തിരുവനന്തപുരം: പാർട്ടിയെ ശക്തിപ്പെടുത്താൻ സ്ത്രീകളുടേയും യുവാക്കളുടേയും അംഗസംഖ്യ വർധിപ്പിക്കാൻ മാസ്റ്റർ പ്ലാനുമായി സിപിഐ(എം). ഇതിന്റെ ഭാഗമായി കുറേക്കാലമായി ഒരു പ്രവർത്തനവും നടത്താത്ത അംഗങ്ങളെ ഒഴിവാക്കുന്നതുൾപ്പെടെയുള്ള കടുത്ത തീരുമാനമെടുക്കാൻ ഇന്നു ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ തീരുമാനമായി.

ഇതോടൊപ്പം വർഗ ബഹുജന സംഘടനകളെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളും പാർട്ടി കൈക്കൊള്ളുമെന്നും സിപിഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

പാർട്ടി അംഗസംഖ്യയിൽ 30 വയസ്സിൽ താഴെയുള്ളവരുടെ അംഗസംഖ്യ 30 ശതമാനത്തിലെത്തിക്കും. സ്ത്രീകളുടെ അംഗസംഖ്യ അടുത്ത സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും പാർട്ടി അംഗസംഖ്യയുടെ 25 ശതമാനമാക്കും. കണ്ണൂരിലും കാസർകോട്ടും ഇപ്പോഴേ 25 ശതമാനമുണ്ട്. അവിടെ 30 ശതമാനമായി സ്ത്രീ പ്രാതിനിധ്യം ഉയർത്തും. എല്ലാ വർഗ-ബഹുജന സംഘടനകളും ശക്തിപ്പെടുത്താനുള്ള തീരുമാനവും പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ ചർച്ചചെയ്യാനും സംസ്ഥാന സമിതി തീരുമാനം വിശദീകരിക്കാനുമായി വരുന്ന ജനുവരിയിൽ എല്ലാ ജില്ലാ കമ്മിറ്റികളുടേയും രണ്ടുദിവസത്തെ പ്രത്യേക യോഗം നടത്തും

1.27 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലെ സഹകരണ ബാങ്കുകളിൽ ഉള്ളത്. ഇത് കേരളത്തിലെ സഹകരണ മേഖല ആർജിച്ച വിശ്വാസമാണ്. അത് തകർക്കാൻ അനുവദിക്കില്ല. സഹകരണ മേഖലയെ രക്ഷിക്കാൻ സഹകാരികൾ ഒരുമിച്ച് നിൽക്കണം. ഇതിനെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ ചെറുത്തു തോൽപിക്കണം. രാഷ്ട്രീയം പറഞ്ഞ് ഇക്കാര്യവുമായി ബന്ധപ്പെട്ട് ആരെയും മാറ്റിനിർത്താൻ പാർട്ടി ഉദ്ദേശിക്കുന്നില്ല.

നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ എല്ലാ കക്ഷികളെയും ഒരുമിപ്പിച്ച് പ്രക്ഷോഭം നടത്താനുള്ള ശ്രമമുണ്ടാവണം. യോജിച്ച പ്രക്ഷോഭത്തിന് എല്ലാവരും തയ്യാറായില്ലെങ്കിൽ ഒരുമിച്ചു നിൽക്കുന്നവരുമായി ചേർന്ന് സിപിഐ(എം) പ്രക്ഷോഭം നടത്തും. - കോടിയേരി പറഞ്ഞു.

നാലുലക്ഷത്തോളം പാർട്ടി അംഗങ്ങളുണ്ടെങ്കിലും അതിൽ സജീവമായി പ്രവർത്തിക്കുന്നവരുടെ എണ്ണം പകുതിയോളമേ ഉള്ളൂ എന്നതിനാലാണ് നിഷ്‌ക്രിയമായ അംഗങ്ങളുടെ കാര്യത്തിൽ പാർട്ടി പുനഃപരിശോധനയ്ക്ക് തീരുമാനിച്ചിട്ടുള്ളത്.