കോഴിക്കോട്: സിപിഐ(എം) അടിസ്ഥാന വർഗത്തിൽനിന്ന് അകന്നുപോവുന്നു എന്ന വിമർശനം വരാൻ തുടങ്ങിയിട്ട് കാലങ്ങൾ കുറെയായി. എന്നാൽ അതിൽ ഭാഗികമായി കഴമ്പുണ്ടെന്ന് തെളിയിക്കയാണ് കൊൽക്കൊത്തയിലെ പാർട്ടി പ്‌ളീനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന സിപിഐ(എം) സംഘടനാ റിപ്പോർട്ട്.

ഇന്ത്യയിലെ പാർട്ടി അംഗങ്ങളിൽ 81.3 ശതമാനം അടിസ്ഥാന തൊഴിലാളി വർഗമാണ്. എന്നാൽ, മുഴുവൻ സംസ്ഥാന കമ്മിറ്റികളിൽ ഇവരുടെ പ്രാതിനിധ്യം 38.27ശതമാനം മാത്രം. കേന്ദ്ര കമ്മിറ്റിയിലെ പ്രാതിനിധ്യം 26.47 ശതമാനവും. അംഗത്വത്തിൽ വരുന്ന തൊഴിലാളികളുടെ ആനുപാതിക വർധനവ് എന്തുകൊണ്ട് നേതൃത്വത്തിൽ ഉണ്ടാവുന്നില്ലെന്നാണ് സിപിഐ(എം) സ്വയം വിമർശനപരമായി ചോദിക്കുന്നത്. തൊഴിലാളിവർഗത്തിനിന്ന് കൂടുതൽ പേർ നേതൃത്വത്തിലേക്ക് കടന്നുവരാനുള്ള ഇടപെടൽ വേണമെന്നും സിപിഐ(എം) സംഘടനാ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം മധ്യവർഗത്തിലും മധ്യവർഗ ജീവനക്കാർക്കിടയിലും സിപിഎമ്മിന് വൻ സ്വധീനമുണ്ട്. കേരളത്തിൽ പാർട്ടി വളരുന്നതും ആധുനിക മധ്യവർഗത്തിന്റെ സ്വാധീനംകൊണ്ടാണെന്ന് രേഖ പറയുന്നു. റിപ്പോർട്ടിന്റെ കരട് കഴിഞ്ഞ ദിവസം ചേർന്ന സിപിഐ(എം) സംസ്ഥാനകമ്മറ്റി ചർച്ചചെയ്തിരുന്നു. വിവിധ സംസ്ഥാന കമ്മറ്റികളിലെ ചർച്ചക്കുശേഷം കൊൽക്കൊത്തയിൽ ഈ മാസം അവാസനം നടക്കുന്ന പാർട്ടി പ്‌ളീനത്തിൽ ജനറൽ സെക്രട്ടറി സംഘടനാ റിപ്പോർ അവതരിപ്പിക്കും.

അതേസമയം ദലിത്, ന്യൂനപക്ഷ, സ്ത്രീവിഭാഗങ്ങളിൽ പാർട്ടിയിൽ ഗണ്യമായ പ്രാധിനിത്യക്കുറവ് രേഖപ്പെടുത്തുന്നുണ്ട്. അഖിലേന്ത്യാ തലത്തിൽ നോക്കിയാൽ സിപിഐ(എം) അംഗത്വത്തിൽ ദലിതർ 20.32ശതമാനവും പട്ടികവർഗക്കാർ 7.1 ശതമാനവും ആണ്. അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ മുസ്ലിം പ്രാധിനിത്യം 9.7ശതമാനം മാത്രമാണ്. ക്രൈസ്തവർ 5.6 ശതമാനവും. എന്നാൽ സംസ്ഥാന കമ്മിറ്റിയംഗങ്ങളിൽ 8.47 ശതമാനവും ജില്ലാ കമ്മിറ്റിയംഗങ്ങളിൽ 15.45 ശതമാനവും മാത്രമേ എസ്.സി വിഭാഗക്കാരുള്ളൂ. എസ്.ടി വിഭാഗ പ്രാതിനിധ്യം സംസ്ഥാന കമ്മിറ്റികളിൽ 5.77 ശതമാനവും ജില്ലാ കമ്മിറ്റികളിൽ 6.13 ശതമാനവും മാത്രമാണ്. സംസ്ഥാന കമ്മിറ്റികളിലെ മുസ്ലിംവിഭാഗ പ്രാതിനിധ്യം വെറും 5.77 ശതമാനമാണ്. ജില്ലാകമ്മിറ്റികളിൽ അത് 7.06 ശതമാനവും.

കേരളത്തിൽ ക്രൈസ്തവസഭ, മുസ്ലിംലീഗ്, കേരള കോൺഗ്രസ് എന്നിവയുടെ ശക്തമായ സ്വാധീനം കാരണം ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളിൽ പാർട്ടിയുടെ സാന്നിധ്യം താരതമ്യനേ ദുർബലമാണ്. വലതുപക്ഷശക്തികളുടെ അടിത്തറയായ മധ്യവർഗ, ധനാഢ്യ കർഷകർക്കിടയിലെ സ്വാധീനം തുലോം തുച്ഛമാണ്. പരമ്പരാഗതവ്യവസായതകർച്ചയും തൊഴിലില്ലായ്മയും വളർച്ചക്ക് വിഘാതമാണ്. എന്നാൽ, മധ്യവർഗത്തിനും മധ്യവർഗജീവനക്കാർക്കിടയിലും നല്ല സ്വാധീനമുണ്ട്. അടിസ്ഥാനതൊഴിലാളികൾക്കും ദലിതർക്കുമിടയിൽ പാർട്ടി ശക്തമാണ്. പക്ഷേ ആ ശക്തി നേതൃത്വത്തിലേക്ക് വരണമെന്നും പാർട്ടി വിലയിരുത്തി.

കഴിഞ്ഞ 20 വർഷത്തിനിടെ അഖിലേന്ത്യാതലത്തിൽ വനിതാഅംഗത്വത്തിലെ വർധന10 ശതമാനം മാത്രമാണ്. ആകെ അംഗത്വത്തിൽ 15.6 ശതമാനമാണ് വനിതകൾ. 20 ശതമാനത്തിലധികം വനിതാഅംഗത്വമുള്ളത് അഞ്ച് സംസ്ഥാനങ്ങളിൽ മാത്രമാണ്. കേരളം ഈ പട്ടികയിലില്ല.
11സംസ്ഥാനങ്ങളിലെ സംസ്ഥാന കമ്മിറ്റിയിൽ വനിതാപ്രാതിനിധ്യം 10 ശതമാനത്തിൽ താഴെയും. 31 വയസ്സും അതിന് താഴെയുമുള്ള യുവാക്കളുടെ പ്രാതിനിധ്യം മിക്ക സംസ്ഥാനങ്ങളിലും ദുർബലമാണെന്ന് സിപിഐ(എം) വിലിരുത്തുന്നു.

മധ്യവർഗത്തിന്റെയും ഇടത്തരക്കാരിലെയും സ്വാധീനം നിലനിർത്തിക്കൊണ്ടുതന്നെ ന്യൂനപക്ഷങ്ങളിലേക്ക് കൂടുതൽ കടന്നുകയറാനുള്ള പരിപാടി സിപിഐ(എം) പ്‌ളീനം തീരുമാനിക്കുമെന്നാണ് അറിയുന്നത്.