യുഡിഎഫിൽ എന്നൊക്കെ പ്രതിസന്ധിയുണ്ടോ അപ്പോഴെല്ലാം എന്തെങ്കിലും പ്രശ്‌നങ്ങൾ സിപിഎമ്മിനെയും പിടികൂടും. എതിരാളികൾക്കെതിരെ ആഞ്ഞടിക്കാനുള്ള അവസരങ്ങൾ ലഭിക്കുമ്പോൾ പലപ്പോഴും ഒന്നും മിണ്ടാനാകാതെ കാഴ്ച കണ്ടുനിൽക്കേണ്ട അവസ്ഥയും സിപിഎമ്മിന് ഉണ്ടായിട്ടുണ്ട്.

പലപ്പോഴും സ്വന്തം പാർട്ടിയിലേയോ അല്ലെങ്കിൽ സ്വന്തം മുന്നണിയിലേയോ പടലപ്പിണക്കങ്ങളാണ് സിപിഎമ്മിന് വിനയാകുന്നത്. സോളാർ കേസും ബാർ കോഴ ആരോപണവുമൊക്കെ വന്നപ്പോഴൊക്കെ ഭരണകക്ഷിക്കെതിരെ ആഞ്ഞടിക്കാൻ സിപിഎമ്മിന് അവസരമുണ്ടായിരുന്നു. എന്നാൽ, ഈ അവസരങ്ങളെല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സിപിഎമ്മിനു നഷ്ടമാകുകയായിരുന്നു.

ഇപ്പോഴിതാ സിപിഎമ്മിനെ പരിഹാസ്യരാക്കി മറ്റൊരു പ്രചാരണം കൂടി. വിശാഖപട്ടണത്തു നടക്കുന്ന 21-ാം പാർട്ടി കോൺഗ്രസുമായാണ് പുതിയ പ്രചാരണം കൊഴുക്കുന്നത്. പാർട്ടി കോൺഗ്രസിന്റെ ലോഗോയുമായി ബന്ധപ്പെട്ടാണ് പുതിയ പ്രചാരണം. തുറമുഖ നഗരമായ വിശാഖപട്ടണത്തു നടക്കുന്ന പാർട്ടി കോൺഗ്രസിന് കപ്പലിൽ സഖാക്കൾ ചെങ്കൊടിയേന്തി നിൽക്കുന്ന ലോഗോയാണ് സിപിഐ(എം) തയ്യാറാക്കിയത്. ആലപ്പുഴ സ്വദേശിയാണ് ലോഗോ രൂപകൽപ്പനചെയ്തത്.

പ്രതിസന്ധികളാകുന്ന കടൽക്ഷോഭങ്ങളെ ധൈര്യപൂർവം തരണംചെയ്തു മുന്നോട്ടുപോകുന്ന സഖാക്കളെയാണ് ലോഗോയിൽ സിപിഐ(എം) ഉദ്ദേശിച്ചിരിക്കുന്നത്. എന്നാൽ, ഇതിനു നേരെ വിരുദ്ധമായ തരത്തിലാണ് സൈബർ ലോകത്തു നടക്കുന്ന പ്രചാരണം. പ്രതിസന്ധികൾ തരണം ചെയ്യാനാകാതെ മുങ്ങുകയാണ് കപ്പലെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. അടുത്തിടെ പാർട്ടി നേരിട്ട തിരിച്ചടികളാണ് ലോഗോയിൽ പ്രതിഫലിച്ചതെന്നാണ് എതിർപക്ഷത്തിന്റെ വാദം.

അതിനിടെ, സിപിഐ(എം) എന്ന മുങ്ങുന്ന കപ്പലിൽ നിന്നു ബിജെപിയിലേക്കു ചേക്കേറുകയാണ് അണികൾ എന്ന വിശദീകരണവുമായി മറ്റൊരു ചിത്രവും ഫേസ്‌ബുക്കിലും മറ്റും പ്രചരിക്കുന്നുണ്ട്. ചുവന്ന കൊടി ഉയർത്തുന്നത് അപായ സൂചനയാണെന്നും രക്ഷിക്കണേ എന്നു ആർത്തുവിളിക്കുകയാണ് കപ്പലിലെ യാത്രക്കാരുമെന്നാണ് പരിഹാസങ്ങൾ പ്രചരിക്കുന്നത്. വാട്‌സാപ്പിലും വ്യാപക പ്രചാരണമാണ് ലോഗോയുടെ പല വെർഷനുകൾക്കും ലഭിക്കുന്നത്.

അടുത്തവർഷം ഏപ്രിൽ 14 മുതൽ 19 വരെയാണ് സിപിഐ(എം) 21-ാം പാർട്ടി കോൺഗ്രസ്.