തിരുവനന്തപുരം: 23ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങളിലേക്ക് സിപിഎം കടന്നു കഴിഞ്ഞു. എല്ലാ ജില്ലാ സമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. പാർട്ടി കോൺഗ്രസ് വേദിയായ കണ്ണൂരിൽ ഇന്നലെ ചിലത് മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു. ഭരണത്തിൽ ഇടപെടരുതെന്നാണ് നിർദ്ദേശം. പൊലീസ് സ്‌റ്റേഷനിൽ പാർട്ടിക്കാർ വിളിക്കരുതെന്നും ആവശ്യപ്പെട്ടു. തദ്ദേശ ഭരണത്തിലും ഇടപെടൽ വേണ്ട. ബംഗാളും ത്രിപുരയും പാഠമാക്കണെന്ന വിമർശനവും പിണറായി ഉയർത്തുന്നു. അങ്ങനെ സർക്കാരിനെ പാർട്ടിയിൽ നിന്നും വ്യത്യസ്തമാക്കാനാണ് പിണറായിയുടെ ലക്ഷ്യമെന്ന് വ്യക്തം.

കണ്ണൂരിൽ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തത് പിണറായി ആയിരുന്നു. ഉദ്ഘാടന സമ്മേളനത്തിന് ശേഷമാണ് പാർട്ടി പ്രവർത്തകർക്ക് ശക്തമായ താക്കീത് മുഖ്യമന്ത്രി നൽകി. മാധ്യമങ്ങൾ സമ്മേളന വേദി വിട്ട ശേഷം വീണ്ടും പിണറായി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. ഭരണ തുടർച്ചയുടെ സാധ്യതയെ സർക്കാരിനെതിരെ ഉപയോഗിക്കരുതെന്ന ആവശ്യമാണ് പിണറായി മുമ്പോട്ട് വയ്ക്കുന്നത്.

3 തവണ സെക്രട്ടറിയായവർ ഒഴിഞ്ഞു കൊടുക്കണമെന്ന വ്യവസ്ഥ പ്രകാരം സിപിഎമ്മിന് പാലക്കാട്, ഇടുക്കി ജില്ലകളിൽ പുതിയ സെക്രട്ടറിമാർ വരും. മറ്റു ജില്ലകളിൽ സമ്മേളനം അനുവദിച്ചാൽ സെക്രട്ടറിമാർക്ക് തുടരാം.വിവാദ പ്രസംഗത്തിന്റെ പേരിൽ എം.എം.മണിയെ നീക്കിയതിനെ തുടർന്ന് 2012 മുതൽ ഇടുക്കി ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുന്ന കെ.കെ.ജയചന്ദ്രൻ മാറും. പാലക്കാട് മൂന്നു ടേം പൂർത്തിയാക്കിയ സി.കെ.രാജേന്ദ്രനും പകരക്കാരൻ വരും.

75 വയസ്സ് പിന്നിട്ടവർ പാർട്ടി ഘടകങ്ങളിൽ നിന്നു മാറുന്നുവെന്നതാണ് ഈ സമ്മേളനങ്ങളുടെ ഇത്തവണത്തെ വലിയ പ്രത്യേകത. 75 എന്ന പ്രായപരിധി സിപിഎം ബാധകമാക്കുന്നത് ജില്ല, സംസ്ഥാന, കേന്ദ്ര കമ്മിറ്റികൾക്കാണ്. താഴെത്തട്ടിൽ അതൊരു നിർദ്ദേശമാണെങ്കിൽ ജില്ല മുതൽ നിയമമാണ്. 75 പിന്നിട്ടവരെ കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന കമ്മിറ്റി ജില്ലാ ഘടകങ്ങളോട് ആവശ്യപ്പെട്ടു. ഇങ്ങനെ മാറുന്നവരിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നവരെ ജില്ലാ കമ്മിറ്റികളോടു ചേർന്നു പ്രത്യേക ഘടകം രൂപീകരിച്ച് ഉൾപ്പെടുത്തും. അങ്ങനെ പുതു നേതൃത്വത്തിന് പാർട്ടിയെ കൈമാറുകയാണ് ഇത്തവണ.

ഒഴിവാക്കുന്നവരെ പോഷകസംഘടനകളിൽ പദവിയിൽ തുടരാൻ അനുവദിക്കും. അവിടെ പ്രായപരിധി ബാധകമാക്കിയിട്ടില്ല.നേരത്തേ 80 ആയിരുന്നു പ്രായപരിധി. സംസ്ഥാന, കേന്ദ്ര കമ്മിറ്റികളിൽ 75 കഴിഞ്ഞവരെ അനിവാര്യ ക്ഷണിതാക്കളായി ഉൾപ്പെടുത്തും. ജില്ലാ കമ്മിറ്റികളിൽ അതുണ്ടാകില്ല. മുഖ്യമന്ത്രി പിണറായി വിജയന് 75 വയസ്സു കഴിഞ്ഞു. അതുകൊണ്ട് തന്നെ പിണറായി മാറുമോ എന്ന ചോദ്യവും പ്രസക്തമായി ഉയരുന്നു. അപ്രതീക്ഷിതമായ പല തീരുമാനങ്ങളും ഈ പാർട്ടി സമ്മേളനത്തിൽ ഉണ്ടാകുമെന്ന് സിപിഎമ്മും പറയുന്നു.

ജില്ലകളിൽ ഒഴിവാക്കപ്പെടുന്നവർക്കു പകരമായി പരമാവധി യുവാക്കളെ പരിഗണിക്കാനാണു നിർദ്ദേശം. 40 വയസ്സിൽ താഴെയുള്ള 2 പേരെ ഉൾപ്പെടുത്തണം. സ്ത്രീകൾക്ക് 10% നീക്കിവയ്ക്കും. ജില്ലാ സെക്രട്ടേറിയറ്റിലും ഓരോ വനിത വരും. സംസ്ഥാന സമ്മേളനത്തിനു ശേഷമേ ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരണമുള്ളൂ. ഇതിന് പിന്നിലും സംസ്ഥാന നേതൃത്വം പിടിമുറുക്കുമെന്നതിന്റെ സൂചനയാണ്. നേതൃത്വത്തിന് താൽപ്പര്യമില്ലാത്ത ആരും ജില്ലാ സെക്രട്ടറിയേറ്റിൽ വരില്ല.

കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനായി ജില്ലാ സമ്മേളന പ്രതിനിധികളുടെ എണ്ണം പരമാവധി 175 ആക്കി. ശരാശരി 150. നേരത്തേ ഇത് 200 ആയിരുന്നു. പൂർണ വിശ്രമത്തിൽ കഴിയുന്ന വി എസ്.അച്യുതാനന്ദന്റെ സാന്നിധ്യമില്ലാത്തതു കൂടിയാണ് ഇത്തവണത്തെ സമ്മേളനങ്ങൾ. പകുതിയിലധികം ജില്ലാ സമ്മേളനങ്ങളിൽ മുഴുവൻ സമയവും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ജനുവരി അവസാനം ആലപ്പുഴ സമ്മേളനത്തോടെയാണു ജില്ലാ സമ്മേളനങ്ങളുടെ പരിസമാപ്തി.