തിരുവനന്തപുരം: അബ്ദുൾ ജസീം ഇപ്പോൾ താരമാണ്. ഒറ്റയാത്ര കൊണ്ട് പ്രശസ്തനായി. പെട്ടെന്ന് സിനിമേലെടുത്ത പോലെ. കൂട്ടുകാരുടെ പണിയേറ്റ ക്ഷീണത്തിലാണ് ജസിം.

ഷാർജ വിമാനത്താവളത്തിൽ വെച്ചെടുത്ത ചിത്രമാണ് ജസീമിനെ താരമാക്കിയത്. ഷാർജ ഷെയ്ഖിനും സഖാവ് പിണറായിക്കും അഭിവാദ്യങ്ങളർപ്പിച്ച് സി.പി.എം ചിഹ്നവും വരച്ചു വച്ച ലഗേജിനു പിന്നിൽ കൈകൂപ്പി നിൽക്കുന്ന ജസീമിനെ കണ്ടാൽ ആർക്കും ഒരു നിമിഷം തോന്നിപ്പോകും ആ 149ൽ ഒരാളാണെന്ന് .

ഷാർജയിൽ ചെറിയ കുറ്റങ്ങൾക്ക് തടവിലായിരുന്ന 189 പേരെ സുൽത്താന്റെ നിർദ്ദേശപ്രകാരം സ്വതന്ത്രരാക്കിയത് വ്യാഴാഴ്ചയാണ്. ഇവരിൽ 149 പേരും ഇന്ത്യാക്കാരാണ്. അതിൽ കുറച്ചു പേരെ അന്നു തന്നെ നാട്ടിലേയ്ക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. സുൽത്താൻ ഈ പ്രഖ്യാപനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന മാനിച്ചാണെന്ന പ്രചാരണവും കേരളത്തിൽ നടന്നിരുന്നു. ഈ വിവരങ്ങൾ അറിയാവുന്ന ജസീമിന്റെ കൂട്ടുകാരാണ് പണി ഒപ്പിച്ചത്.

എന്നാൽ അത്തരത്തിൽ പെട്ട ആളല്ല ജസീമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കൂട്ടുകാർ. ജസീം ഷാർജയിൽ ജയിലിൽ ആയിരുന്നില്ല. ദുബായിലെ അൽ ഖൂസിലുള്ള പ്ലാന്റേഴ്സ് എന്ന കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു. പ്രവാസി ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന ജസീമിന് സുഹൃത്തുക്കൾ നൽകിയ യാത്രയയപ്പിലാണ് ഈ ചിത്രമെടുത്തത്. ജസീമിന്റെ സുഹൃത്തുക്കൾ ഒപ്പിച്ച തമാശയാണ് കാര്യമായെടുത്തത്.

സ്വാതന്ത്ര്യം നേടിത്തന്ന ഷാർജ സുൽത്താനും കേരള മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യമർപ്പിക്കുന്ന ചിത്രം ഈ തെറ്റിദ്ധരിച്ച് പ്രമുഖരുൾപ്പടെ നിരവധി സി.പി.എം അനുഭാവികൾ പ്രചരിപ്പിച്ചിരുന്നു.

കൂ്ട്ടുകാർ പണി കൊടുത്തത് ജസീമിനാണെങ്കിലും കി്ട്ടിയയത് സി.പി.എം സൈബർസഖാക്കൾക്കാണ് എന്നു പറയാതെ വയ്യ