തിരുവനന്തപുരം:സ്വാശ്രയ മെഡിക്കൽ പ്രവേശന നടപടികളിലെ പിടിപ്പുകേടുമൂലം വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും കണ്ണീർ വീണ കാഴ്ച ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തിയ സി.പി.എം സംസ്ഥാന കമ്മിറ്റി റിപ്പോർ്ട്ടിൽ മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവർത്തനക്ഷമതയെ കുറിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. മന്ത്രി കെ.കെ.ഷൈലജയുടെ ഓഫീസിനെതിരെയും രൂക്ഷ വിമർശനമാണുയർന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം ശരിയാക്കാൻ പാർട്ടി ഇടപെട്ടത്. 

കണ്ണൂരിൽ നിന്നുള്ള സി.പി.എം നേതാവ് പി.സന്തോഷിനെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പാർട്ടി നിയോഗിച്ചത് ഈ പശ്ചാത്തലത്തിലാണ്.സാമൂഹികനീതി വകുപ്പ് അഡീഷനൽ ഡയറക്ടറായിരുന്ന പി.കെ.സുധീർബാബുവായിരുന്നു മന്ത്രി ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറി. ഐഎഎസ് സാധ്യതാപ്പട്ടികയിലുള്ള അദ്ദേഹത്തിന് അതു ലഭിക്കാനിടയുള്ളതു കൂടി കണക്കിലെടുത്താണു പുതിയ നിയമനമെന്നാണ് ഓഫിസിൽ നിന്നുള്ള വിശദീകരണം. രാഷ്ട്രീയ പരിചയമുള്ളവർ മന്ത്രിമാരുടെ ഓഫിസിലെ താക്കോൽ സ്ഥാനങ്ങളിലുണ്ടാകണമെന്ന സി.പി.എം തീരുമാനമാണ് ഒടുവിൽ നടപ്പാക്കിയിരിക്കുന്നത്.

സി.പി.എം കണ്ണൂർ ജില്ലാകമ്മിറ്റി അംഗമായ സന്തോഷ് ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കണ്ണൂരിൽ നിന്നു തന്നെയുള്ള സംസ്ഥാന കമ്മിറ്റി അംഗം എം വിജയരാജൻ വന്നത് ഓഫിസ് കാര്യക്ഷമമാക്കാൻ സഹായിച്ചുവെന്നാണു നിഗമനം.

മന്ത്രി ജി.സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായും സി.പി.എം നേതാവിനെ നിയോഗിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരം വഞ്ചിയൂർ ഏരിയാകമ്മിറ്റി അംഗം കല്ലറ മധുവിനെ നിയമിച്ചു കഴിഞ്ഞദിവസം ഉത്തരവായി. കെഎസ്ഇബിയിൽ ഉദ്യോഗസ്ഥനായ ബി.പ്രദീപിനു പകരമാണിത്.