കണ്ണൂർ: രാഷ്ട്രീയ കേസുകളിൽ പ്രതികളാകപ്പെടുന്നവർ ദുരൂഹ സാഹചര്യത്തിൽ മരണമടയുന്ന വിഷയം കൂലേരി രതീഷിന്റെ ആത്മഹത്യയോടെ പാർട്ടിക്കുള്ളിൽ ചർച്ചയായ സാഹചര്യത്തിൽ സിപിഎം നിലപാട് വ്യക്തമാക്കുന്നു. സംസ്ഥാനമാകെ തെരഞ്ഞെടുപ്പ് അവലോകനത്തിനായി പാർട്ടി ജനറൽ ബോഡി യോഗങ്ങൾ ചേരുന്നുണ്ടെങ്കിലും കണ്ണൂരിൽ മാത്രം ഇതിനായി പ്രത്യേക സമ്മേളനങ്ങൾ വിളിച്ചു ചേർക്കും. മാധ്യമങ്ങളിൽ വരുന്ന നുണക്കഥകളുടെ യഥാർത്ഥ സത്യം മറ്റൊന്നാണെന്ന് ബോധ്യപ്പെടുത്താനാണ് ജനറൽ ബോഡി യോഗങ്ങൾ വിളിക്കുന്നത്.

ഇതിനിടെ പെരിങ്ങത്തൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം പ്രാദേശികമായി സംഭവിച്ചു പോയതാണെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. എങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് നടന്ന അക്രമത്തിൽ പ്രതികളായ പാർട്ടി പ്രവർത്തകരെ തള്ളി പറയാനും ഇതുവരെ സിപിഎം നേതൃത്വം തയ്യാറായിട്ടില്ല ഇതിനിടെ ഒളിവിൽ കഴിഞ്ഞ പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തത് സി.പി. .എമ്മിനേറ്റ ഇരുട്ടടിയായിട്ടുണ്ട്. കൂലേരി രതീഷിന്റെ മരണത്തിൽ ഇപ്പോൾ വീണ്ടും ആരോപണങ്ങൾ ഉയരുകയാണ്.

പാർട്ടി പറയുന്നതാണ് ശരിയെന്ന് അണികളെ വിശ്വസിപ്പിക്കാനാണ് ശ്രമം. കൂലേരി സന്തോഷിനെ കൊന്നത് പാർട്ടിയാണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ ആരോപിച്ചിരുന്നു. പാർട്ടി നേതാവ് സഹായിക്കില്ലെന്ന സംശയം തോന്നിയ സന്തോഷ് ഒരു നേതാവിനെ ചോദ്യം ചെയ്തു. ഇതിന്റെ പ്രതികാരമാണ് കൊലയെന്നാണ് സുധാകരന്റെ ആരോപണം. എന്നാൽ ഇത് നുണയാണെന്നും പാർട്ടിയെ തകർക്കാനാണ് സുധാകരന്റെ ശ്രമമെന്നും സിപിഎം പറയുന്നു. ഇത്തരം കഥകളിൽ അണികൾ വീഴുന്നില്ലെന്ന് ഉറപ്പിക്കാനുള്ള പ്രതിരോധം തീർക്കാനാണ് പ്രത്യേക സമ്മേളനം. സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ തന്നെ യോഗത്തിൽ പങ്കെടുക്കും.

തന്റെ മകന്റെ ആത്മഹത്യക്ക് ഉത്തരവാദി മുസ്ലിം ലീഗ് ആണെന്ന ആരോപണവുമായി മൻസൂർ വധക്കേസ് പ്രതി രതീഷിന്റെ അമ്മ വിശദീകരിച്ചിരുന്നു. ലീഗ് ഗൂഢാലോചന നടത്തിയാണ് മകനെ പ്രതിചേർത്തത്. കളവായി പ്രതി ചേർത്തതിനെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് മകൻ ആത്മഹത്യ ചെയ്തത്. ഇതിന് കാരണക്കാരായ ലീഗ് പ്രവർത്തകർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് രതീഷിന്റെ അമ്മ പത്മിനി കൂലോത്ത് ഡി.ജി.പിക്ക് പരാതി നൽകി. തിരഞ്ഞെടുപ്പ് ദിവസം ലീഗുകാർ മർദ്ദിച്ചതായി രതീഷ് പറഞ്ഞിരുന്നു. കേസിൽ പ്രതി ചേർത്തതിൽ മകൻ ആകെ പ്രയാസത്തിലായിരുന്നു. കളവായി കൊലക്കേസിൽ പ്രതിയാക്കിയാൽ അവൻ മാനസിക സംഘർഷത്തിനകപ്പെട്ട് ആത്മഹത്യ ചെയ്യും എന്ന് അറിയുന്ന പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകർ ഗൂഢാലോചന നടത്തി പ്രതിചേർക്കുകയായിരുന്നു. ഇതിനുപിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രതീഷിന്റെ അമ്മ നൽകിയ പരാതിയിൽ പറയുന്നു.

