- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒന്നിച്ചുനിൽക്കുക അല്ലെങ്കിൽ പുറത്തുപോവുക; ഐഎൻഎല്ലിന് അന്ത്യശാസനം നൽകി സിപിഎം; രണ്ടുവിഭാഗങ്ങളായി മുന്നണിയിൽ തുടരാൻ ആവില്ല; കാസിം ഇരിക്കൂർ-അബ്ദുൾ വഹാബ് പക്ഷങ്ങൾ ഒറ്റ പാർട്ടിയാകണം; സിപിഎം സന്ദേശം കൈമാറിയതോടെ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ
തിരുവനന്തപുരം: മന്ത്രിസ്ഥാനം കിട്ടിയതിന് പിന്നാലെ തുടങ്ങിയ തമ്മിലടി ഐഎൻഎല്ലിനെ പിളർപ്പിൽ എത്തിച്ചിരിക്കുകയാണ്. കാസിം ഇരിക്കൂർ ഒരുഭാഗത്തും, എ പി അബ്ദുൾ വഹാബ് മറുഭാഗത്തുമായി തുടർന്ന പോര് മുന്നണിയിലെ നിലനിൽപ്പ് തന്നെ അനിശ്ചിതത്വത്തിൽ ആക്കിയിരിരക്കുകയാണ്. മുന്നണിയിൽ തുടരണമെങ്കിൽ ഐഎൻഎൽ ഒറ്റ പാർട്ടിയാവണമെന്ന് സിപിഐഎം അന്ത്യശാസനം നൽകി. എകെജി സെന്ററിലെത്തിയ അബ്ദുൾ വഹാബിനെയാണ് നേതൃത്വം ഇക്കാര്യം അറിയിച്ചത്. രണ്ട് വിഭാഗങ്ങളായി തുടരുന്നത് മുന്നണിയിൽ തടസ്സമുണ്ടാക്കും. അതിനാൽ എത്രയും പെട്ടന്ന് പ്രശ്നങ്ങൾ പരിഹരിച്ച് ഒന്നിച്ച് മുന്നോട്ട് പോവണമെന്നാണ് സിപിഐഎം ഐഎൻഎല്ലിനെ അറിയിച്ചത്.
കാസിം ഇരിക്കൂർ വിഭാഗവുമായി ചേർന്നു നിൽക്കുന്ന മന്ത്രി അഹമ്മദ് തേവർകോവിലിന്റെ മധ്യസ്ഥതയിൽ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ നടക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി എപി അബ്ദുൾ വഹാബ് വിഭാഗം മന്ത്രി അഹമ്മദ് ദേവർകോവിലുമായി ചർച്ച നടത്തി. ഒരുമിച്ച് പോകാമെന്ന പ്രതീക്ഷ ചർച്ചയ്ക്ക് ശേഷം ഇരുവിഭാഗവും പങ്കുവെക്കുന്നത്.
അടുത്ത മാസം മൂന്നിന് വഹാബ് പക്ഷം കോഴിക്കോട് വിളിച്ച് ചേർത്ത പ്രവർത്തകസമിതി യോഗത്തോടെ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് സൂചന. യോഗത്തിലേക്ക് അഹമ്മദ് ദേവർ കോവിലിനേയും വഹാബ് പക്ഷം ക്ഷണിച്ചിട്ടുണ്ട്. മന്ത്രി, യോഗത്തിൽ പങ്കെടുത്താൽ മറ്റ് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്നാണ് പ്രതീക്ഷ. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ മന്ത്രി പദം പിൻവലിക്കുമെന്ന സിപിഎമ്മിന്റെ മുന്നറിയിപ്പ് ഇരു വിഭാഗത്തേയും അലട്ടുന്നുണ്ട്.
ഐ.എൻ.എലിലെ പ്രശ്നം പരിഹരിക്കാൻ കാന്തപുരം വിഭാഗവും ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇരുകൂട്ടരുമായും കാന്തപുരം വിഭാഗം ആശയവിനിമയം നടത്തിയിരുന്നു. രണ്ട് വിഭാഗങ്ങളും പ്രശ്നങ്ങൾ പരിഹരിച്ച് ഒരുമിച്ച് പോകണമെന്നാണ് സിപിഐഎം നിലപാട്. അബ്ദുൽ വഹാബ് വിഭാഗം ഇന്നലെ എൽഡിഎഫ് കൺവീനർ എ വിജയരാഘവനേയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനേയും കണ്ടിരുന്നു.
ഒത്തുതീർപ്പിന് മന്ത്രി മുൻകൈ എടുക്കണമെന്നാണ് അബ്ദുൾ വഹാബ് പക്ഷത്തിന്റെ ആവശ്യം. കൂടിക്കാഴ്ചയിൽ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു. എല്ലാവരും ഒരുമിച്ച് പോകണമെന്നാണ് ആഗ്രഹമെന്ന് കൂടിക്കാഴ്ചയക്കുശേഷം മന്ത്രി ദേവർ കോവിൽ പറഞ്ഞു. പാർട്ടിയിലെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് തീർക്കണമെന്ന സി പി എമ്മിന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഒത്തുതീർപ്പിനുള്ള നീക്കങ്ങൾ തുടങ്ങിയത്. ഉച്ചയ്ക്കുശേഷമാണ് അബ്ദുൾ വഹാബ് കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