ഭുവനേശ്വർ: ഇത്തവണ ഞെട്ടിയത് സിപിഐ(എം) അംഗമാണ്. ബിജെപിയിലേക്ക് സ്വാഗതം, അഭിനന്ദനങ്ങൾ എന്ന് ഫോണിൽ റെക്കോർഡു ചെയ്ത സന്ദേശം കേട്ട് ഞെട്ടിയത് ഒഡിഷയിലെ മുതിർന്ന സിപിഐ(എം) നേതാവ് ജനാർദൻ പതിയാണ്. പാർട്ടി കോൺഗ്രസ് അടുത്തിരിക്കെ തനിക്ക് എങ്ങനെയാണ് ഇത്തരമൊരു കോൾ വന്നത് എന്നറിയാതെ ഉഴലുകയാണ് ജനാർദൻ പതി.

അംഗത്വ ക്യാമ്പയിന്റെ പേരിൽ ഏറെ വിമർശനങ്ങളാണ് ബിജെപിക്കു കേൾക്കേണ്ടി വന്നത്. അതിനു പിന്നാലെയാണ് പുതിയ സംഭവവും. ഇങ്ങോട്ട് വന്ന കോളിലൂടെ ബിജെപിയുടെ പ്രാഥമികാംഗത്വം ലഭിച്ച് ഞെട്ടിയിരിക്കുകയാണ് ജനാർദൻ പതി.

ഒരു ടോൾ ഫ്രീ നമ്പറിലേക്ക് മിസ്ഡ് കോൾ അടിക്കുന്നതിലൂടെ അംഗത്വം നൽകുന്ന ക്യാമ്പെയിനാണ് ബിജെപി നടപ്പിലാക്കിയിരുന്നത്. ഈ ക്യാമ്പെയിനിലൂടെ ലോകത്തെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പാർട്ടിയായി ബിജെപി മാറിയിരുന്നു. ഈ ക്യാമ്പെയിനാണ് പതിക്ക് വിനയായത്.

പക്ഷേ, ഒരു നമ്പരിലേക്കും താൻ മിസ്ഡ് കോളോ മെസേജോ നൽകിയിട്ടില്ലെന്നു പതി പറഞ്ഞു. മാർച്ച് 22 ന് വൈകിട്ട് തനിക്ക് ലഭിച്ച ഇൻകമിങ് കോൾ എടുക്കുക മാത്രമാണ് ചെയ്തത്. തന്റെ അഡ്രസും വിവരങ്ങളും ചോദിച്ചുകൊണ്ട് 1079741000 എന്ന അംഗത്വ നമ്പറോടു കൂടിയ സന്ദേശം ലഭിച്ചതായും പതി കൂട്ടിച്ചേർത്തു.

അംഗത്വം അടിച്ചേൽപിക്കുകയാണ് ബിജെപി എന്നും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും പതി പറഞ്ഞു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതുമെന്നും പതി മാദ്ധ്യമങ്ങളോടു പറഞ്ഞു. നേരത്തേ ഛത്തിസ്ഗഢിലെ ചില കോൺഗ്രസ് നേതാക്കൾക്കും ഇത്തരത്തിൽ ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള മെസേജുകൾ ലഭിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.