- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bharath
- /
- Tamil Nadu
വിപ്ലവനാട്ടിൽ ചെങ്കൊടി ഇന്നുയരും; ഇനി സിപിഐ(എം) സമ്മേളന നാളുകൾ; പിണറായിയുടെ പിൻഗാമിയെ അറിയാൻ രാഷ്ട്രീയ കേരളം കാത്തിരിപ്പിൽ; വിഎസിന്റെ ഭാവി റോളും വ്യക്തമാകും
ആലപ്പുഴ: 21-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടി ഉയരും. സിപിഐ(എം) സെക്രട്ടറി സ്ഥാനത്ത് നിന്ന് പിണറായി വിജയൻ ഒഴിയുമെന്നതിനാൽ രാഷ്ട്രീയ കേരളം ഏറെ ശ്രദ്ധയോടെയാണ് സമ്മേളനത്തെ വീക്ഷിക്കുന്നത്. സമ്മേളനത്തിന്റെ ഔദ്യോഗിക തുടക്കം പ്രതിനിധി സമ്മേളനത്തോടെ നാളെ തുടങ്ങും. പിണറായി വിജയനൊപ്പം വി എസ് അച
ആലപ്പുഴ: 21-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടി ഉയരും. സിപിഐ(എം) സെക്രട്ടറി സ്ഥാനത്ത് നിന്ന് പിണറായി വിജയൻ ഒഴിയുമെന്നതിനാൽ രാഷ്ട്രീയ കേരളം ഏറെ ശ്രദ്ധയോടെയാണ് സമ്മേളനത്തെ വീക്ഷിക്കുന്നത്. സമ്മേളനത്തിന്റെ ഔദ്യോഗിക തുടക്കം പ്രതിനിധി സമ്മേളനത്തോടെ നാളെ തുടങ്ങും. പിണറായി വിജയനൊപ്പം വി എസ് അച്യുതാനന്ദന്റെ ഭാവി റോളും ആലപ്പുഴ സമ്മേളനത്തോടെ വ്യക്തമാകും.
പിണറായി വിജയന്റെ പിൻഗാമിയായി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയാകുമെന്നാണ് സൂചന. എസ് രാമചന്ദ്രൻ പിള്ള, എംഎ ബേബി എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. സംസ്ഥാന നേതൃത്വത്തിൽ പിണറായി വിജയന് വ്യക്തമായ മുൻതൂക്കമുണ്ട്. അതിനാൽ പിണറായിയുടെ വാക്കുകളാകും നിർണ്ണായകം. അതിനിടെ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ അട്ടിമറികൾക്ക് വിഎസും തയ്യാറെടുക്കുന്നുണ്ട്. എന്നാൽ വിഎസിന്റെ ബദൽ കത്തുപോലും ഈ സമ്മേളനം പരിഗണിക്കില്ലെന്നാണ് പിണറായി ക്യാമ്പ് നൽകുന്ന സൂചന. പ്രതിപക്ഷ നേതാവിനെതിരായ വിചാരണയായി സമ്മേളനത്തെ മാറ്റാനാണ് നീക്കം.
എന്നാൽ തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ മൂലം അതിന് കഴിയാത്ത സ്ഥിതിയുമുണ്ട്. അടുത്ത സെക്രട്ടറിയാരാണെന്ന ചോദ്യത്തിന് ഇന്ന് സമവായമുണ്ടാകുമെന്നാണ് സൂചന. എല്ലാം സമവായത്തിലൂടെ ഏകകണ്ഠമായി നടപ്പാക്കാനാണ് സാധ്യത. സമ്മേളന നടത്തിപ്പിന് ചുക്കാൻ പിടിക്കുന്ന ജി സുധാകരന് സമ്മേളനത്തോടെ സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിൽ കൂടുതൽ പ്രാധാന്യം കൈവരുമെന്നാണ് സൂചന. ഏതായാലും സമ്മേളനത്തിന്റെ കൊടി ഉയരുന്നതിന്റെ ആവേശത്തിലേക്ക് ആലപ്പുഴ മാറിക്കഴിഞ്ഞു. സമ്മേളന പ്രതിനിധികൾ ആലപ്പുഴയിലേക്ക് എത്താൻ തുടങ്ങികഴിഞ്ഞു.
നേതൃമാറ്റത്തിന്റെ ചർച്ചകൾക്കപ്പുറം സമ്മേളനത്തെ പ്രസക്തമാക്കാനാണ് സംഘാടക സമിതിയുടെ നീക്കം. പഴയ സഖാവ് കെആർ ഗൗരിയമ്മ സമ്മേളന വേദിയിൽ എത്തുമോ എന്നതും ശ്രദ്ധേയമാണ്. സിപിഎമ്മിൽ നിന്ന് പുറത്താക്കിയ ശേഷം ജെഎസ്എസുമായി യുഡിഎഫ് ക്യാമ്പിലെത്തിയ ഗൗരിയമ്മ തിരിച്ചുവരവിന്റെ പാതയിലാണ്. പാർട്ടി സമ്മേളനത്തോട് അനുബന്ധിച്ച സെമിനാറിലേക്ക് ഗൗരിയമ്മയെ ക്ഷണിച്ചിട്ടുമുണ്ട്. എന്നാൽ വ്യക്തമായൊന്നും ഗൗരിയമ്മ പറയുന്നില്ല. പാർട്ടിയിലേക്ക് ഉടനില്ലെന്ന് പറയുന്ന നേതാവ് സാധ്യത തള്ളിക്കളയുന്നുമില്ല. സമ്മേളന വേദിയിൽ ഗൗരിയമ്മ എത്തിയാൽ അത് മടങ്ങിവരവിന്റെ സൂചനയാകും.
