ന്യൂഡൽഹി: സംഘടനാ വിഷയങ്ങൾ വിശകലനം ചെയ്യാനായി സിപിഐ എം സംഘടിപ്പിക്കുന്ന പ്ലീനം ഡിസംബർ 27 മുതൽ 31 വരെ കൊൽക്കത്തയിൽ നടക്കും. പാർട്ടി സംഘടന വിഷയങ്ങളും സംവിധാനം സംബന്ധിച്ച പ്രമേയവും റിപ്പോർട്ടും പ്ലീനം തയ്യറാക്കുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

436 പ്രതിനിധികൾ അഞ്ച് ദിവസം നീളുന്ന പ്ലീനത്തിന്റെ ചർച്ചകളിൽ പങ്കെടുക്കും. പ്ലീനത്തിൽ ചർച്ച ചെയ്യേണ്ട കരട് റിപ്പോർട്ട് തയ്യാറാക്കാനായി നാല് ദിവസമായി ഡൽഹിയിൽ ചേർന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു യെച്ചൂരി.

പ്ലീനത്തിന്റെ ലോഗയും ഞായറാഴ്ച പുറത്തിറക്കി. സിപിഐ എം പശ്ചിമബംഗാൾ സംസ്ഥാനകമ്മിറ്റിയുടെ നേതൃത്യത്തിൽ പ്ലീനത്തിന്റെ എല്ലാവിധ ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു. 27 ന് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന വമ്പൻ റാലിയോടയാകും തുടങ്ങുക. റാലിയിൽ പത്ത് ലക്ഷം പ്രവർത്തകർ പങ്കെടുക്കും.