- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ.വി.തോമസിന്റെ മൂക്ക് ചെത്തിക്കളയും എന്ന് ചിലർ പറഞ്ഞു; ഒരു ചുക്കും സംഭവിക്കില്ല എന്ന് ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്നു; നാളെയും വലുതായൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് പിണറായി; ഷാളിനൊപ്പം യേശുവിന്റെ ചിത്രവും നൽകി തോമസ് മാഷിന് പാർട്ടി കോൺഗ്രസ് വേദിയിൽ സ്വീകരണം
കണ്ണൂർ: ഹൈക്കമാൻഡ് വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് കെ.വി.തോമസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മൂക്കു ചെത്തുമെന്ന ഭീഷണി വകവെയ്ക്കാത്ത കെ.വി തോമസിന് ഇനി ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം 23-ാം പാർട്ടി കോൺഗ്രസ് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി
'കെവി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് നേതാവ് എന്ന നിലയിലാണ്. അദ്ദേഹം ഇപ്പോഴും കോൺഗ്രസ് നേതാവായി തുടരുന്നു. സെമിനാറിൽ പങ്കെടുത്താൽ മൂക്കു ചെത്തിക്കളയും എന്നു ചിലർ പറഞ്ഞു. ഇന്ന് ഒന്നും സംഭവിച്ചിട്ടില്ല. നാളേയും ഒന്നും സംഭവിക്കില്ല.' മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
'കോൺഗ്രസ് പാർട്ടിയുടെ പ്രതിനിധി എന്ന നിലയിലാണ് കെ വി തോമസിനെ പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിലേക്ക് ക്ഷണിച്ചത്. അദ്ദേഹം കോൺഗ്രസ് പാർട്ടിയിലെ പ്രമുഖ നേതാവാണ്. അദ്ദേഹം പങ്കെടുത്താൽ ചിലതെല്ലാം സംഭവിക്കുമെന്നാണ് ചിലർ പറഞ്ഞത്. തോമസിന്റെ മൂക്ക് ചെത്തിക്കളയും എന്ന് ചിലർ പറഞ്ഞു. കെ വി തോമസ് പങ്കെടുക്കില്ല എന്നും ചിലർ പ്രഖ്യാപിച്ചു. എന്നാൽ ഒരു ചുക്കും സംഭവിക്കില്ല എന്ന് ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്നു. നാളെയും വലുതായൊന്നും സംഭവിക്കാൻ പോകുന്നില്ല. എങ്കിലും നാളെ കുറിച്ച് ഒരു പ്രവചനം നടത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
പല കോൺഗ്രസ് നേതാക്കളും സെമിനാറിൽ പങ്കെടുക്കാൻ മടി കാണിച്ചപ്പോൾ കെ.വി തോമസ് കാണിച്ചത് ധീരതയെന്ന് സിപിഎം നേതാവ് എം.വി ജയരാജൻ പറഞ്ഞു. സെമിനാറിന്റെ സ്വാഗത പ്രസംഗത്തിലാണ് എംവി ജയരാജന്റെ പരമാർശം. കെ സുധാകരന്റേതു ഊരു വിലക്കാണെന്നും കോൺഗ്രസുകാർ പോലും സുധാകരനെ വെറുക്കുന്നുവെന്നും ജയരാജൻ ആരോപിച്ചു.
ഹൈക്കമൻഡ് വിലക്ക് ലംഘിച്ചാണ് തോമസ് സെമിനാറിൽ പങ്കെടുക്കുന്നത്. ഷാളിനൊപ്പം യേശുവിന്റെ ചിത്രവും നൽകിയാണ് കെ.വി തോമസിനെ പാർട്ടി കോൺഗ്രസ് സെമിനാർ വേദിയിൽ സ്വീകരിച്ചത്. സെമിനാറിലെ മുഖ്യാതിഥിയായ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ചു. കേന്ദ്ര സംസ്ഥാന ബന്ധം എന്ന വിഷയത്തിലാണ് ദേശീയ സെമിനാർ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെമിനാറിൽ അധ്യക്ഷത വഹിച്ചു.
മറുനാടന് മലയാളി ബ്യൂറോ