പാലക്കാട്: ഷൊർണ്ണൂർ എംഎൽഎ പി.കെ ശശി ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ വനിത നേതാവ്. സിപിഎം അന്വേഷണ കമീഷൻ അംഗം ശ്രീമതി ടീച്ചർക്ക് നൽകിയ മൊഴിയിലാണ് പരാതിക്കാരി ഇക്കാര്യം ആവർത്തിച്ചത്. അന്വേഷണ റിപ്പോർട്ട് സംസ്ഥാന കമ്മറ്റിക്ക് ഉടൻ കൈമാറും. ഇതിന് ശേഷം പാർട്ടി നടപടിക്ക് വിധേയനാക്കിയേക്കും എന്നാണ് സൂചന. അതേ സമയം പൊലീസിന് പരാതി കൈമാറാത്തത് പെൺകുട്ടിയുടെ സ്വകാര്യതയെ മാനിച്ചാണെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. യുവതി പരാതി പൊലീസിന് കൈമാറിയാൽ എല്ലാ പിന്തുണയും അവർക്ക് നൽകുമെന്നും സൂചനയുണ്ട്.

ഫോൺ വഴിയാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. പരാതിയിൽ ഉറച്ചു നിൽക്കുന്നതായും പി.കെ ശശിക്കെതിരെ സംഘടനാ നടപടി വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടതായാണ് വിവരം. എ.കെ ബാലനാണ് പി.കെ ശശിയുടെ മൊഴി എടുത്തത്. അന്വേഷണ കമീഷൻ റിപ്പോർട്ട് ഉടൻ സിപിഎം സംസ്ഥാന കമ്മറ്റിക്ക് കൈമാറും.ഈ മാസം 25ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ കമ്മീഷൻ അംഗങ്ങൾക്ക് നിർദ്ദേശം നൽകി.

സംഘടനാ പരിപാടികളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും പി.കെ ശശിയോട് വിട്ടുനിൽകാനും സിപിഎം നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ആരോഗ്യ കാരണങ്ങളാൽ ആണ് താൻ പൊതുപരിപാടികളിൽ നിന്ന് വിട്ട് നിൽക്കുന്നതെന്നാണ് സൂചന. മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയാൽ ഉടൻ തന്നെ നടപടിയുണ്ടാകും എന്നാണ് വിവരം. ശശി യുവതിയെ ഫോണിൽ വിളിച്ച് അശ്ലീല സംഭാഷണം നടത്തുന്നതിന്റെ ഓഡിയോ ക്ലിപ്പ് കൂടി ലഭിക്കേണ്ടതുണ്ട്. ഇതിൽ നിന്നും ശശി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ എംഎൽഎ സ്ഥാനം ഉൾപ്പടെ നഷ്ടപ്പെട്ടേക്കും.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ ഏത് ഉന്നതരായാലും നടപടിയുണ്ടാകും എന്ന പാർട്ടിയുടെ പ്രഖ്യാപിത നയത്തിൽ ഒരു ജനപ്രതിനിധി തന്നെ ഇടിവ് വീഴ്‌ത്തിയതിൽ പാർട്ടി നേതൃത്വത്തിനും മുഖ്യമന്ത്രിക്കും കടുത്ത വിയോജിപ്പുണ്ട്. ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനപരാതിയിൽ എംഎ‍ൽഎ പി കെ ശശി കുറ്റക്കാരനെങ്കിൽ നടപടിയുണ്ടാകുമെന്ന് എ കെ ബാലൻ. പാർട്ടി അന്വേഷണത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ല. പാർട്ടി നടപടിയിൽ അതൃപ്തിയുണ്ടെങ്കിൽ പരാതിക്കാരിക്ക് മറ്റു നടപടികൾ സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പികെ ശശിക്കെതിരായ പരാതി പുറത്ത് പറയാതിരിക്കാൻ ഒരുകോടി രൂപയും പാർട്ടിയിൽ ഉന്നത സ്ഥാനവുമാണ് ഡിവൈഎഫ്‌ഐ നേതാവിന് വാഗ്ദാനം ചെയ്തിരുന്നത്. പാർട്ടി ജില്ലാകമ്മിറ്റിക്ക് പരാതി നൽകിയിട്ട് ഒരു നടപചിയുമില്ലാതെ വന്നതോടെയാണ് യുവതി സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയത്. ഈ രണ്ട് വാതിലുകളും തനിക്ക് മുന്നിൽ തുറ്കകാതെ വ്‌നനതോടെ തോവ് സിപിഎം പിബി അംഗം വൃന്ദ കാരാട്ടിന് പരാതി നൽകി. ഇതിലും പ്രതീക്ഷിച്ച നടപടി ഉണ്ടാകാതെ വന്നതോടെയാണ് അവർക്ക് പാർട്ടി ജനറൽ സെക്രട്ടറിക്ക് തന്നെ നേരിട്ട് പരാതി നൽകേണ്ടി വന്നത്. ഇതിനെ തുടർന്നാണ് വാർത്ത പുറത്ത് വന്നതും. തനിക്കെതിരെയുള്ള പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ശശി വാദിക്കുന്നത്.