തൃശ്ശൂർ: 37 വർഷത്തിനുശേഷം തൃശ്ശൂർ ആതിഥ്യമരുളുന്ന നാലുദിവസത്തെ സിപിഎം സംസ്ഥാന സമ്മേളനത്തിന് സമ്മേളനത്തിന് വ്യാഴാഴ്ച കൊടി ഉയരും. 10-ന് റീജണൽ തിയേറ്ററിലെ വി.വി. ദക്ഷിണാമൂർത്തി നഗറിൽ പാർട്ടി സ്ഥാപകനേതാവ് വി എസ്. അച്യുതാനന്ദനാണ് പതാക ഉയർത്തുന്നത്. 10.30-ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 25-ന് ഉച്ചവരെ പ്രതിനിധിസമ്മേളനം തുടരും.

മക്കൾ വിവാദമുണ്ടെങ്കിലും സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരുമെന്നാണ് സൂചന. വി എസ് അച്യുതാനന്ദനെ സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനത്ത് നിന്ന് മാറ്റുമോ എന്ന ചർച്ചയും സജീവമാണ്. എന്നാൽ വിഭാഗീയത പൂർണണമായും ഇല്ലാതായെന്ന സന്ദേശം നൽകാൻ അത്തരം നടപടികളുണ്ടാകില്ലെന്നാണ് സൂചന. ആലപ്പുഴയിലെ കഴിഞ്ഞ സമ്മേളനത്തിൽ പാർട്ടിയെ വെല്ലുവിളിച്ച് വി എസ് സമ്മേളന നഗരിയിൽ നിന്ന് ഇറങ്ങി പോയിരുന്നു. എന്നാൽ വിഎസിന്റെ ജനപ്രിയത കാരണം നടപടിയെടുക്കാൻ നേതൃത്വത്തിന് ആയതുമില്ല. പിന്നീട് വിഎസിനെ മുന്നിൽ നിർത്തി സിപിഎം അധികാരത്തിലെത്തി. പിണറായി മുഖ്യമന്ത്രിയാവുകയും ചെയ്തു. ഈ സാഹചര്യത്തോടെ പ്രശ്‌നങ്ങൾക്ക് വിരമമാവുകയും ചെയ്തു.

നിലവിൽ പിണറായിയുടെ നേതൃത്വത്തെ പരസ്യമായി വി എസ് വിമർശിക്കുന്നില്ല. എന്നാൽ ചില കാര്യങ്ങളിൽ അഭിപ്രായ ഭിന്നതയും ഉണ്ട്. കെ എം മാണിയെ ഇടതുപക്ഷത്ത് എടുക്കുന്നതിനെ വി എസ് എതിർക്കുന്നു. സോളാറിലും ബാർ കോഴയിലും കുടുങ്ങിയ മാണിയെ മഹത്വവൽക്കാരിക്കുന്നതിനെതിരെയാണ് വി എസ് നിലപാട് എടുക്കുന്നത്. അതുകൊണ്ട് തന്നെ ആ വിഷയം സിപിഎം സംസ്ഥാന സമിതിയിൽ ചർച്ചയാകും. മാണിയുടെ കാര്യത്തിൽ എന്ത് തീരുമാനം എടുത്താലും അത് ഇടത് മുന്നണിയുടെ സ്വഭാവത്തെ തന്നെ മാറ്റി മറിക്കും. സിപിഐ മുന്നണി വിടാനും സാധ്യതയുണ്ട്.

