കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇന്ത്യയിലെ മുഖ്യമന്ത്രിമാരിൽ വേറിട്ട മുഖമാണ് പിണറായി വിജയന്റേതെന്നാണ് എം കെ സ്റ്റാലിൻ പ്രശംസിച്ചത്. സിപിഐ എം 23ാം പാർട്ടി കോൺഗ്രസ് സെമിനാർ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയൻ മതേതരത്വത്തിന്റെ മുഖമാണെന്നും ഈ സെമിനാറിൽ പങ്കെടുക്കുന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലാണ് സ്റ്റാലിൻ ആദ്യം പ്രസംഗിച്ചു തുടങ്ങിയത് കണ്ണൂരിന്റെ ചരിത്രത്തെയും ഇ എം ഇസിനെയും എല്ലാം തന്റെ പ്രസംഗത്തിൽ സ്റ്റാലിൻ പരാമർശിച്ചു

തന്റെ കമ്യൂണിസ്റ്റ് പാർട്ടി ബന്ധത്തെ അടയാളപ്പെടുത്താൻ തന്റെ പേര് തന്നെ ധാരാളമാണെന്ന് എംകെ സ്റ്റാലിൻ പറഞ്ഞു. അതുകൊണ്ട് സിപിഐഎം സമ്മേളനത്തിൽ വന്നത്‌
മുഖ്യമന്ത്രിയായിട്ടോ ഒരു പാർട്ടിയുടെ നേതാവായിട്ടോ അല്ലെന്നും മറിച്ച് നിങ്ങളിലൊരാളായാണെന്ന് സ്റ്റാലിൻ പാർട്ടി കോൺഗ്രസ് സെമിനാർ വേദിയിൽ പറഞ്ഞു.

എംകെ സ്റ്റാലിന്റെ വാക്കുകൾ: 'എല്ലാത്തിനും മേൽ എന്റെ പേര് സ്റ്റാലിൻ. ഇതിനേക്കാളുമധികം എനിക്കും നിങ്ങൾക്കും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്താൻ മറ്റൊരു കാരണം ആവശ്യമില്ല. അതുകൊണ്ട് മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനത്തിൽ ഞാൻ തമിഴനാട് മുഖ്യമന്ത്രിയായിട്ടോ ഒരു പാർട്ടിയുടെ നേതാവായിട്ടോ അല്ല വന്നിരിക്കുന്നത്. മറിച്ച് നിങ്ങളിലൊരാളായാണ്.''

കേരള മുഖ്യമന്ത്രി പിണറായി വിജയൻ മതേതരത്വത്തിന്റെ മുഖമാണെന്നും സ്റ്റാലിൻ പറഞ്ഞു. താൻ വളരെ ആവേശത്തോടെയാണ് പാർട്ടി സെമിനാറിൽ പങ്കെടുക്കുന്നത്. ഇന്ത്യയിലെ വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഭരണത്തിൽ പിണറായി തനിക്ക് വഴികാട്ടിയാണെന്നും സ്റ്റാലിൻ പറഞ്ഞു.

എംകെ സ്റ്റാലിന്റെ വാക്കുകൾ: 'ആദ്യമായി നിങ്ങളുടെ മുഖ്യമന്ത്രി പിണറായി വിജയനെ ഞാൻ അനുമോദിക്കുന്നു. അത് മുഖ്യമന്ത്രിയുടെ കടമകൾ നന്നായി നിർവഹിക്കുന്നതുകൊണ്ട് മാത്രമല്ല. ഇന്ത്യയിലെ മുഖ്യമന്ത്രിമാരിൽ അദ്ദേഹം വേറിട്ട് നിൽക്കുന്നു. സ്റ്റേറ്റ് അവകാശങ്ങൾ, മതേതരത്വം, തുല്യത, സ്ത്രീ അവകാശങ്ങൾ ഇതിന്റെയൊക്കെ മുഖമാണ് സഖാവ് പിണറായി വിജയൻ. ഭരണത്തിൽ പിണറായി വിജയൻ വഴികാട്ടി.

ഈ സെമിനാറിൽ പങ്കെടുക്കേണ്ടത് എന്റെ കടമയാണ്. ഡിഎംഎകെക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അഭേദ്യബന്ധമാണുള്ളത്. ഇന്ത്യൻ വൈവിധ്യത്തെ ഭരണഘടനാ ശിൽപ്പികൾ പോലും അംഗീകരിച്ചതാണ്. ഒന്നു മാത്രം മതിയെന്ന ആശയം രാജ്യത്തെ നശിപ്പിക്കും. നാനാത്വതം അട്ടിമറിച്ച് ഏകത്വം നടപ്പാക്കാൻ ചിലർ ശ്രമിക്കുന്നു. സംസ്ഥാനങ്ങളുടെ സ്വതന്ത്ര നിലനിൽപ്പിന് മുകളിൽ കടന്നു കയറരുത്. കണ്ണൂർ എന്നത് വീര്യത്തിന്റെ വിളനിലം എന്ന് പറയേണ്ട നാടാണ്. ത്യാഗത്തിന്റെ ഭൂമിയാണീ നാട്. കമ്മ്യൂണിസ്റ്റ് നേതാക്കൾ ജീവത്യാഗം ചെയ്ത സ്ഥലമാണ് കണ്ണൂർ.''

ബ്രിട്ടീഷ് നയങളാണ് ബിജെപി നടപ്പാക്കുന്നത്. മതേതരത്വം, ഫെഡറലിസം എന്നിവ ബിജെപി തകർക്കുകയാണ്. സംസ്ഥാനങ്ങളെ ദുർബ്ബലമാക്കാനാണ് കേന്ദ്ര ശ്രമം. ഇതിനെതിരായി ഒറ്റക്കെട്ടായി പോരാടും, സ്റ്റാലിൻ പറഞ്ഞു.