മൻസൂർ വധക്കേസിലെ രണ്ടാംപ്രതി രതീഷ് ആത്മഹത്യ ചെയ്തതുതന്നെയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ വിശദീകരിച്ചിരുന്നു. അന്യായമായി കൊലക്കേസിൽ പ്രതിചേർത്തതിൽ മനംനൊന്താണ് രതീഷ് ആത്മഹത്യ ചെയ്തത്. മരണത്തിന് മുമ്പ് ലീഗ് പ്രവർത്തകർ രതീഷിനെ മർദ്ദിച്ചിരുന്നു. രതീഷിന്റെ ആത്മഹത്യയ്ക്ക് കാരണക്കാർ ലീഗാണെന്നും ജയരാജൻ ആരോപിച്ചു. ഇക്കാര്യമെല്ലാം കണ്ണൂരിലെ പാർട്ടി യോഗങ്ങളിലും വിശദീകരിക്കും. പാർട്ടിയെ അണികൾ ആരും സംശയിക്കുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇത്.

രതീഷിന്റെ മൃതദേഹത്തിൽ അന്തരിക ഭാഗങ്ങൾക്ക് ക്ഷതമേറ്റിട്ടിട്ടുണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. എന്നാൽ കെ.സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടിയെന്നോണം ആന്തൂർ ദാസന്റെ കൊലപാതകം രാഷ്ട്രീയമായിരുന്നില്ലെന്ന് സിപിഎം തിരിച്ചടിക്കുന്നു. അതു നാട്ടുകാർക്കെല്ലാമറിയാമായിരുന്നുവെന്നും ആ വിഷയത്തിൽ ഒട്ടേറെ ദുരൂഹതയുണ്ടായിരുന്നുവെന്നും നേതാക്കൾ ആരോപിക്കുന്നു. 1996 ഒക്ടോബർ 2നാണ് ദാസൻ കൊല്ലപ്പെട്ടത്. എ.കെ ആന്റണിയായിരുന്നു കേരളം ഭരിച്ചത്.

പ്രതിപ്പട്ടികയിൽ ഉൾപ്പെടാതിരുന്ന രണ്ട് സിപിഎം പ്രവർത്തകർ പിന്നീട് ആത്മഹത്യ ചെയ്തതായി വാർത്തയുണ്ടായിരുന്നു. എന്നാൽ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. തളിപറമ്പ് കൂവേരിയിലെ കോൺഗ്രസ് പ്രവർത്തകൻ നെട്ടൂർ ഗോവിന്ദൻ കൊല്ലപ്പെട്ട കേസിലെ പ്രതി സദാനന്ദൻ ശിക്ഷാകാലാവധി കഴിഞ്ഞ് ആത്മഹത്യ ചെയ്തതും വിവാദമായിരുന്നു. അരിയിൽ ഷുക്കൂർ വധക്കേസിലെ ഇരുപതാം പ്രതി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മാനസിക വിഭ്രാന്തിക്ക് ചികിത്സ തേടിയപ്പോൾ ജീവനൊടുക്കിയത് അന്ന് വലിയ വാർത്തയായിരുന്നു. സംഭവ സ്ഥലത്ത് തടിച്ച് കൂടിയവരിൽ ഒരാൾ മാത്രമായ യുവാവാണ് പിന്നീട് പ്രതിപട്ടികയിൽ ചേർക്കപ്പെട്ടത്.

പി.എസ്.സി റാങ്ക് ലിസ്റ്റിൽ പേരുണ്ടായിരുന്ന യുവാവ് പിന്നീട് ആകെ തകരുകയും മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മനോരോഗ വിദഗ്ദ്ധന്റെടുത്ത് ചികിത്സ തേടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരനും കൂട്ടുകാരും പുറത്ത് ഭക്ഷണം വാങ്ങാൻ പോയ സമയത്താണ് ഇയാൾ മുറിയിലെ ഫാനിൽ കെട്ടിത്തുങ്ങി ആത്മഹത്യ ചെയ്യുന്നത്. പാർട്ടി കോടതി വിചാരണ ചെയ്തു കൊന്ന അരിയിൽ ഷുക്കൂർ വധക്കേസിൽ ഇതിനു സമാനമായി നിരവധിയാളുകളാണ് പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്.

കൊലപാതക രാഷ്ട്രീയം ഒരു കാരണവശാലും സ്വീകരിക്കരുതെന്ന് കഴിഞ്ഞ പാർട്ടി കോൺഗ്രസും സംസ്ഥാന പ്‌ളീനവും നിർദ്ദേശിച്ചിരുന്നു. ഏറെക്കാലത്ത് ഈ തീരുമാനം നടപ്പിലാക്കാൻ കഴിഞ്ഞുവെങ്കിൽ ഇപ്പോൾ വീണ്ടും കണ്ണൂരിൽ ഉൾപെടെ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നത് സിപിഎം നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.