷ്ണനെ കൊലപ്പെടുത്തിയത്.അച്ഛനെപ്പോലെ കണക്കാക്കുന്ന സി കെ ശ്രീധരൻ ഉപദേശിച്ചതുപ്രകാരമാണ് ഒളിവിൽപോയതെന്നാണ് ഏഴാം പ്രതി പറയുന്നത്. ഉദുമ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ തനിക്ക് അനിശ്ചിതകാലം അവധി അനുവദിച്ചത് ബാങ്ക് പ്രസിഡന്റായ സി കെ ശ്രീധരൻ ഇടപെട്ടാണ്. 90 ദിവസത്തിനകം മുൻകൂർ ജാമ്യം ഏർപ്പാടാക്കാമെന്ന് പറഞ്ഞു. ഡിസിസി ജനറൽസെക്രട്ടറി വി ആർ വിദ്യാസാഗർ, യൂത്ത്‌കോൺഗ്രസ് ഉദുമനിയോജക മണ്ഡലം സെക്രട്ടറി ഹർഷാദ് മാങ്ങാട്, മറ്റൊരു നേതാവ് ശ്രീജയൻ പടിഞ്ഞാർ എന്നിവർ ആറുതവണ രഹസ്യഗൂഢാലോചന നടത്തിയാണ് ബാലകൃഷ്ണനെ വധിച്ചതെന്നും വെളിപ്പെടുത്തി. ഇതൊന്നും മാദ്ധ്യമങ്ങളിൽ ചർച്ചയാകാത്തതാണ് പ്രശ്‌നകാരണം.