ന്യൂഡൽഹി: കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരടു രാഷ്ട്രീയപ്രമേയം തയ്യാറാക്കാനുള്ള യോഗത്തിൽ താരമായത് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി.യെ ചെറുക്കാൻ കൂടുതൽ കരുത്തുറ്റ ഐക്യനിരവേണമെന്ന് സിപിഎം. കേന്ദ്രകമ്മിറ്റിയിൽ ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇതിനെ പിണറായി അംഗീകരിക്കുന്നില്ല. സിപിഎമ്മിലെ ഏറ്റവും വലിയ അധികാര കേന്ദ്രത്തിലുള്ള പിണറായിയുടെ ഇടപെടലിൽ പ്രതിസന്ധിയിലാണ് സിപിഎം കേന്ദ്ര നേതൃത്വം.

ബിജെപി.വിരുദ്ധ ചേരിയിൽ കോൺഗ്രസിനെ ഉൾപ്പെടുത്തുന്നതിനെച്ചൊല്ലി രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് യോഗം സാക്ഷ്യംവഹിച്ചു. ദേശീയ തലത്തിൽ കോൺഗ്രസുമായുള്ള അടുപ്പം സിപിഎമ്മിന് അനിവാര്യതയാണ്. വിശാല ഐക്യത്തിലൂടെ മാത്രമേ ബിജെപിയെ തോൽപ്പിക്കാൻ കഴിയൂ. ഇതിനെയാണ് കേരളത്തിലെ സാഹചര്യം ഉയർത്തി പിണറായി എതിർക്കുന്നത്. ഇത് ബിജെപിക്ക് കൂടുതൽ ശക്തി നൽകുമെന്നാണ് സിപിഎം ബംഗാൾ ഘടകത്തിന്റെ നിലപാട്. ഈ പാർട്ടി കോൺഗ്രസിൽ കേരള ഘടകം വ്യക്തമായ മുൻതൂക്കം നേടുമെന്ന സൂചനകളുണ്ട്. ഇതിനുള്ള തുടക്കമാണ് പിണറായി വിമർശനത്തിലൂടെ തുടങ്ങുന്നത്.

ഹൈദരാബാദ് പാർട്ടി കോൺഗ്രസ് അംഗീകരിച്ച പാർലമെന്ററി അടവുനയത്തിൽ പുനരാലോചന നടത്തേണ്ട രാഷ്ട്രീയസാഹചര്യമില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. ബിജെപി.ക്കെതിരേ വിശാലമായ മതേതര-ജനാധിപത്യ ചേരി എന്നാണ് പാർട്ടി കോൺഗ്രസ് അംഗീകരിച്ച അടവുനയം. അതിനുശേഷം 2019-ൽനടന്ന ലോക്സഭാ തിരഞ്ഞെടുപ്പോടെ ബിജെപി. ഇന്ത്യൻ രാഷ്ട്രീയത്തിൽ കൂടുതൽ ശക്തരായി. രാജ്യത്തെ ഏറ്റവും വലിയ ഭരണവർഗപാർട്ടിയായി ബിജെപി. ശക്തിപ്രാപിച്ചെന്ന രാഷ്ട്രീയയാഥാർഥ്യം കാണാതിരുന്നുകൂടാ. കഴിഞ്ഞ പാർട്ടി കോൺഗ്രസിന്റെ കാലത്തേക്കാൾ അപകടകരമായ സ്ഥിതിവിശേഷത്തിലാണ് രാജ്യം. ഈ സാഹചര്യത്തിൽ പാർലമെന്ററി അടവുനയത്തിലുള്ള പുനഃപരിശോധനയല്ല വേണ്ടതെന്നും യെച്ചൂരി വാദിച്ചു.

