ആലപ്പുഴ: 21-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഐ(എം) സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ തുടങ്ങി. പാർട്ടി കേന്ദ്രകമ്മറ്റി അംഗവും മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദൻ ഇന്ന് രാവിലെ പതാകയുയർത്തി. പ്രതിനിധി സമ്മേളനത്തിനും തുടക്കമായി. പുന്നപ്ര രക്തസാക്ഷികളെ അനുസ്മരിച്ച് രാവിലെ 10 മണിക്കാണ് പൊതു സമ്മേളനം തുടങ്ങുന്നത്.

വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രമർപ്പിച്ച ശേഷം സിപിഐ എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും പൊളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്രകമ്മിറ്റി അംഗങ്ങളും പ്രതിനിധികളും പ്രതിനിധി സമ്മേളന നഗറായ പി കൃഷ്ണപിള്ള നഗറി(കളർകോട് എസ് കെ കൺവൻഷൻ സെന്റർ)ലെത്തി. പുന്നപ്ര സമരഭൂമിയിൽനിന്നും കൊണ്ടുവന്ന രക്തപതാക കേന്ദ്ര കമ്മിറ്റി അംഗവും മുതിർന്ന അംഗവുമായ വി എസ് അച്യുതാനന്ദൻ പതാക ഉയർത്തി. തുടർന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ദീപശിഖ തെളിയിച്ചു.

പിണറായിയും വിഎസും നേർക്കു നേർ ഏറ്റുമുട്ടുമെന്നതാണ് സമ്മേളനത്തിന്റെ വലിയ പ്രത്യേകത. മൂന്ന് ടേമിലധികം സെക്രട്ടറി സ്ഥാനത്ത് ഇരുന്നതിനാൽ പിണറായി സെക്രട്ടറി സ്ഥാനം ഒഴിയുകയാണ്. അതിനിടെയാണ് വി എസ് കേന്ദ്ര കമ്മറ്റിക്ക് അയച്ച കത്ത് മനോരമയിൽ പ്രസിദ്ധീകരിച്ചത്. ഇതോടെ ഭിന്നത മറനീക്കി പുറത്തുവന്നു. ഈ സാഹചര്യത്തിൽ വിഎസിനെതിരെ കടുത്ത നടപടിക്ക് പിണറായി പക്ഷം തയ്യാറെടുക്കുന്നുവെന്നാണ് സൂചന. അതു തന്നെയാണ് ആലപ്പുഴ സമ്മേളനത്തെ ശ്രദ്ധേയമാക്കുന്നത്.

ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. തുടർന്ന് പിണറായി വിജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻപിള്ള, സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, എ കെ പത്മനാഭൻ, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ജില്ലാ സമ്മേളനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട 600 പ്രതിനിധികൾക്കൊപ്പം 200 വിശിഷ്ട വ്യക്തികളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

റിപ്പോർട്ടിന്മേലുള്ള പൊതുചർച്ചയും, മറുപടിയും, കമ്മിറ്റി തെരഞ്ഞടുപ്പും തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. സമാപന ദിനമായ 23 ന് 25,000 ചുവപ്പു സേനാംഗങ്ങളുടെ പരേഡും, ഒരു ലക്ഷം പേരുടെ പ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്. സമാപന സമ്മേളനത്തിൽ പൊളിറ്റ് ബ്യൂറൊ അംഗങ്ങളടക്കം പ്രമുഖ നേതാക്കൾ പങ്കെടുക്കും.

വ്യാഴാഴ്ച ഇ എം എസ് സ്റ്റേഡിയത്തിലെ പി കെ ചന്ദ്രാനന്ദന്റെ പേരിലുള്ള പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ജനറൽ സെക്രട്ടറി ജി സുധാകരൻ രക്തപതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. ആലപ്പുഴയിൽ വീണ്ടുമെത്തിയ സമ്മേളനത്തിന്റെ ചരിത്രവിജയം വിളംബരം ചെയ്ത പതാക ഉയർത്തൽ ചടങ്ങിൽ സ്വാഗതസംഘം വർക്കിങ് ചെയർമാൻ ഡോ. തോമസ് ഐസക് അധ്യക്ഷനായി.