വിപ്ലവപ്രസ്ഥാനത്തിന്റെ കരുത്തും സമരഭരിതമായ പൈതൃകവും ഏറ്റുവാങ്ങിയ പുന്നപ്ര വയലാറിന്റെ മണ്ണിൽ സിപിഐ എം സംസ്ഥാനസമ്മേളനത്തിന് വ്യാഴാഴ്ച ചെങ്കൊടി ഉയരും. സമ്മേളനത്തിന് തുടക്കംകുറിച്ച് പൊതുസമ്മേളനം നടക്കുന്ന ഇ എം എസ് സ്റ്റേഡിയത്തിലെ സ. പി കെ ചന്ദ്രാനന്ദൻ നഗറിലാണ് ചെങ്കൊടി ഉയരുക. പ്രതിനിധിസമ്മേളനം വെള്ളിയാഴ്ച രാവിലെ കളർകോട് എസ്‌കെ കൺവൻഷൻ സെന്ററിലെ സ. പി കൃഷ്ണപിള്ള നഗറിൽ ആരംഭിക്കും. പൊതുസമ്മേളനവേദിയിൽ ഉയർത്താനുള്ള പതാക കയ്യൂർ രക്തസാക്ഷിമണ്ഡപത്തിൽനിന്ന് കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ നേതൃത്വത്തിൽ എത്തിക്കും.
ബുധനാഴ്ച തൃശൂർ, എറണാകുളം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശനിർഭരമായ സ്വീകരണമാണ് പതാകജാഥയ്ക്കു ലഭിച്ചത്. വൈകിട്ട് വൈറ്റിലയിൽ സമാപിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് ആലപ്പുഴ ജില്ലയുടെ വടക്കേ അതിർത്തിയായ അരൂരിൽനിന്ന് ജില്ലയിലേക്കു കടക്കും. കൊല്ലം ജില്ലയിലെ ശൂരനാട് രക്തസാക്ഷിമണ്ഡപത്തിൽനിന്നുള്ള കൊടിമരജാഥ ബുധനാഴ്ച സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ നയിക്കുന്ന ജാഥ ഓച്ചിറവഴി വ്യാഴാഴ്ച ആലപ്പുഴ ജില്ലയിൽ. വ്യാഴാഴ്ച വൈകിട്ട് പതാക, കൊടിമരജാഥകൾ ആലപ്പുഴ നഗരത്തിൽ സംഗമിച്ച് പൊതുസമ്മേളന നഗറിലേക്ക് നീങ്ങും. തുടർന്ന് സ്വാഗതസംഘം ജനറൽ സെക്രട്ടറി ജി സുധാകരൻ എംഎൽഎ പതാക ഉയർത്തും.
ജില്ലയിലെ 15 ഏരിയകളിൽനിന്ന് വ്യാഴാഴ്ച രാവിലെ പുറപ്പെടുന്ന ദീപശിഖാറാലികൾ 45 രക്തസാക്ഷികുടീരങ്ങൾവഴി വൈകിട്ട് ആലപ്പുഴ വലിയചുടുകാട്ടിൽ എത്തും. പതാകജാഥയും കൊടിമരജാഥയും ഇവിടെയാണ് സംഗമിക്കുന്നത്. തുടർന്ന് പൊതുസമ്മേളന നഗറിലേക്കു നീങ്ങും. പതാക ഉയർത്തൽ ചടങ്ങിനൊപ്പം, പ്രതിനിധി സമ്മേളന നഗറിലേക്കുള്ള ദീപശിഖ കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് എംഎൽഎ കൊളുത്തിനൽകും. പ്രതിനിധിസമ്മേളന നഗറിൽ ഉയർത്താനുള്ള പതാക പുന്നപ്ര രക്തസാക്ഷിമണ്ഡപത്തിൽനിന്ന് കൊണ്ടുവരും. വ്യാഴാഴ്ച പകൽ രണ്ടിന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പതാക ജില്ലാ കമ്മിറ്റിയംഗം ആർ നാസറിനും ദീപശിഖ ഏരിയ സെക്രട്ടറി എച്ച് സലാമിനും കൈമാറും.
വെള്ളിയാഴ്ച രാവിലെ 9.30ന് പ്രതിനിധിസമ്മേളന നഗറിൽ കേന്ദ്രകമ്മിറ്റിയംഗം വി എസ് അച്യുതാനന്ദൻ പതാക ഉയർത്തും. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ദീപശിഖ തെളിക്കും. 10.15ന് ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്യും. തുടർന്ന് പിണറായി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻപിള്ള, സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, എ കെ പത്മനാഭൻ, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. 600 പ്രതിനിധികൾക്കുപുറമെ ക്ഷണിക്കപ്പെട്ട ഇരുനൂറോളംപേരും ഉദ്ഘാടനസമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന് സമാപനംകുറിച്ച് 23ന് ചുവപ്പുസേനാ മാർച്ചും ഒരുലക്ഷം പേരുടെ റാലിയും നടക്കും. ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പൊതുസമ്മേളനം ഉദ്ഘാടനംചെയ്യും.