പി.ബി. റിപ്പോർട്ടിനു വിരുദ്ധമായി സാധാരണ പി.ബി. അംഗങ്ങൾ സി.സി.യിൽ വാദിക്കാറില്ല. എന്നാൽ, യെച്ചൂരി സംസാരിച്ചശേഷം കോൺഗ്രസിനെ കടന്നാക്രമിക്കുന്ന വാദമുഖങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയിൽ പങ്കെടുത്തു. ബിജെപി.ക്കു ബദലമായി കോൺഗ്രസിനെ ഉയർത്തിക്കാട്ടാൻ കഴിയില്ലെന്ന് പിണറായി പറഞ്ഞു. ബിജെപി.വിരുദ്ധ ചേരിയുടെ നേതൃസ്ഥാനത്ത് കോൺഗ്രസിനെ പ്രതിഷ്ഠിക്കാനാവില്ല. പലപ്പോഴും മൃദുഹിന്ദുത്വസമീപനം സ്വീകരിക്കുന്ന കോൺഗ്രസിനെ ബിജെപി.വിരുദ്ധ ചേരിയിൽ കക്ഷിയായി ചേർക്കാനാവില്ലെന്നും അദ്ദേഹം വാദിച്ചു. ഇത് തീർത്തും അപ്രതീക്ഷിതമായിരുന്നു.

തുടർന്ന് ബിജെപി.ക്കെതിരേയുള്ള സഖ്യത്തിൽ കോൺഗ്രസിനെ കക്ഷിയാക്കുന്നതിനെ ആന്ധ്രാപ്രദേശ്, തെലങ്കാന, ഡൽഹി സംസ്ഥാനങ്ങളിൽനിന്നുള്ളവരും എതിർത്തു. പി.ബി. റിപ്പോർട്ടിനു വിരുദ്ധമായി സി.സി.യിൽ സ്വന്തം വാദമുഖം അവതരിപ്പിച്ച് പിണറായി രംഗത്തെത്തിയത് കോൺഗ്രസിനെച്ചൊല്ലിയുള്ള സമീപനത്തിൽ കാരാട്ട് പക്ഷത്തുതന്നെ ഭിന്നതയുള്ളതിന്റെ തെളിവായി. കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ കേരള ഘടകം കൂടുതൽ പിടിമുറുക്കലിന് ശ്രമിക്കും. ഇതിനുള്ള തുടക്കമാണ് പിണറായിയുടെ വിമർശനങ്ങൾ. ഇത് ബംഗാൾ ഘടകവും തിരിച്ചറിയുന്നു.

അതുകൊണ്ട് തന്നെ കോൺഗ്രസ് വിഷയത്തിൽ കരുതലോടെ അവരും നിലപാട് എടുക്കും. പാർലമെന്ററിസഖ്യത്തിലെ പുനഃപരിശോധനയല്ല, ബിജെപി.യെ ചെറുത്തുതോൽപ്പിക്കാനുള്ള കൂടുതൽ കരുത്തുറ്റ ഐക്യനിരയാണ് രാജ്യത്തു പ്രധാനമെന്ന് തമിഴ്‌നാട്, മഹാരാഷ്ട്ര, ബിഹാർ, ഹരിയാണ, യു.പി. തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവർ വാദിച്ചു. തൊഴിലാളി-കർഷകഐക്യം ഊട്ടിയുറപ്പിച്ച് പാർട്ടിയുടെ വർഗസമീപനത്തിൽ ഊന്നിയുള്ള കൂടുതൽ കരുത്തുറ്റ രാഷ്ട്രീയപ്രതിരോധം വാർത്തെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കേവലം പാർലമെന്ററി സഖ്യത്തിനപ്പുറം ബിജെപി.യെ ചെറുക്കാൻ വർഗപരമായ അടിത്തറ ബലപ്പെടുത്തിയുള്ള രാഷ്ട്രീയസമീപനം വേണമെന്നും വാദമുയർന്നു. സി.സി.യിലെ ചർച്ച ശനിയാഴ്ചയും തുടരും. തർക്കം തുടർന്നാൽ വിഷയം പാർട്ടി കോൺഗ്രസിന്റെ പരിഗണനയ്ക്ക് വിടും.