- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരിതകാലത്ത് ഒന്നിച്ചുനിൽക്കണം; വാക്സിൻ ചലഞ്ചിനോടും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളൊടും ചിലർ സ്വീകരിക്കുന്ന നിലപാട് കണ്ടപ്പോൾ ഇത്രയും പറയാൻ തോന്നി; ലീഡർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സിപിഎം നേതാവ്
കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം മുഴുവൻ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഏറ്റവുമധികം ചർച്ചയാകുന്നത് വാക്‌സിന്റെ വിലയാണ്. രാജ്യത്തെ മുഖ്യ വാക്‌സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്‌സിന് മൂന്ന് തരം വില നിശ്ചയിച്ചത് സുപ്രീംകോടതി പോലും പരാമർശവിധേയമാക്കിയിട്ടുണ്ട്. വാക്‌സിൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകില്ലെന്ന കേന്ദ്രസർക്കാർ തീരുമാനവും ഏറെ ചർച്ച ചെയ്യപ്പെട്ടു. ഉയർന്ന വില നൽകി വാക്‌സിൻ വാങ്ങുക എന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് വലിയ ബാധ്യതയാകും ഉണ്ടാക്കുക.
കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയം വന്നതിനു ശേഷമാണ് എന്തു വന്നാലും കേരളത്തിൽ വാക്‌സീൻ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വാർത്താസമ്മേളനത്തിൽ ഉണ്ടായത്. കോവിഡ് പ്രതിരോധ വാക്‌സിൻ സ്വന്തമായി വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വാക്‌സിൻ ചാലഞ്ച് എന്ന പേരിൽ മലയാളികൾ സംഭാവന ചെയ്യാൻ തുടങ്ങി. നിരവധി ആളുകൾ ചെറുതും വലുതുമായ സംഭാവനകൾ നൽകാൻ തുടങ്ങി. സർക്കാരിന്റേതായ യാതൊരു ഔദ്യോഗിക പ്രഖ്യപനവുമില്ലാതെയാണ് സോഷ്യൽ മീഡിയയിൽ വൈറലായ വാക്‌സിൻ ചലഞ്ച് ക്യാംപയ്ൻ ജനങ്ങൾ ഏറ്റെടുത്തത്. സാമൂഹ്യമാധ്യമങ്ങളിലെ സിപിഎം അനുകൂല ഹാൻഡിലുകളിൽ നിന്നും ആരംഭിച്ച ഈ ചലഞ്ച് രാഷ്ട്രീയഭേദമില്ലാതെ ഹിറ്റാകുകയായിരുന്നു. ഇതിനെതിരെ ബിജെപി അനുഭാവികളും നേതാക്കളും രംഗത്ത് വന്നതോടെയാണ് യുഡിഎഫിന്റെ നിലപാട് എന്താണെന്ന് സിപിഎം ചോദിക്കാൻ തുടങ്ങിയത്. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക നിലപാടുകളൊന്നും യുഡിഎഫ് വ്യക്തമാക്കിയിട്ടില്ല.
ഈ ചർച്ച സജീവമായിരിക്കുമ്പോഴാണ് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗവും ആലപ്പുഴ മുൻ ജില്ലാ സെക്രട്ടറിയുമായ സി.ബി ചന്ദ്രബാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്. ലീഡർ കെ. കരുണാകരനൊപ്പം അന്നത്തെ ഡിവൈഎഫ്‌ഐ നേതാക്കൾ നിൽക്കുന്ന പഴയകാല ചിത്രം പങ്കുവച്ചാണ് ചന്ദ്രബാബുവിന്റെ കുറിപ്പ്.
