കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ പര്യടനം നടത്തുന്ന ജനരക്ഷാ യാത്രയ്‌ക്കെതിരെ സി.പി.എം നിയമ നടപടിക്ക്. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ദിവസം പര്യടനം നടത്തുന്നതിനിടെ ജനരക്ഷാ യാത്രയിൽ പ്രകോപന മുദ്രാവാക്യം വിളികളുമായി ബിജെപി പ്രവർത്തകർ അണിനിരന്ന പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് നിയമ നടപടിക്ക് പാർട്ടി ഒരുങ്ങുന്നത്.

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ ഭീഷണിപ്പെടുത്തിക്കൊണ്ടാണ് മുദ്രാവാക്യം വിളികൾ ഉണ്ടായത്. 'ഒറ്റക്കൈയാ ജയരാജാ... ഒറ്റക്കൈയാ ജയരാജാ... മറ്റേക്കയ്യും കാണില്ല...
' എന്ന മുദ്രാവാക്യം വിളിക്കെതിരെയാണ് പാർട്ടി പരാതി നൽകുകയെന്നാണ് അറിയുന്നത്. ഇന്നുതന്നെ ഇതിന്റെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സി.പി.എം വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

പാർട്ടിയുടെ ജില്ലയിലെ പ്രധാന നേതാവിനെ ഇല്ലാതാക്കുമെന്ന നിലയിലാണ് മുദ്രാവാക്യം വിളികൾ ഉയർന്നത്. പാനൂർ, കൂത്തുപറമ്പ് മേഖലകളിൽ ഇത്തരത്തിൽ ജാഥ കൊലവിളി മുദ്രാവാക്യം വിളികളുമായി കടന്നുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവയെല്ലാം ഉദ്ധരിച്ച് തെളിവുകൾ സഹിതം ഇത്തരത്തിൽ ഒരു ജാഥയ്ക്ക് അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെടാനാണ് സിപിഎമ്മിന്റെ തീരുമാനം.

കണ്ണൂരിൽ ജാഥാ പര്യടനത്തിൽ ഉടനീളം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് ബിജെപി പ്രവർത്തകർ ഉയർത്തുന്നതെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകുകയോ അല്ലെങ്കിൽ ജാഥ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയോ ചെയ്യാനാണ് സി.പി.എം നീക്കമെന്നാണ് ലഭിക്കുന്ന വിവരം. പി ജയരാജന് മുമ്പ് ബിജെപിക്കാരുടെ ആക്രമണത്തിലാണ് വലതുകൈ നഷ്ടപ്പെടുന്നത്.

1999 ഓഗസ്റ്റ് 25ന് തിരുവോണ നാളിൽ ആയിരുന്നു ജയരാജന് നേരെ അക്രമം ഉണ്ടായത്. കേസിൽ ആറ് ആർ എസ്എസുകാർക്ക് പിന്നീട് കോടതി ശിക്ഷ വിധിക്കുകയും ചെയ്തു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വടകര ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായ പി ജയരാജൻ തിരുവോണത്തിന് വീട്ടിലെത്തി സദ്യയും കഴിച്ച് വിശ്രമിക്കുമ്പോഴാണ് ബോംബ് സ്‌ഫോടന ശബ്ദം കേട്ടത്. വാതിൽ തുറന്ന് പുറത്തുവരുമ്പോഴേക്കും അയൽവീട്ടുകാരി നിലവിളിച്ചുകൊണ്ട് ഓടിവരുന്നു. വാളും ബോംബും മറ്റു മാരകായുധങ്ങളുമായി വരുന്ന സംഘത്തെ കണ്ടപ്പോൾ വാതിലടയ്ക്കാൻ ശ്രമിച്ചു. അക്രമികൾ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്ന് ജയരാജനെ ആക്രമിക്കുകയായിരുന്നു.

ബിജെപി-യുവമോർച്ചാ നേതാവ് ജയകൃഷ്ണൻ മാസ്റ്റർ കൊല്ലപ്പെട്ടതിന് പിന്നാലെ കണ്ണൂരിൽ നടന്ന അക്രമ പരമ്പരകൾക്കിടെയാണ് ജയരാജനു നേരെയും പാട്യത്തെ വീട്ടിൽ വച്ച് ആക്രമണം ഉണ്ടായത്. വലതുകൈക്ക് ഗുരുതരമായി വെട്ടേൽക്കുകയായിരുന്നു. കൈയുടെ ചലനശേഷി പൂർണമായും നഷ്ടപ്പെടുകയും ചെയ്തു. ഇതിന് ശേഷം ദീർഘകാലം ജയരാജന് പൊലീസ് സംരക്ഷണവും ഉണ്ടായിരുന്നു.

ഇപ്പോൾ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായ ജയരാജന് നേരെ പരസ്യമായ കൊലവിളി ഉയർത്തുകയാണ് ബിജെപിയെന്ന് വ്യക്തമാക്കിയാവും പാർട്ടി നിയമ നടപടിയിലേക്ക് നീങ്ങുന്നത്. സിപിഎമ്മിനെതിരെ പ്രകോപനം സൃഷ്ടിച്ച് കണ്ണൂരിൽ അക്രമാന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി ജാഥയെന്നും ഇതാണ് കുമ്മനത്തിന്റെ നേതൃത്വത്തിലുള്ള ജാഥയുടെ പ്രധാന ഉദ്ദേശ്യമെന്നും കാണിച്ച് നിയമ നടപടിക്ക് നീങ്ങാനാണ് പാർട്ടി തീരുമാനം.

പാർട്ടി ഗ്രാമങ്ങളിലൂടെ ജാഥയുടെ പര്യടനം നിശ്ചയിച്ചതുതന്നെ ഇത്തരത്തിൽ പ്രകോപനം സൃഷ്ടിക്കാനാണെന്നും ചൂണ്ടിക്കാട്ടിയാവും സിപിഎമ്മിന്റെ തുടർ നടപടികൾ. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ഉൾപ്പെടെ കേന്ദ്ര നേതാക്കളെ ഇറക്കി ജില്ലയിൽ കൂടുതൽ പ്രകോപനം സൃഷ്ടിക്കാനും ബിജെപി ശ്രമം നടത്തിയതായും സി.പി.എം ആരോപിക്കുന്നുണ്ട്.