- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദളിതർക്ക് സവർണർ ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കർണാടകത്തിൽ സിപിഎമ്മിന്റെ പോരാട്ടം; സമരക്കാർക്കു നേരെ ഹാസനിൽ പൊലീസിന്റെ കൈയേറ്റം; മുപ്പതോളം പേർ അറസ്റ്റിൽ; ദളിതർക്കെതിരായ വിലക്കു കണ്ടില്ലെന്നു നടിച്ച് ബിജെപി നേതാക്കൾ
മംഗളൂരു: ക്ഷേത്രത്തിൽ കയറിയ ദളിത് സ്ത്രീകൾക്ക് സവർണർ പിഴയിട്ട സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ(എം) നയിച്ച പ്രക്ഷോഭത്തിനു നേർക്ക് പൊലീസിന്റെ അതിക്രമം. സിപിഐ(എം) കർണാടക സംസ്ഥാന സെക്രട്ടറി ജി വി ശ്രീറാം റെഡ്ഡി ഉൾപ്പെടെയുള്ളവർക്കു നേരെയാണ് പൊലീസ് അതിക്രമം നടത്തിയത്. ഹാസൻ ജില്ലയിൽ ഹൊളെനരസിപ്പുർ സിഗരണഹള്ളിയിൽ ക്ഷേത്രത്തിലേക്കു മാർച്ച

മംഗളൂരു: ക്ഷേത്രത്തിൽ കയറിയ ദളിത് സ്ത്രീകൾക്ക് സവർണർ പിഴയിട്ട സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ(എം) നയിച്ച പ്രക്ഷോഭത്തിനു നേർക്ക് പൊലീസിന്റെ അതിക്രമം. സിപിഐ(എം) കർണാടക സംസ്ഥാന സെക്രട്ടറി ജി വി ശ്രീറാം റെഡ്ഡി ഉൾപ്പെടെയുള്ളവർക്കു നേരെയാണ് പൊലീസ് അതിക്രമം നടത്തിയത്.
ഹാസൻ ജില്ലയിൽ ഹൊളെനരസിപ്പുർ സിഗരണഹള്ളിയിൽ ക്ഷേത്രത്തിലേക്കു മാർച്ചു നടത്തിയ സിപിഐ(എം) പ്രവർത്തകർക്കു നേരെയാണു കൈയേറ്റമുണ്ടായത്. മുപ്പതോളം പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.
ദളിതർ ക്ഷേത്രത്തിൽ കയറിയതിനു പിഴയിട്ട ക്ഷേത്ര കമ്മിറ്റി ക്ഷേത്രശുദ്ധീകരണ പൂജയുടെ ചെലവിന് നൽകാനും വിധിച്ചിരുന്നു. പരിഷ്‌കൃതസമൂഹത്തിനാകെ നാണക്കേടുണ്ടാക്കുന്ന ഈ വർണവിവേചനത്തിൽ പ്രതിഷേധിച്ചാണ് സിപിഐ(എം) ഇന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
ജി വി ശ്രീറാം റെഡ്ഡി, മാദ്ധ്യമപ്രവർത്തകൻ വെങ്കടേഷ് മൂർത്തി എന്നിവരുൾപ്പെടെയാണ് അറസ്റ്റിലായത്. അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ സിപിഐ(എം) പ്രകടനം നടത്തി. ബംഗളൂരുവിൽ ടൗൺ ഹാളിനു മുന്നിൽ വൈകിട്ടു നടന്ന സമരത്തിൽ സിപിഐ(എം) നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു.
ഹൊളെനരസിപ്പുർ സിഗരണഹള്ളിയിലെ ശ്രീ ബസവേശ്വര ക്ഷേത്രത്തിൽ പ്രവേശിച്ചതിനാണ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട തായമ്മ, സന്നമ്മ, പത്മമ്മ, തങ്കേമ്മ എന്നിവരോട് പിഴയൊടുക്കാൻ സവർണജാതിയായ വൊക്കലിംഗ സമുദായത്തിൽപ്പെട്ടവർ ആജ്ഞാപിച്ചത്. ഇവർകൂടി അംഗങ്ങളായ ശ്രീ ബസവേശ്വര സ്ത്രീശക്തി സംഘത്തിന്റെ പേരിൽ ക്ഷേത്രത്തിൽ നടത്തിയ പ്രത്യേക പൂജയുടെ ഭാഗമായാണ് ഇവർ ക്ഷേത്രത്തിലെത്തിയത്.
എന്നാൽ, ക്ഷേത്രത്തിലുണ്ടായിരുന്ന വൊക്കലിംഗ സമുദായത്തിലെ പ്രമാണി ദളിതുകളായ നാല് സ്ത്രീകളെ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞു. ദളിതുകൾ ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന് പറഞ്ഞായിരുന്നു പരാക്രമം. ഇതിനെ എതിർത്തപ്പോൾ മർദിക്കാനും തുനിഞ്ഞു.
അടുത്തദിവസം സമുദായ പ്രമാണിമാർ യോഗം ചേർന്ന് ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ആയിരം രൂപ പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു. ക്ഷേത്രം ശുദ്ധീകരിക്കാനായി ഇരുപതിനായിരത്തോളം രൂപ സംഘം നൽകണമെന്നും വിധിച്ചു. ഇവിടെ, ഹരതനഹള്ളിയിൽ പഞ്ചായത്ത് നിർമ്മിച്ച ഓഡിറ്റോറിയം ഉപയോഗിക്കുന്നതിനും താഴ്ന്നജാതിക്കാർക്ക് വിലക്കുണ്ട്. സർക്കാരിന്റെ ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയം ഇപ്പോൾ വൊക്കലിംഗ ഭവനാക്കി മാറ്റിയാണ് ദളിതർക്ക് അന്യമാക്കിയത്.

അതേസമയം, ഹിന്ദുക്കൾക്കെതിരെ എന്തു പ്രശ്‌നമുണ്ടായാലും പ്രതികരിക്കുന്ന ആർഎസ്എസ് - ബിജെപി നേതാക്കളൊന്നും കർണാടകത്തിൽ ദളിതർക്കു നേരെ നടത്തുന്ന ഈ അതിക്രമം കണ്ട മട്ടില്ല. അമ്പലത്തിൽ ദളിത വനിതകൾ പ്രവേശിച്ചതിന്റെ പേരിൽ അവരുടെ മേൽ പിഴ ചുമത്തിയ സവർണ്ണർക്കെതിരെ നടപടി എടുക്കേണ്ടതിനു പകരം ആ തെമ്മാടിത്തരത്തെ ജനാധിപത്യ രീതിയിൽ ചോദ്യം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നുവെന്നു സിപിഐ(എം) നേതാക്കൾ പറയുന്നു. സർക്കാരും ഇത്തരക്കാർക്കു കൂട്ടുനിൽക്കുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്.