1991 ൽ സംസ്ഥാനത്ത് കനത്ത നാശം വിതച്ച പ്രളയക്കെടുതി കാലത്ത് ജനങ്ങളെ സഹായിക്കാൻ ഡിവൈഎഫ്‌ഐ സംസ്ഥാനത്തു നിന്ന് ഹുണ്ടികപിരിവ് വഴി ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്ന ചടങ്ങിന്റെ ചിത്രമാണിത്. എസ്.ശർമ്മ, കടകംപള്ളി സുരേന്ദ്രൻ, മുത്തു എന്നിവരാണ് ചിത്രത്തിൽ ചന്ദ്രബാബുവിനൊപ്പമുള്ളത്.
കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംഭാവന നൽകാൻ അദ്ദേഹത്തെ കാണാൻ എത്തിയപ്പോഴുള്ള അനുഭവം ഫേസ്‌ബുക്ക് കുറിപ്പിൽ ചന്ദ്രബാബു ഓർമിക്കുന്നു. ഡിവൈഎഫ്‌ഐയുടെ ചരിത്രത്തിൽ ഏറ്റവും ശക്തമായി ഏറ്റുമുട്ടിയ ഭരണാധികാരിയായിരുന്നു കരുണാകരൻ. എന്നാൽ, ദുരിതകാലത്ത് ഒന്നിച്ച് നിൽക്കണമെന്നതാണ് ഡിവൈഎഫ്‌ഐയുടെ നിലപാടെന്നും ചന്ദ്രബാബു കുറിപ്പിൽ പറയുന്നു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ഒരു പഴയ ചിത്രമാണ്.
ഇത്തരം ചിത്രങ്ങൾ ഒന്നും എന്റെ പക്കൽ ഇല്ല. ഡിവൈഎഫ്‌ഐയിൽ പ്രവർത്തിക്കുമ്പോൾ സഹപ്രവർത്തകനായിരുന്ന ഒരു സഖാവ് ഇന്ന് അയച്ചു തന്നതാണ്. 1991 ൽ സംസ്ഥാനത്ത് വലിയ നാശം വിതച്ച പ്രളയകെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുവാൻ ഡിവൈഎഫ്‌ഐ സംസ്ഥാനത്തു നിന്ന് ഹുണ്ടികപിരിവ് വഴി ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്ന ചടങ്ങാണിത്.
സെക്രട്ടറിയറ്റിലെ ഓഫീസിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെയാണ് ഏതാനും ലക്ഷങ്ങൾ വരുന്ന തുക ഏൽപ്പിച്ചത്. എസ്.ശർമ്മ, കടകംപള്ളി സുരേന്ദ്രൻ, മുത്തു എന്നിവരാണ് കൂടെയുള്ളത്. മുഖ്യമന്ത്രിയുടെ മറയിൽ നിൽക്കുന്നത് മന്ത്രിയും യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായിരുന്ന പന്തളം സുധാകരനാണ്.
ഈ കൂടിക്കാഴ്ച എന്നും ഓർമ്മയിൽ നിൽക്കാൻ ചില കാരണങ്ങൾ ഉണ്ട്.
സംഭവദിവസം മുഖ്യമന്ത്രിയെ നേരിൽ കാണുന്നതിന് പേഴ്‌സണൽ സ്റ്റാഫിലെ ഒരു പ്രമുഖൻ വഴി അനുമതി വാങ്ങിയാണ് ചെന്നത്. ഞങ്ങൾ ചെല്ലുമ്പോൾ അനുമതി തന്നയാൾ സ്ഥലത്തില്ല.
മറ്റൊരു പ്രമുഖനെ സമീപിച്ച് കാര്യം ധരിപ്പിച്ചു.