പിണറായി സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തൽ, കണ്ണൂരിലെ അക്രമ രാഷ്ട്രീയം, മാണിയുടെ മുന്നണി പ്രവേശനം, സിപിഐയുടെ വിമത ഇടപെടലുകൾ എന്നിവയെല്ലാം സിപിഎം സമ്മേളനം ചർച്ചയാക്കും. മക്കളെ നിയന്ത്രിക്കുന്നതിൽ കോടിയേരി പരാജയമാണെന്ന വിലയിരുത്തലും ഉണ്ടാകും. ഓഖി ദുരിതാശ്വാസത്തിൽ ഉൾപ്പെടെ ഇടത് സർക്കാരിന് പഴി കേൾക്കേണ്ടി വന്നു. മുണ്ടുടുത്ത മോദിയാണ് പിണറായി എന്ന വിലയിരുത്തലുകൾ ഉയരുന്നതും ചില അംഗങ്ങൾ ചർച്ചയാക്കും. പക്ഷേ പിണറായിയെ നേരിട്ട് എതിർക്കുന്ന നിലപാട് ഒരു സംസ്ഥാന സമ്മേളന പ്രതിനിധിയും എടുക്കാനിടയില്ല.

കണ്ണൂരിൽ പാർട്ടിക്കതീതനായി വളർന്ന കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ സിപിഎമ്മിൽ പടയൊരുക്കം സജീവമാണ്. ഷുഹൈബ് കൊലക്കേസ് അന്വേഷണം സിബിഐക്ക് വിടാനുള്ള സിപിഎം സംസ്ഥാന നേതാക്കളുടേയും സംസ്ഥാന സർക്കാരിന്റെയും നീക്കം പി. ജയരാജനെ ലക്ഷ്യമിട്ട്. സംസ്ഥാന സമ്മേളനത്തിന് പിന്നാലെ ജയരാജനെതിരെ പാർട്ടി തലത്തിൽ കൂടുതൽ ശക്തമായ നടപടികൾക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതും സംസ്ഥാന സമ്മേളനം ചർച്ചയാക്കാൻ സാധ്യതയുണ്ട്. എ കെ ബാലൻ, എംഎ ബേബി തുടങ്ങിയവർക്ക് കൂടുതൽ പാർട്ടി ഉത്തരവാദിത്തവും ലഭിച്ചേക്കും. മന്ത്രിസഭാ പുനഃസംഘടനയുടെ സാധ്യതയും സംസ്ഥാന സമ്മേളനത്തിന് ശേഷം ഉണ്ടാകും. ഇതിനുള്ള ചർച്ചകളും നടക്കും. ഇപി ജയരാജൻ വീണ്ടും മന്ത്രിയാകുന്ന കാര്യത്തിലും തീരുമാനം ഉണ്ടായേക്കും.

സംസ്ഥാനത്തെ 577 രക്തസാക്ഷികളുടെ ബലികുടീരങ്ങളിൽനിന്നാരംഭിച്ച ദീപശിഖാപ്രയാണവും വയലാറിൽനിന്നുള്ള കൊടിമരജാഥയും കയ്യൂരിൽനിന്നുള്ള പതാകജാഥയും ബുധനാഴ്ച വൈകുന്നേരത്തോടെ നഗരത്തിലെത്തി. തുടർന്ന് പൊതുസമ്മേളനം നടക്കുന്ന തേക്കിൻകാട് മൈതാനത്തെ കെ.കെ. മാമക്കുട്ടിനഗറിൽ സ്വാഗതസംഘം ചെയർമാൻ ബേബി ജോൺ ചെങ്കൊടി ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ദീപശിഖ തെളിയിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ പിണറായി വിജയൻ പ്രസംഗിച്ചു.

കയ്യൂരിൽനിന്നുള്ള പതാകജാഥയ്ക്കും വയലാറിൽനിന്നുള്ള കൊടിമരജാഥയ്ക്കും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം വി ഗോവിന്ദനും ആനത്തലവട്ടം ആനന്ദനും നേതൃത്വം നൽകി. പാറശ്ശാലയിൽനിന്നുള്ള തെക്കൻ ദീപശിഖാജാഥ വി. ശിവൻകുട്ടിയുടെയും കാസർകോടുനിന്നുള്ള വടക്കൻ ദീപശിഖാജാഥ ടി.വി. രാജേഷ് എംഎ‍ൽഎ.യുടെയും നേതൃത്വത്തിലാണ് തേക്കിൻകാട് മൈതാനത്തെത്തിച്ചത്.