സി.എം. വളരെ തിരക്കിലാണ് ഒരു തരത്തിലും കാണാൻ അനുവദിക്കില്ല എന്നായി അദ്ദേഹം. കുറച്ചു സമയം അവിടെ ചുറ്റിപ്പറ്റി നിന്നിട്ട് മടങ്ങി ഡിവൈഎഫ്‌ഐ ഓഫീസിൽ എത്തി. മൊബൈലൊന്നുമില്ലാത്ത കാലമാണ്. എന്നാൽ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ഒരു ഹോട്ട്ലൈൻ ഫോണുണ്ടെന്ന് എവിടെയോ വായിച്ച ഒരോർമ്മ ശർമ്മയെ ധരിപ്പിച്ചു. നമ്പർ സംഘടിപ്പിച്ച് ലാന്റ് ഫോണിൽ കറക്കി. മറുഭാഗത്ത് മുഖ്യമന്ത്രി ഫോണിൽ വന്നു. സെക്രട്ടറിയറ്റിൽ വന്ന് കാണാൻ കഴിയാതെ മടങ്ങിയ കാര്യം പറഞ്ഞു. ഇപ്പോൾ നിങ്ങൾ എവിടെയാണ് മറുഭാഗത്ത് നിന്നാരാഞ്ഞു. ഡിവൈഎഫ്‌ഐ ഓഫീസിലാണെന്ന് ശർമ്മ പറഞ്ഞു. ഒരു വാഹനം അവിടെ വരും അതിൽ കയറി ഓഫീസിലേക്ക് എത്താൻ നിർദ്ദേശിച്ചു.
ഏതാനും മിനിറ്റിനകം സർക്കാർ ബോർഡുള്ള വണ്ടി വന്നു. രാജകീയമായി വീണ്ടും സെക്രട്ടറിയറ്റിലേക്ക്. നോർത്ത് ബ്ലോക്ക് മുതൽ പൊലീസ് അകമ്പടിയോടെ സി.എമ്മിന്റെ ഓഫീസിലേക്ക്.
ഓഫീസിലും പരിസരത്തുമുള്ളവർ അത്ഭുതത്തോടെ വഴിതരുന്നു.ലേശം ഗമയിൽ തന്നെ അകത്തു കയറി.ഞങ്ങളെ കണ്ടതും ഉഗ്രപ്രതാപിയായ കെ.കരുണാകരൻ എണീറ്റ് നിന്ന് സ്വീകരിച്ചു. സംഭാവനതുകയുടെ ചെക്കും കൂടെയുള്ള കത്തും വായിച്ചു. തുടർന്ന് പറഞ്ഞു, ഡിവൈഎഫ്‌ഐ ഭാരവാഹികൾക്ക് കേരളത്തിലെ മുഖ്യമന്ത്രിയെ കാണുവാൻ മുൻകൂർ അനുമതിയുടെ ആവശ്യം ഇല്ല. കേരളം ഒരു വലിയ പ്രതിസന്ധി തരണം ചെയ്യാൻ ശ്രമിക്കുമ്പോൾ ഗവണ്മെന്റിനൊപ്പം സേവനസന്നദ്ധരായി അണിനിരന്നവരാണ് നിങ്ങൾ. ആ മഹത്വമുള്ളവർക്ക് ഈ വാതിൽ തുറന്ന് എപ്പോൾ വേണമെങ്കിലും കടന്നുവരാം. കൂടെ ഇതു കണ്ട് പഠിക്കുവാൻ പന്തളം സുധാകരനോട് ഒരുപദേശവും.
വാക്‌സിൻ ചലഞ്ചിനോടും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളൊടും ചിലർ സ്വീകരിക്കുന്ന നിലപാട് കണ്ടപ്പോൾ ഇത്രയും പറയാൻ തോന്നിയതാണ്. ഡിവൈഎഫ്‌ഐ അതിന്റെ ചരിത്രത്തിൽ ഏറ്റവും ശക്തമായി ഏറ്റുമുട്ടിയ ഭരണാധികാരിയായിരുന്നു കെ.കരുണാകരൻ. എന്നാൽ ദുരിതകാലത്ത് ഒന്നിച്ച് നിൽക്കണമെന്നതാണ് ഡിവൈഎഫ്‌ഐ നിലപാട്
സി.ബി.ചന്ദ്രബാബു
മറുനാടന് മലയാളി ബ്യൂറോ